| Friday, 21st August 2026, 8:11 am

‘അപ്പനായിട്ട് അഭിനയിച്ചു, ഇനി അപ്പൂപ്പനായിട്ട് അഭിനയിക്കാമോ എന്ന് ചോദിച്ചു’; മോഹൻലാലിനെ കുറിച്ച് പൃഥ്വിരാജ്

അജ്മല്‍ കെ

ഖലീഫയിൽ മോഹൻലാലിന്റെ കഥാപാത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പങ്കുവെച്ച് പൃഥ്വിരാജ് സുകുമാരൻ. ‘ഖലീഫ’യുടെ പ്രമോഷന്റെ ഭാഗമായി സംസാരിക്കവെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്ന മാമ്പറക്കൽ അഹമ്മദാലിയുടെ കഥാപാത്രത്തെക്കുറിച്ച് പൃഥ്വിരാജ് വ്യക്തമാക്കിയത്. മാമ്പറക്കൽ ആമിർ അലിയുടെ ഗ്രാൻഡ്ഫാദറായാണ് മോഹഹൻലാൽ എത്തുന്നതെന്ന വിവരം നേരത്തെ തന്നെ പുറത്തുവിട്ടിരുന്നുവെന്നും താരം പറഞ്ഞു. നമ്മുടെ യു.കെ റേഡിയോ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു താരം പ്രതികരിച്ചത്.

മോഹൻലാൽ ഈ കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ച ആദ്യത്തെ അബ്സ്ട്രാക്ട് പോസ്റ്ററിൽ തന്നെ കഥാപാത്രത്തെക്കുറിച്ച് വ്യക്തമായി സൂചിപ്പിച്ചിരുന്നുവെന്ന് പൃഥ്വിരാജ് പറഞ്ഞു. അതിനാൽ ചിത്രത്തിൽ അദ്ദേഹത്തിൽ നിന്ന് പ്രതീക്ഷിക്കേണ്ടത് അത്രയേ ഉള്ളൂവെന്നും, അതിനപ്പുറമുള്ള കാര്യങ്ങൾ സിനിമ കണ്ടുതന്നെ മനസ്സിലാക്കണമെന്നും താരം വ്യക്തമാക്കി.

ഖലീഫ.Photo: IMDb

2022ൽ തന്നെ കഥ പറയുന്ന സമയത്ത് മമ്പാറക്കൽ അഹമ്മദാലി എന്ന കഥാപാത്രം സിനിമയുടെ ഭാഗമായിരുന്നുവെന്നും പൃഥ്വിരാജ് പറഞ്ഞു. പിന്നീട് ഒരു ഘട്ടത്തിൽ കഥാപാത്രത്തെ ഒഴിവാക്കി, പേരിൽ മാത്രം സിനിമയിൽ പരാമർശിച്ചാൽ മതിയെന്ന് തീരുമാനിച്ചിരുന്നു. എന്നാൽ തിരക്കഥ പൂർത്തിയായതോടെ പഴയകാല കഥയും ഇപ്പോഴത്തെ കഥയും തമ്മിലുള്ള നിരവധി ബന്ധങ്ങൾ സ്വാഭാവികമായി സിനിമയിൽ വന്നതോടെ കഥാപാത്രത്തിന്റെ പ്രാധാന്യം വീണ്ടും വർധിക്കുകയായിരുന്നു.

‘ഈ കഥാപാത്രത്തെക്കുറിച്ച് ഒന്നിലധികം ആളുകൾ സിനിമയിൽ സംസാരിക്കുന്നുണ്ട്. അതൊക്കെ വളരെ ഓർഗാനിക്കായിട്ട് സ്‌ക്രിപ്റ്റിൽ വന്നു. അപ്പോഴും ഞങ്ങൾ വിചാരിച്ചു രണ്ടാം ഭാഗം വേണ്ട എന്ന്. പിന്നെ 70കളിലും 80കളിലും ഇയാളുടെ കഥ എന്താണെന്നും എന്നോട് പറഞ്ഞിട്ടുണ്ടായിരുന്നു,’ പൃഥ്വിരാജ് പറഞ്ഞു.

ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കി എഡിറ്റ് കണ്ടതിന് ശേഷമാണ് ഈ കഥാപാത്രത്തെ കൂടുതൽ പ്രാധാന്യത്തോടെ അവതരിപ്പിക്കണമെന്ന തീരുമാനത്തിലേക്ക് അണിയറപ്രവർത്തകർ എത്തിയതെന്നും പൃഥ്വിരാജ് വ്യക്തമാക്കി. രണ്ടാം ഭാഗത്തിൽ ചെയ്യാൻ ഉദ്ദേശിച്ചിരുന്ന ചില കാര്യങ്ങൾ ഒഴിവാക്കേണ്ടതില്ലെന്നും, ഈ കഥാപാത്രത്തെ സിനിമയിൽ ആങ്കർ ചെയ്യണമെന്നും അപ്പോഴാണ് തീരുമാനിച്ചതെന്നും താരം പറഞ്ഞു.

മോഹൻലാൽ സാറിനെ തന്നെ ആ കഥാപാത്രത്തിലേക്ക് കൊണ്ടുവരണമെന്നത് എല്ലാവരുടെയും ആഗ്രഹമായിരുന്നു. അതിനായി നേരിട്ട് വിളിച്ച് കഥാപാത്രത്തെക്കുറിച്ച് അദ്ദേഹത്തോട് സംസാരിക്കുകയായിരുന്നു എന്നും പൃഥ്വിരാജ് പറഞ്ഞു.

ഖലീഫ.Photo: IMDb

‘അപ്പനായിട്ട് അഭിനയിച്ചു, ഇനി അപ്പൂപ്പനായിട്ട് അഭിനയിക്കാൻ പറ്റുമോ എന്ന് ചോദിച്ചു. പിന്നെ മൂപ്പരെ അറിയാലോ, മൂപ്പര് ‘പിന്നെ എന്താ മോനേ’ എന്നാണ് പറഞ്ഞത്. അങ്ങനെയാണ് അദ്ദേഹം ഇതിലേക്ക് എത്തിയത്,’പൃഥ്വിരാജ് പറഞ്ഞു.

എന്നാൽ പേരിനുവേണ്ടി മാത്രം എത്തുന്ന ഒരു കാമിയോ ആയിരിക്കില്ല മോഹൻലാലിന്റെ കഥാപാത്രമെന്നും പൃഥ്വിരാജ് സൂചന നൽകി. സിനിമ കാണുമ്പോൾ കഥാപാത്രത്തിന്റെ പ്രാധാന്യം പ്രേക്ഷകർക്ക് മനസ്സിലാകുമെന്നാണ് തന്റെ പ്രതീക്ഷയെന്നും താരം വ്യക്തമാക്കി.

Content Highlights: Prithviraj opens up about Mohanlal’s character in Khalifa movie

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more