| Saturday, 2nd May 2026, 10:44 am

പൃഥ്വിയും മോഷണവും, അതൊരൊന്നൊന്നര കോമ്പോയാ... ഐ, നോബഡി ടീസറിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച

അമര്‍നാഥ് എം.

മലയാളത്തിലെ മികച്ച നടന്മാരിലൊരാളാണ് പൃഥ്വിരാജ്. കരിയറിന്റെ തുടക്കത്തില്‍ പല വിമര്‍ശനങ്ങളും കേട്ട താരം പിന്നീട് ഇന്‍ഡസ്ട്രിയില്‍ സ്വന്തമായൊരു സ്ഥാനം നേടിയെടുക്കുകയായിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും തന്റെ സാന്നിധ്യമറിയിച്ച പൃഥ്വി സംവിധാനത്തിലും തന്റെ കയ്യൊപ്പ് ചാര്‍ത്തിയിട്ടുണ്ട്.

താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ഐ, നോബഡിയുടെ ടീസര്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. കെട്ട്യോളാണ് എന്റെ മലാഖ, റോഷാക് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന നോബഡിയില്‍ സിനിമാപ്രേമികള്‍ക്ക് പ്രതീക്ഷകളേറെയാണ്. ഹെയ്സ്റ്റ് ത്രില്ലര്‍ ഴോണറിലൊരുങ്ങുന്ന ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണമാണ്.

ടീസറിന് പിന്നാലെ പൃഥ്വിയുടെ മറ്റ് രണ്ട് ചിത്രങ്ങളും ചര്‍ച്ചയാവുകയാണ്. 2009ല്‍ പുറത്തിറങ്ങിയ റോബിന്‍ഹുഡ്, 2014ല്‍ പുറത്തിറങ്ങിയ സപ്തമശ്രീ തസ്‌കരാഃ എന്നീ ചിത്രങ്ങളാണ് ചര്‍ച്ചയായത്. ഹെയ്സ്റ്റ് ത്രില്ലര്‍ ഴോണറിലാണ് ഈ രണ്ട് ചിത്രങ്ങളും ഒരുങ്ങിയത്. പൃഥ്വിയുടെ കരിയറിലെ മികച്ച സിനിമകളുടെ പട്ടികയില്‍ ഇത് രണ്ടും ഉള്‍പ്പെടുന്നുണ്ട്.

എ.ടി.എം കാര്‍ഡുകള്‍ ഹാക്ക് ചെയ്ത് അതിലൂടെ സാധാരണക്കാരുടെ പണം മോഷ്ടിക്കുന്ന കള്ളനായാണ് റോബിന്‍ഹുഡില്‍ പൃഥ്വി വേഷമിട്ടത്. റോബറിക്ക് അപ്പുറം റിവഞ്ച് ത്രില്ലര്‍ എന്ന നിലയില്‍ കഥപറഞ്ഞ റോബിന്‍ഹുഡ് മികച്ച വിജയം സ്വന്തമാക്കിയിരുന്നു. ചിത്രത്തില്‍ പൃഥ്വിയുടെ ഗെറ്റപ്പും വലിയ രീതിയില്‍ ചര്‍ച്ചയായി. സച്ചി- സേതു കോമ്പോയുടെ തിരക്കഥയും ജോഷിയുടെ മേക്കിങ്ങും ചിത്രത്തെ കൂടുതല്‍ ഗംഭീരമാക്കി.

അനില്‍ രാധാകൃഷ്ണ മേനോന്‍ സംവിധാനം ചെയ്ത് 2014ല്‍ പുറത്തിറങ്ങിയ സപ്തമശ്രീ തസ്‌കരാഃ മലയാളത്തിലെ മികച്ച ഹെയ്സ്റ്റ് ത്രില്ലറുകളിലൊന്നാണ്. ഒരു ലക്ഷ്യത്തിന് വേണ്ടി ഒന്നിക്കുന്ന ഒരുകൂട്ടം അപരിചിതരുടെ കഥയാണ് ചിത്രം പറയുന്നത്. മോഷണമെന്ന തീമിലേക്ക് കോമഡിയും ഉള്‍പ്പെടുത്തിയ ചിത്രം ഓണം വിന്നറായി മാറുകയും ചെയ്തു.

12 വര്‍ഷത്തിന് ശേഷം ഇതേ ഴോണറില്‍ പൃഥ്വിരാജ് വീണ്ടുമെത്തുമ്പോള്‍ പ്രതീക്ഷകളേറെയാണ്. ചിത്രത്തിന് വേണ്ടി ഒരു ബാങ്കിന്റെ സെറ്റ് നിര്‍മിച്ചതും ഇതുവരെ പുറത്തുവിടാത്ത പൃഥ്വിയുടെ സെക്കന്‍ഡ് ലുക്കുമെല്ലാം പ്രതീക്ഷ നല്‍കുന്ന ഘടകങ്ങളാണ്. വാരണാസിയടക്കം വമ്പന്‍ പ്രൊജക്ടുകള്‍ ലൈനപ്പിലുള്ള പൃഥ്വിയുടെ ഈ വര്‍ഷത്തെ ആദ്യ റിലീസ് കൂടിയാണ് ഐ, നോബഡി. ജൂലൈയില്‍ ചിത്രം തിയേറ്ററുകളിലെത്തും.

Content highlight: Prithviraj’s I, Nobody teaser getting appreciations

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more