മലയാളസിനിമയില്‍ ഒരു നടന്റെ ഏറ്റവും വലിയ ട്രാന്‍സ്‌ഫോര്‍മേഷന്‍ കണ്ട ചിത്രമായിരുന്നു ആടുജീവിതം. ബെന്യാമിന്റെ ഇതേ പേരിലുള്ള നോവലിന് ബ്ലെസിയായിരുന്നു ചലച്ചിത്രഭാഷ്യം ഒരുക്കിയത്. തിയേറ്ററില്‍ വന്‍ വിജയമായി മാറിയ ആടുജീവിതം കഴിഞ്ഞ ദേശീയ അവാര്‍ഡ് വേദിയില്‍ പാടെ തിരസ്‌കരിക്കപ്പെട്ടത് വലിയ വാര്‍ത്തയായിരുന്നു.
ഇപ്പോഴിതാ അവാര്‍ഡ് ലഭിക്കാത്തതിനെക്കുറിച്ച് പ്രതികരിക്കുകയാണ് പൃഥ്വിരാജ്. താന്‍ ഒരിക്കലും അവാര്‍ഡുകള്‍ക്ക് വേണ്ടിയല്ല സിനിമകളൊരുക്കുന്നതെന്ന് പൃഥ്വി പറഞ്ഞു. മുമ്പും താന്‍ ഇതേ കാര്യം തന്നെയാണ് പറഞ്ഞതെന്നും ഇപ്പോഴും അതില്‍ ഉറച്ചു നില്ക്കുന്നുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. വിലായത്ത് ബുദ്ധയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് റെഡ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.
‘അവാര്‍ഡുകളെക്കുറിച്ച് പ്രേക്ഷകര്‍ ചര്‍ച്ച ചെയ്യുന്നതിന് മുമ്പ് തന്നെ ഞാന്‍ എന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. അവാര്‍ഡുകള്‍ ഒരിക്കലും എന്റെ പ്രയോറിറ്റിയായിരുന്നില്ല. ആടുജീവിതം എന്ന സിനിമ തിയേറ്ററില്‍ ആര്‍ക്കും വര്‍ക്കാകാതെ പോവുകയും അതിന് 15 നാഷണല്‍ അവാര്‍ഡ് ലഭിക്കുകയും ചെയ്താല്‍ ഞാന്‍ ഒരിക്കലും സന്തോഷിക്കില്ല. അവാര്‍ഡുകളെ സംബന്ധിച്ച് ഞാന്‍ വിശ്വസിക്കുന്നത്, അത് ജൂറിയുടെ തീരുമാനമാണ്.
അഞ്ചോ എട്ടോ ആളുകള്‍ ചേര്‍ന്ന ഒരു ഗ്രൂപ്പാണ് അവാര്‍ഡ് തീരുമാനിക്കുന്നത്. നിങ്ങള്‍ക്ക് അതിനോട് വിയോജിക്കാം. പക്ഷേ, അവര്‍ അങ്ങനെ തീരുമാനിക്കാന്‍ പാടില്ല എന്ന് നമുക്ക് പറയാന്‍ അവകാശമില്ല. ആ ജൂറി കഴിഞ്ഞവര്‍ഷം കണ്ട സിനിമകളില്‍ അവരുടെ ടേസ്റ്റിന് യോജിച്ച സിനിമകള്‍ക്ക് അവാര്‍ഡ് നല്കി. അതുമായി ചേരാത്തതുകൊണ്ട് ആടുജീവിതത്തിന് അവാര്‍ഡ് ലഭിച്ചില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്,’ പൃഥ്വിരാജ് പറയുന്നു.
ആടുജീവിതം പോലൊരു സിനിമ ഇനി താന്‍ ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ ശരീരം ഇനി അത്തരം പരീക്ഷണം സ്വീകരിക്കാന്‍ സാധ്യതയില്ലെന്ന് പൃഥ്വി പറഞ്ഞു. ഭാവിയില്‍ തന്റെ ഫിലിമോഗ്രഫിയില്‍ നിന്ന് ഏതെങ്കിലുമൊരു സിനിമ തന്റെ മകള്‍ക്ക് മാതൃകയായി കാണിക്കുന്നുണ്ടെങ്കില്‍ അത് ആടുജീവിതമായിരിക്കുമെന്നും താരം പറയുന്നു.
‘ബ്ലെസി ചേട്ടന്‍ വീണ്ടും എന്നോട് ഒരു കഥ പറയാമെന്ന് പറഞ്ഞിട്ടുണ്ട്. ആടുജീവിതം പോലെ ഒരെണ്ണമാണെങ്കില്‍ എന്തായാലും ചെയ്യില്ല. ഹോളിവുഡിലൊക്കെ നോക്കിയാല്‍ ക്രിസ്റ്റ്യൻ ബെയ്‌ലൊക്കെ ഇടക്കിടക്ക് ബോഡി ട്രാന്‍സ്‌ഫോര്‍മേഷന്‍ നടത്തി നമ്മളെ അത്ഭുതപ്പെടുത്തുന്നുണ്ട്. അദ്ദേഹത്തിന്റെ ശരീരം അതുമായി സെറ്റായിട്ടുണ്ട്. എന്നാല്‍ എന്റെ ശരീരം അങ്ങനെയല്ലെന്നാണ് വിശ്വാസം. കുറച്ചധികം കാലം സിനിമയില്‍ നില്ക്കണമെന്ന് ആഗ്രഹമുണ്ട്’ പൃഥ്വിരാജ് പറഞ്ഞു.
Content Highlight: Prithviraj Reacts to Aadujeevitham’s National Award controversy