| Saturday, 28th March 2026, 7:33 am

അതൊക്കെ ലാലേട്ടന്‍ നോക്കിക്കോളും; മലയാള സിനിമയുടെ പീക്ക് ഒരുക്കിയ പൃഥ്വി, സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി എമ്പുരാന്‍ മേക്കിങ് വീഡിയോ

അമര്‍നാഥ് എം.

മലയാള സിനിമയുടെ ബോക്‌സ് ഓഫീസ് പൊട്ടന്‍ഷ്യല്‍ എത്രമാത്രമുണ്ടെന്ന് പ്രേക്ഷകര്‍ക്ക് മനസിലാക്കിക്കൊടുത്ത ചിത്രമായിരുന്നു എമ്പുരാന്‍. പ്രീ റിലീസ് ഹൈപ്പ് അതിന്റെ കൊടുമുടിയിലെത്തിയ എമ്പുരാന്‍ തിയേറ്റര്‍ റിലീസിന്റെ കാര്യത്തിലും റെക്കോഡുകള്‍ സൃഷ്ടിച്ചു. 250 കോടി ക്ലബ്ബില്‍ ഇടം നേടിയ ആദ്യ മലയാളചിത്രമായി എമ്പുരാന്‍ മാറി.

എന്നാല്‍ വന്‍ പ്രതീക്ഷയില്‍ തിയേറ്ററിലെത്തിയ പ്രേക്ഷകരെ പൂര്‍ണമായും തൃപ്തിപ്പെടുത്താന്‍ എമ്പുരാന് സാധിച്ചില്ല. ലൂസിഫറിലേത് പോലെ ശക്തമായ തിരക്കഥയില്ലാത്തതാണ് എമ്പുരാന് തിരിച്ചടിയായത്. മിക്‌സഡ് റെസ്‌പോണ്‍സില്‍ മലയാളസിനിമ കണ്ട ഏറ്റവും വലിയ വിജയമായി മാറാന്‍ എമ്പുരാനെ സഹായിച്ചത് മോഹന്‍ലാല്‍ എന്ന സ്റ്റാര്‍ ഫാക്ടറാണ്.

റിലീസ് ചെയ്ത് ഒരുവര്‍ഷം തികയുന്ന വേളയില്‍ അണിയറപ്രവര്‍ത്തകര്‍ എമ്പുരാന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. മലയാളസിനിമയുടെ പീക്ക് എന്ന് പറയാവുന്ന മേക്കിങ്ങാണ് എമ്പുരാന് വേണ്ടി പൃഥ്വി ഒരുക്കിയതെന്ന് വീഡിയോയില്‍ വ്യക്തമാണ്. ഓരോ സീനും വളരെ ശ്രദ്ധയോടെയും ഗംഭീരമായിട്ടും ഒരുക്കിയതാണ് മേക്കിങ് വീഡിയോയുടെ പ്രധാന ഹൈലൈറ്റ്.

ഗ്രാന്‍ഡ് സ്‌കെയിലില്‍ ഓരോ സീനും എങ്ങനെയാണ് ഒരുക്കിയതെന്ന് കാണിക്കുന്ന വീഡിയോയില്‍ പൃഥ്വിരാജിന്റെ ഒരു ഡയലോഗ് വൈറലായിരിക്കുകയാണ്. മോഹന്‍ലാലിന്റെ ഇന്‍ട്രോ സീന്‍ ഒരുക്കുന്ന വേളയില്‍ മറ്റ് ക്രൂ അംഗങ്ങള്‍ക്ക് പൃഥ്വി നല്‍കുന്ന നിര്‍ദേശമാണ് വൈറലായത്. ഗ്രൂപ്പിലെ ആളുകള്‍ വരുന്നത് ഷൂട്ട് ചെയ്യുന്നതില്‍ ടെന്‍ഷനൊന്നും വേണ്ടെന്നും അതൊക്കെ ലാലേട്ടന്‍ നോക്കിക്കോളും എന്നാണ് പൃഥ്വി പറഞ്ഞത്.

ഓരോ സീനിനെയും മോഹന്‍ലാല്‍ സമീപിക്കുന്ന രീതിയും വീഡിയോയുടെ ഹൈലൈറ്റാണ്. ഇന്‍ട്രോ സീനിലും ചര്‍ച്ച് ഫൈറ്റിലുമെല്ലാം പൃഥ്വി പറയുന്നത് അതേപടി ചെയ്യുന്ന മോഹന്‍ലാലും പലരുടെയും ശ്രദ്ധ ആകര്‍ഷിക്കുന്നുണ്ട്. അപ്പാഷേ ഹെലികോപ്റ്ററടക്കം പ്രത്യേകം ഒരുക്കിയ പൃഥ്വിരാജ് എന്ന ഫിലിംമേക്കറിനെയും പലരും പ്രശംസിക്കുന്നു.

മലയാളസിനിമയെ അടുത്ത ലെവലിലേക്ക് എത്തിക്കാനുള്ള എല്ലാ പൊട്ടന്‍ഷ്യലുമുണ്ടായിരുന്നിട്ടും വീക്കായിട്ടുള്ള സ്‌ക്രിപ്റ്റ് പലരെയും നിരാശപ്പെടുത്തി. കരിയറിന്റെ ഉന്നതിയില്‍ നില്‍ക്കുന്ന സമയത്തും സംവിധാനത്തിന് വേണ്ടി മൂന്ന് വര്‍ഷത്തോളം മാറ്റിവെച്ച പൃഥ്വിരാജിന്റെ ഡെഡിക്കേഷനും പലരും എടുത്തുപറയുന്നുണ്ട്. എമ്പുരാനില്‍ കേട്ട വിമര്‍ശനങ്ങളെല്ലാം L3യില്‍ പൃഥ്വി മാറ്റിയെടുക്കുമെന്നാണ് പല സിനിമാപ്രേമികളും അഭിപ്രായപ്പെടുന്നത്.

വീക്കായിട്ടുള്ള സ്‌ക്രിപ്റ്റിനെക്കാള്‍ ചര്‍ച്ചയായത് ചിത്രത്തില്‍ ഗുജറാത്ത് കലാപത്തിനെക്കുറിച്ച് പറഞ്ഞ ഭാഗങ്ങളാണ്. കലാപത്തില്‍ പങ്കുള്ളവരാണ് ഇന്ന് രാജ്യം ഭരിക്കുന്നതെന്നും ഇ.ഡി, എന്‍.ഐ.എ പോലുള്ള സംഘടനകള്‍ കേന്ദ്ര സര്‍ക്കാരിന്റെ ചട്ടുകമാണെന്നും പറയുന്ന ഭാഗങ്ങള്‍ വിവാദമായി. ഈ രംഗങ്ങള്‍ സംഘപരിവാറിനെ ചൊടിപ്പിക്കുകയും സംവിധായകന്‍ പൃഥ്വിരാജിനെതിരെ വലിയ സൈബര്‍ അറ്റാക്ക് നടക്കുകയും ചെയ്തു. ഒടുവില്‍ റീ സെന്‍സര്‍ ചെയ്താണ് എമ്പുരാന്‍ പ്രദര്‍ശനം തുടര്‍ന്നത്.

Content Highlight: Prithviraj’s dialogue in Empuraan making video viral

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more