| Monday, 31st August 2026, 3:45 pm

പൃഥ്വിരാജിന്റെ ബോളിവുഡ് ചിത്രം ‘ദായ്റ’യുടെ ട്രെയിലർ പുറത്ത്

അജ്മല്‍ കെ

കരീന കപൂർ ഖാനും പൃഥ്വിരാജ് സുകുമാരനും ആദ്യമായി ഒരുമിക്കുന്ന മേഘ്ന ഗുൽസാർ ചിത്രം ‘ദായ്റ’യുടെ ട്രെയിലർ പുറത്ത്. യഥാർഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ചിത്രം ഒരു പെൺകുട്ടിയെ കാണാതായ സംഭവത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണവും അതിനിടെ ഒരേ പൊലീസ് സംവിധാനത്തിലെ രണ്ട് ഉദ്യോഗസ്ഥർ തമ്മിൽ രൂപപ്പെടുന്ന സംഘർഷവുമാണ് മുന്നിലെത്തിക്കുന്നത്. സെപ്റ്റംബർ 18നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.

ചിത്രത്തിൽ കരീന കപൂർ ഖാൻ ഡി.സി.പി അജൂനി കോഹ്‌ലിയായും പൃഥ്വിരാജ് ഡി.സി.പി രാമൻ കുമാറായും എത്തുന്നു. കാണാതായ ഒരു പെൺകുട്ടിയുടെ കേസാണ് ചിത്രത്തിന്റെ പ്രമേയം. കേസിന്റെ അന്വേഷണത്തിനിടെ ഡി.സി.പി അജൂനി കോഹ്‌ലിയും ഡി.സി.പി രമൺ കുമാറും ഒരേ രണ്ട് വ്യത്യസ്ത നിലപാടുകളുമായി നേർക്കുനേർ എത്തുന്നതാണ് ട്രെയിലറിൽ കാണിക്കുന്നത്.

ദായ്റ. Photo: Facebook.com

പൊലീസ് അതിക്രമങ്ങളും വ്യാജ ഏറ്റുമുട്ടലുകളുമായി ബന്ധപ്പെട്ട രാമന്റെ മുൻകാല പ്രവർത്തനങ്ങളും ട്രെയിലർ സൂചിപ്പിക്കുന്നുണ്ട്. അതേസമയം, അജൂനി കേസിനെ മറ്റൊരു കാഴ്ചപ്പാടിൽ സമീപിക്കുന്നതോടെ ഇരുവരും തമ്മിലുള്ള സംഘർഷം ശക്തമാകുന്നു. സത്യം, നിയമം, നീതി തുടങ്ങിയ കാര്യങ്ങളെ കുറിച്ചുള്ള കാര്യങ്ങളാണ് സിനിമ സംസാരിക്കുന്നത്.

കരീനയുടെ അജൂനി ശാന്തവും ഉറച്ച നിലപാടുകളുള്ളതുമായ ഉദ്യോഗസ്ഥയാണെങ്കിൽ, പൃഥ്വിരാജിന്റെ രാമൻ ഉള്ളിൽ അടക്കിവെച്ച രോഷവും തീവ്രതയും നിറഞ്ഞ കഥാപാത്രതെയാണ് അവതരിപ്പിക്കുന്നത് എന്ന് ചിത്രത്തിന്റെ സംവിധായിക കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു. ഇരുവരുടെയും ഈ വ്യത്യസ്ത സ്വഭാവങ്ങളും അന്വേഷണ രീതികളും തമ്മിലുള്ള ഏറ്റുമുട്ടൽ ട്രെയിലറിൽ ഉടനീളം പ്രകടമാണ്. കഥാപാത്രങ്ങൾ പരസ്പര വിരുദ്ധരായി നിൽക്കുമ്പോഴും ഇരുവരും നേരിടുന്നത് ഒരേ സംവിധാനത്തെയും അതിന്റെ സങ്കീർണതകളെയുമാണ് എന്നാണ് ട്രെയ്ലർ സൂചിപ്പിക്കുന്നത്.

ദായ്റ. Photo: Facebook.com

‘തൽവാർ’, ‘റാസി’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ മേഘ്ന ഗുൽസാറിന്റെ പുതിയ ചിത്രത്തിൽ ജിതേന്ദ്ര ജോഷി, ക്ഷിതി ജോഗ്, സന്ദീപ് കുൽക്കർണി, തൃപ്തി ഖാംകർ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Content Highlights: Prithviraj’s Bollywood film ‘Daayra’ trailer released

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more