| Tuesday, 11th November 2025, 8:31 pm

സോഷ്യല്‍ മീഡിയയിലെ ട്രോള്‍ മെറ്റീരിയല്‍ സോജപ്പന്‍, 16 വര്‍ഷത്തിനിപ്പുറം 4kയില്‍ പുറത്തിറങ്ങിയ ഗാനം ട്രോള്‍ പേജുകളില്‍ ട്രെന്‍ഡ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ മികച്ച നടന്മാരിലൊരാളാണ് പൃഥ്വിരാജ്. കരിയറിന്റെ തുടക്കത്തില്‍ നേരിടേണ്ടി വന്ന സൈബര്‍ അറ്റാക്കിനെ ധൈര്യത്തോടെ അതിജീവിച്ച് ഇന്ന് പാന്‍ ഇന്ത്യന്‍ ലെവലില്‍ താരം ശ്രദ്ധേയനായിരിക്കുകയാണ്. എന്നാല്‍ തുടക്ക കാലത്ത് ചെയ്തുവെച്ച ചില മോശം കഥാപാത്രങ്ങള്‍ ഇന്നും ട്രോള്‍ പേജുകളിലെ സ്ഥിരം സാന്നിധ്യമാണ്.

അത്തരത്തിലൊരു കഥാപാത്രമാണ് കലണ്ടര്‍ എന്ന ചിത്രത്തിലെ സോജപ്പന്‍. മഹേഷിന്റെ സംവിധാനത്തില്‍ 2009ല്‍ പുറത്തിറങ്ങിയ ചിത്രത്തിലെ പൃഥ്വിയുടെ കഥാപാത്രം ട്രോള്‍ പേജുകളില്‍ പലപ്പോഴും മീമുകളായി പ്രത്യക്ഷപ്പെടാറുണ്ട്. ബോക്‌സ് ഓഫീസില്‍ തകര്‍ന്ന് തരിപ്പണമായ ചിത്രം സോഷ്യല്‍ മീഡിയയുടെ കടന്നുവരവോടുകൂടിയാണ് ശ്രദ്ധ നേടിയത്.

ഓലിക്കര സോജപ്പന്‍ എന്ന കഥാപാത്രത്തിന്റെ ഗെറ്റപ്പും പൃഥ്വിയുടെ ചിരിക്കുന്ന മീമും ഇന്നും പല പേജുകളും അടക്കിഭരിക്കുന്ന മുതലാണ്. കഴിഞ്ഞദിവസം കലണ്ടറിലെ പൃഥ്വിരാജിന്റെ ഗാനം 4K വേര്‍ഷന്‍ യൂട്യൂബില്‍ പുറത്തിറക്കിയിരുന്നു. പിന്നാലെ ഓലിക്കര സോജപ്പന്‍ വീണ്ടും ട്രോള്‍ പേജുകളില്‍ നിറഞ്ഞിരിക്കുകയാണ്.

റീമാസ്റ്റര്‍ ചെയ്ത മീമുകളാണ് ഇപ്പോള്‍ പല ട്രോളുകളിലും കാണാന്‍ സാധിക്കുന്നത്. പുതിയ വേര്‍ഷന് താഴെ സോജപ്പന്‍ ഫാന്‍സിന്റെ വക രസകരമായ കമന്റുകളുമുണ്ട്. ഇന്നും പൃഥ്വിയുടെ കരിയറില്‍ ഏറ്റവുമധികം ട്രോള്‍ ചെയ്യപ്പെടുന്ന കഥാപാത്രമാണ് സോജപ്പന്‍. ഒരു സിനിമയില്‍ പ്രധാന കഥാപാത്രം ഇടക്ക് മീം മെറ്റീരിയലാകുന്നത് സ്വാഭാവികമാണെന്നും എന്നാല്‍ ഈ പാട്ടില്‍ എവിടെ സ്‌ക്രീന്‍ഷോട്ട് എടുത്താലും മീം മെറ്റീരിയല്‍ ലഭിക്കുമെന്നാണ് പ്രധാന കമന്റ്.

‘പൃഥ്വിയുടെ കൈയില്‍ ഒരു ടൈം മെഷീന്‍ കിട്ടുകയാണെങ്കില്‍ ആദ്യം ചെയ്യുന്നത് ഈ സിനിമയുടെ സ്‌ക്രിപ്റ്റ് ഒഴിവാക്കുകയാകും’, ‘റിലീസായ സമയത്ത് അമ്മ- മകള്‍ സെന്റിമെന്റ്‌സുള്ള സിനിമയായിരുന്നു, കാലങ്ങള്‍ക്കിപ്പുറം സോജപ്പന്റെ സിനിമയെന്ന് അറിയപ്പെടുന്നു’, ‘ആ മീശയാണ് ഏറ്റവും വലിയ ഹൈലൈറ്റ്’, ‘രാവിലെ ഉറക്കമെണീറ്റപ്പോള്‍ തന്നെ കണി കണ്ടത് സോജപ്പനെ’ എന്നിങ്ങനെ മീമുകളുടെ താഴെയുള്ള കമന്റുകള്‍.

എന്നാല്‍ കലണ്ടര്‍ പുറത്തിറങ്ങിയ അതേ വര്‍ഷം തന്നെയാണ് പൃഥ്വിരാജ് തന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളിലൊന്നായ പുതിയ മുഖം ചെയ്തതെന്നും പലരും ഓര്‍മപ്പെടുത്തുന്നുണ്ട്. അടുത്തിടെ പൃഥ്വിയുടെ ഹീറോ, മൈ സ്റ്റോറി എന്നീ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മെറ്റീരിയലായി മാറിയിരുന്നു.

Content Highlight: Prithviraj’s character in Calendar movie became troll material again

We use cookies to give you the best possible experience. Learn more