| Thursday, 15th August 2019, 5:32 pm

'നന്ദി രാജു, ബ്രദര്‍ ലൗ'; ദുരിതബാധിതര്‍ക്ക് ട്രക്ക് നിറയെ സഹായവുമായി പൃഥ്വിരാജ്; നന്ദിപറഞ്ഞ് ഇന്ദ്രജിത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ദുരിതബാധിതര്‍ക്കു സഹായഹസ്തവുമായി ചലച്ചിത്ര താരങ്ങള്‍ കൂടുതല്‍ സജീവമാകുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി നില്‍ക്കുന്ന സഹോദരന്‍ ഇന്ദ്രജിത്തിനും സഹോദരീഭാര്യ പൂര്‍ണ്ണിമയ്ക്കും പിറകേ നടനും സംവിധായകനുമായ പൃഥ്വിരാജും രംഗത്തെത്തിയിരിക്കുകയാണ്.

വയനാട്ടിലേക്ക് ഒരു ട്രക്ക് നിറയെ സാധനങ്ങള്‍ അയക്കാന്‍ പൃഥ്വി തീരുമാനിച്ച കാര്യം ഇന്ദ്രജിത്താണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചത്. വയനാട്ടിലെ തിരുനെല്ലി ഗ്രാമപ്പഞ്ചായത്തിലേക്കാണ് ഈ ട്രക്ക്.

അവിടുത്തെ പഞ്ചായത്ത് പ്രസിഡന്റിന്റെ പേരിലാണ് ട്രക്ക് കൊച്ചിയില്‍ നിന്നു പുറപ്പെടുന്നത്. ‘അന്‍പോടു കൊച്ചി’ എന്ന പോയന്റില്‍ നിന്നുമാണ് ഇതു യാത്ര തിരിക്കുന്നത്.

നന്ദി രാജു എന്നെഴുതിയ പോസ്റ്റിലിട്ട ഹാഷ്ടാഗുകളിലൊന്ന് ‘ബ്രദര്‍ലൗ’ എന്നാണ്. തിരുനെല്ലിയിലേക്കുള്ള 26-ാമത്തെ ട്രക്കാണിതെന്നും ഇന്ദ്രജിത്ത് പോസ്റ്റില്‍ പറയുന്നു.

ഇത്തവണ പ്രളയ ദുരിതാശ്വാസ കളക്ഷന്‍ പോയന്റിലാണ് ഇന്ദ്രജിത്തും പൂര്‍ണ്ണിമയും മക്കളും സ്വാതന്ത്ര്യദിനം ആഘോഷിച്ചത്. ഇന്നു രാത്രി പത്തോടെ ഈ പോയന്റിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കും.

മുഖ്യമന്ത്രിയുടെ ദിരിതാശ്വാസ നിധിയിലേക്ക് ഇന്നലെ മാത്രം 1.24 കോടി രൂപയുടെ 6009 പേരുടെ സംഭാവനയായി എത്തിയിരുന്നു.

എം.കെ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും വ്യവസായ പ്രമുഖനുമായ എം.എ യൂസഫലി ദുരിതാശ്വാസ നിധിയിലേക്ക് 5 കോടി രൂപ വാഗ്ദാനം ചെയ്തു. ഡി.എം.കെ നേരത്തെ അയച്ചതിന് പിന്നാലെ ഇന്നലെ 10 ലോഡ് സാധനങ്ങള്‍ കൂടി അയച്ചു. ഇത് വരെ ഒരു കോടിയുടെ സാധനങ്ങളാണ് ഡി.എം.കെ കേരളത്തിലേക്ക് അയച്ചത്.

മഴക്കെടുതി അനുഭവിക്കുന്ന കേരളത്തിന് 10 ലക്ഷം രൂപ നല്‍കുമെന്ന് എഐഎംഐഎം അദ്ധ്യക്ഷനും എം.പിയുമായ അസദ്ദുദ്ദീന്‍ ഒവൈസി പ്രഖ്യാപിച്ചു. മഹാരാഷ്ട്രയ്ക്കും ഒവൈസി 10 ലക്ഷം രൂപ നല്‍കും.

തിരുവനന്തപുരം ജില്ലയില്‍ നിന്ന് മാത്രം കഴിഞ്ഞ നാല് ദിവസത്തിനിടെ നൂറിലേറെ ലോറികളാണ് ഉത്പ്പന്നങ്ങളുമായി കോഴിക്കോട്ടേക്ക് എത്തിയത്. 45 ലോഡ് സാധനങ്ങളാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മാത്രം അയച്ചത്.

We use cookies to give you the best possible experience. Learn more