മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിലൊരാളാണ് പൃഥ്വിരാജ്. നടനായും താരമായും ഒരുപോലെ തിളങ്ങുന്ന ചുരുക്കം ആര്‍ട്ടിസ്റ്റുകളിലൊരാളായ പൃഥ്വി ഭാഷാതിര്‍ത്തിയും കടന്ന് തിളങ്ങുന്നുണ്ട്. എന്നാല്‍ സമീപകാലത്തായി സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം സൈബര്‍ അറ്റാക്ക് താരത്തിന് നേരിടേണ്ടി വരുന്നത് വലിയ വാര്‍ത്തയാണ്.
ഏറ്റവുമൊടുവിലായി പൃഥ്വി നായകനായ രണ്ട് സിനിമകള്‍ ബോക്‌സ് ഓഫീസില്‍ പരാജയമായതോടെ താരത്തിനെതിരെ നില്‍ക്കുന്നവര്‍ക്ക് അതും ആയുധമായി മാറി. വിലായത്ത് ബുദ്ധ, ഐ നോബഡി എന്നീ ചിത്രങ്ങള്‍ ബജറ്റ് പോലും തിരിച്ചുകിട്ടാതെയാണ് കളംവിട്ടത്. ഇതോടെ പൃഥ്വിയുടെ സിനിമകളെല്ലാം പരാജയമാണെന്ന് ഇക്കൂട്ടര്‍ പറഞ്ഞുപരത്തുകയാണ്.
എന്നാല്‍ സത്യാവസ്ഥ നോക്കുമ്പോള്‍ കൊവിഡിന് ശേഷം ഏറ്റവുമധികം ഹിറ്റുകളുള്ള നടന്മാരുടെ ലിസ്റ്റില്‍ രണ്ടാമതാണ് പൃഥ്വിരാജ്. ഏഴ് ഹിറ്റുകളുമായി മമ്മൂട്ടി ഒന്നാമത് നില്‍ക്കുമ്പോള്‍ മോഹന്‍ലാലും പൃഥ്വിരാജും അഞ്ച് ഹിറ്റുകള്‍ വീതം നേടിയിട്ടുണ്ട്. ഫഹദ്, ദുല്‍ഖര്‍, നിവിന്‍ എന്നിവര്‍ക്ക് ഇക്കാലയളവില്‍ ഒരു ഹിറ്റ് മാത്രമേയുള്ളൂ.
കൊവിഡ് സമയത്ത് തുടര്‍ച്ചയായി നാല് ചിത്രങ്ങള്‍ ഒ.ടി.ടി റിലീസ് ചെയ്ത പൃഥ്വി പിന്നീട് തിയേറ്റര്‍ റിലീസ് സമയത്തും മികച്ച സിനിമകളുമായി കളംനിറഞ്ഞു. ജന ഗണ മന, കടുവ, ആടുജീവിതം, ഗുരുവായൂരമ്പല നടയില്‍, കാപ്പ എന്നീ ചിത്രങ്ങളാണ് പൃഥ്വിയുടെ ഹിറ്റുകള്‍. ഇതില്‍ ആടുജീവിതം 150 കോടിയും ഗുരുവായൂരമ്പല നടയില്‍ 95 കോടിയും സ്വന്തമാക്കി. സംവിധായക കുപ്പായമണിഞ്ഞ എമ്പുരാന്‍ മലയാളത്തിലെ ചരിത്രവിജയമായതും എടുത്തുപറയേണ്ടതാണ്.
ആടുജീവിതത്തിലെ പ്രകടനത്തിന് സംസ്ഥാന അവാര്‍ഡ് ലഭിച്ചതും ദേശീയ അവാര്‍ഡില്‍ തഴയപ്പെട്ടതും ഇതോടൊപ്പം ചേര്‍ത്തു വായിക്കാം. 2021ല്‍ പുറത്തിറങ്ങിയ തീര്‍പ്പിന് ശേഷം പൃഥ്വി പരാജയം രുചിച്ചത് കഴിഞ്ഞവര്‍ഷം റിലീസായ വിലായത്ത് ബുദ്ധയിലൂടെയാണ്. എന്നാല്‍ പൃഥ്വിരാജിനെതിരെ രംഗത്ത് നില്‍ക്കുന്ന സംഘപരിവാര്‍ അനുകൂലികള്‍ പറഞ്ഞുപരത്തുന്നത് പൃഥ്വിയുടെ സിനിമകളെല്ലാം വന്‍ പരാജയമാണെന്നാണ്.
ഹിറ്റുകളുടെ കാര്യത്തില്‍ മാത്രമല്ല, കേരളത്തിന് പുറത്ത് പൃഥ്വിരാജിന് ലഭിക്കുന്ന റീച്ചും എടുത്തുപറയണം. സലാര്‍ പോലൊരു ബിഗ് ബജറ്റ് സിനിമയില്‍ നായകതുല്യമായ വേഷവും രാജമൗലിയുടെ വാരണാസിയിലെ വില്ലന്‍ വേഷവും പൃഥ്വിയെ തേടിയെത്തിയിട്ടുണ്ട്. ഇതെല്ലാം പൃഥ്വിയുടെ സ്റ്റാര്‍ഡം എടുത്തുകാണിക്കുന്നവയാണ്.
കരിയറിലെ ഏറ്റവും വലിയ ഹൈപ്പിലൊരുങ്ങുന്ന ഖലീഫ റിലീസിന് തയാറെടുക്കുകയാണ്. സ്വര്‍ണക്കടത്തുകാരനായ അമീര്‍ അലി എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് വേഷമിടുന്നത്. പോക്കിരി രാജക്ക് ശേഷം വൈശാഖിനൊപ്പം പൃഥ്വിരാജ് കൈകോര്‍ക്കുന്നു എന്ന പ്രത്യേകതയും ഖലീഫക്കുണ്ട്. ഓണം റിലീസായിട്ടാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
Content Highlight: Prithviraj’s filmography after Covid discussing in Social Media