മലയാളത്തില്‍ എക്കാലത്തെയും മികച്ച നടന്മാരിലൊരാളാണ് പൃഥ്വിരാജ്. കരിയറിന്റെ തുടക്കത്തില്‍ കേട്ട വിമര്‍ശനങ്ങളില്‍ തളരാതെ കൃത്യമായ പ്ലാനോടുകൂടി മുന്നോട്ടുപോയ പൃഥ്വി ഇന്ന് പാന്‍ ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധ നേടുകയും ചെയ്തു. ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും ഹൈപ്പേറിയ സിനിമയായ വാരണാസിയില്‍ പൃഥ്വിരാജാണ് വില്ലന്‍.
ഒരേസമയം നടനായും താരമായും തിളങ്ങാന്‍ പൃഥ്വിക്ക് സാധിക്കുന്നുണ്ട്. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും പൃഥ്വി തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. തമിഴിലും തെലുങ്കിലും മികച്ച സിനിമകളുടെ ഭാഗമാകുന്ന പൃഥ്വിക്ക് ഹിന്ദിയില്‍ അത്ര രാശിയില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ദായ്‌റയും ബജറ്റ് പോലും തിരിച്ചുകിട്ടാതെ പരാജയമായതോടെയാണ് ഹിന്ദിയിലെ താരത്തിന്റെ ഫിലിമോഗ്രഫി ചര്‍ച്ചയായത്.
പൃഥ്വിരാജ് Photo: Cine Ranker/ Facebook
കരിയറില്‍ പൃഥ്വി ചെയ്ത ഹിന്ദി സിനിമകളൊന്നും നിലം തൊട്ടിട്ടില്ല. 2012ല്‍ പുറത്തിറങ്ങിയ അയ്യായിലൂടെയായിരുന്നു താരത്തിന്റെ ബോളിവുഡ് എന്‍ട്രി. റാണി മുഖര്‍ജി നായികയായ ചിത്രം വന്‍ പരാജയമായി മാറി. ചിത്രത്തിലെ പാട്ട് ഇന്നും ട്രോള്‍ മെറ്റീരിയലാണ്. രണ്ടാമത്തെ ചിത്രമായ ഔറംഗസേബും വിജയം സ്വന്തമാക്കാതെ കളംവിട്ടു.
ബേബി എന്ന സൂപ്പര്‍ഹിറ്റിന്റെ സ്പിന്‍ ഓഫായി ഒരുങ്ങിയ നാം ഷബാനയും പ്രേക്ഷകര്‍ സ്വീകരിക്കാതെ പോയി. വില്ലന്‍ റോളിലായിരുന്നു പൃഥ്വി ഈ ചിത്രത്തില്‍ വേഷമിട്ടത്. ഇതോടെ ബോളിവുഡില്‍ ഹാട്രിക് ഫ്‌ളോപ്പ് പൃഥ്വി സ്വന്തം പേരിലാക്കി. പിന്നീട് കുറച്ചുകാലത്തേക്ക് ബോളിവുഡിന്റെ പരിസരത്തേക്ക് പൃഥ്വി പോയിട്ടില്ല.
പൃഥ്വിരാജ് Photo: Cine Ranker/ Facebook
അക്ഷയ് കുമാറും ടൈഗര്‍ ഷ്‌റോഫും ഒന്നിച്ച ബഡേ മിയാന്‍ ചോട്ടേ മിയാനായിരുന്നു പൃഥ്വിയുടെ അടുത്ത ചിത്രം. ഏഴ് വര്‍ഷത്തിന് ശേഷം ബോളിവുഡിലേക്കുള്ള പൃഥ്വിയുടെ തിരിച്ചുവരവ് പച്ചപിടിച്ചില്ല. വന്‍ ബജറ്റിലൊരുങ്ങിയ ചിത്രം ബോക്‌സ് ഓഫീസ് പരാജയത്തോടൊപ്പം ട്രോള്‍ പേജുകളുടെ ഇരയാവുകയും ചെയ്തു. ഒ.ടി.ടി റിലീസായെത്തിയ സര്‍സമീനിനും മോശം പ്രതികരണമായിരുന്നു ലഭിച്ചത്. ഇപ്പോഴിതാ ദായ്‌റയും ബജറ്റ് പോലും തിരിച്ചുകിട്ടാതെ കളംവിട്ടു.
ഹിന്ദിയില്‍ ചെയ്ത ആറ് സിനിമകളും പരാജയമായെങ്കിലും മറ്റ് ഭാഷകളില്‍ മികച്ച റെക്കോഡാണ് പൃഥ്വിക്കുള്ളത്. തമിഴില്‍ മികച്ച വില്ലനുള്ള സ്റ്റേറ്റ് അവാര്‍ഡടക്കം പൃഥ്വി തന്റെ ഷെല്‍ഫിലെത്തിച്ചിട്ടുണ്ട്. മൊഴി, പാരിജാതം തുടങ്ങിയ മികച്ച സിനിമകളും പൃഥ്വി തമിഴില്‍ ചെയ്തിട്ടുണ്ട്. തെലുങ്കിലും താരം ഭാഗമായിട്ടുള്ള സിനിമകള്‍ ഗംഭീരമാണ്. സലാറില്‍ പ്രഭാസിനൊപ്പം ആദ്യാവസാനം നിറഞ്ഞുനില്‍ക്കുന്ന വേഷമായിരുന്നു പൃഥ്വിയുടേത്. ബോളിവുഡില്‍ മാത്രം കൈപൊള്ളിയ പൃഥ്വി വാരണാസിയിലൂടെ വിമര്‍ശകരുടെ വായടപ്പിക്കുമെന്നാണ് കരുതുന്നത്.
Content Highlight: Prithviraj’s filmography in Hindi discussing in social media