| Friday, 7th November 2025, 4:41 pm

ഡോക്ടര്‍ ഒക്ടോപ്പസിന് ആത്രേയയിലുണ്ടായ ഐറ്റം, രാജമൗലി പടത്തില്‍ പൃഥ്വിയുടെ പോസ്റ്ററിന് ട്രോളോട് ട്രോള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമയുടെ അഭിമാന പ്രൊജക്ടെന്ന് പലരും വിശേഷിപ്പിക്കുന്ന ചിത്രമാണ് SSMB 29. മഹേഷ് ബാബു- രാജമൗലി കോമ്പോ ഒന്നിക്കുന്ന ചിത്രത്തിന്റെ അപ്‌ഡേറ്റുകള്‍ ഈ മാസം പുറത്തുവിടാനാണ് അണിയറപ്രവര്‍ത്തകര്‍ പ്ലാന്‍ ചെയ്യുന്നത്. ഇതിന്റെ ഭാഗമായി ഓരോ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിടുമെന്ന് രാജമൗലി അറിയിച്ചിരുന്നു.

ചിത്രത്തിലെ വില്ലനായി വേഷമിടുന്ന പൃഥ്വിരാജിന്റെ ഫസ്റ്റ് ലുക്കാണ് ആദ്യം പുറത്തുവിട്ടത്. കുംഭ എന്ന വില്ലനായാണ് പൃഥ്വി ഈ ചിത്രത്തില്‍ വേഷമിടുന്നത്. വീല്‍ചെയറിയിലിരിക്കുന്ന പൃഥ്വിയുടെ ലുക്കാണ് ഇന്ന് സിനിമാപ്രേമികള്‍ക്കിടയിലെ ചര്‍ച്ച. രാജമൗലിയെപ്പോലെ ഇന്റര്‍നാഷണല്‍ നിലവാരമുള്ള സംവിധായകന്റെ സിനിമയില്‍ നിന്ന് ഇങ്ങനെയൊരു പോസ്റ്റര്‍ പ്രതീക്ഷിച്ചില്ലെന്നായിരുന്നു ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്.

ലോകപ്രശസ്ത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്‌സിനെ ഓര്‍മ വരുന്നു എന്നാണ് പോസ്റ്ററിനെക്കുറിച്ച് ആദ്യം വന്ന കമന്റുകള്‍. പിന്നാലെ ഈ പോസ്റ്റര്‍ മറ്റ് ചില സിനിമകളില്‍ നിന്ന് കോപ്പിയടിച്ചതാണെന്ന് പലരും കണ്ടുപിടിച്ചു. മാര്‍വലിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രമായ സ്‌പൈഡര്‍ മാന്‍ 2വിലെ ഡോക്ടര്‍ ഓക്ടോപ്പസിന്റെ യന്ത്രക്കൈയും എക്‌സ് മെനിലെ പ്രൊഫസര്‍ എക്‌സിന്റെ വീല്‍ചെയറും മിക്‌സ് ചെയ്ത് അതില്‍ പൃഥ്വിയെ ഇരുത്തിയെന്നാണ് ചില ട്രോളുകള്‍.

സൂര്യയുടെ 24 എന്ന ചിത്രത്തില്‍ സൂര്യയുടെ ആത്രേയ എന്ന കഥാപാത്രത്തിനെ ഈ പോസ്റ്റര്‍ ഓര്‍മിപ്പിക്കുന്നുവെന്നും ചിലര്‍ ട്രോളുന്നുണ്ട്. ആത്രേയയെ പോലെ വില്ലനാകാന്‍ പൃഥ്വിരാജ് ശ്രമിക്കുകയാണെന്നും ചില പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. കാത്തിരുന്ന് കിട്ടിയ ഇന്റര്‍നാഷണല്‍ ഐറ്റം ഇങ്ങനെയാണോ പുറത്തിറക്കുന്നതെന്നാണ് പലരും ചോദിക്കുന്നത്.

എന്നാല്‍ ഈ പോസ്റ്റര്‍ വെച്ചൊന്നും സിനിമയെ അളക്കരുതെന്നും തന്റെ വില്ലനെ നായകനെക്കാള്‍ പവര്‍ഫുള്ളായി അവതരിപ്പിക്കാനറിയുന്ന സംവിധായകനാണ് രാജമൗലിയെന്നും ചിലര്‍ വാദിക്കുന്നു. ഈച്ചയിലെ കിച്ച സുദീപ്, ബാഹുബലിയിലെ റാണാ ദഗ്ഗുബട്ടി എന്നിവരെ ഉദാഹരണമാക്കിയാണ് ഇത്തരം പോസ്റ്റുകള്‍.

ചിത്രത്തിന്റെ ഷൂട്ട് ആരംഭിച്ചപ്പോള്‍ തന്ന മഹേഷ് ബാബുവും പൃഥ്വിരാജും തമ്മിലുള്ള സീനിന്റെ ഷൂട്ടിങ് വീഡിയോ ലീക്കായിരുന്നു. ആ സീനില്‍ പൃഥ്വി വീല്‍ചെയറിലായിരുന്നു. ഇക്കാരണം കൊണ്ടാകാം രാജമൗലി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഈ രീതിയില്‍ പുറത്തിറക്കിയതെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. വരും ദിവസങ്ങളില്‍ മറ്റ് കഥാപാത്രങ്ങളുടെ പോസ്റ്ററുകളും പുറത്തിറങ്ങുമെന്നാണ് അറിയിച്ചത്. നവംബര്‍ 15ന് റാമോജി ഫിലിം സിറ്റിയില്‍ നടക്കുന്ന ഗ്രാന്‍ഡ് ഫങ്ഷനില്‍ വെച്ചാണ് SSMB 29ന്റെ ടൈറ്റില്‍ ലോഞ്ച്.

Content Highlight: Prithviraj’s character poster in SSMB 29 getting trolls in social media

We use cookies to give you the best possible experience. Learn more