ഓണം റിലീസായി തിയേറ്ററുകളിലെത്താനൊരുങ്ങുന്ന ‘ഖലീഫ’യെക്കുറിച്ചുള്ള പ്രതീക്ഷകൾ പങ്കുവെച്ച് നടൻ പൃഥ്വിരാജ്. ചിത്രത്തിന്റെ ഗ്ലിംപ്സും മറ്റ് അപ്‌ഡേറ്റുകളും കണ്ടതോടെ ‘ഖലീഫ’ ഒരു പൂർണമായ ആക്ഷൻ ചിത്രമായിരിക്കുമെന്നാണ് പലരും കരുതുന്നതെന്നും എന്നാൽ അത്തരത്തിലുള്ള സിനിമയല്ല ഇതെന്നും പൃഥ്വിരാജ് പറയുന്നു. ആക്ഷൻ രംഗങ്ങൾ കഥയുടെ ഭാഗമായെത്തുന്ന ഒരു ഡ്രാമയാണ് ‘ഖലീഫ’യെന്നും താരം വ്യക്തമാക്കി. ഖലീഫ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ലണ്ടനിൽ നടത്തിയ പരിപാടിലായിരുന്നു താരത്തിന്റെ പ്രതികരണം.
‘ഈ സിനിമ കണ്ടിട്ട് ആരും റിവഞ്ച് വെച്ചൊന്നും പോകരുതെന്നാണ് എന്റെ ആഗ്രഹം. ഇതൊരു പക്കാ എന്റർടൈനറാണ്. മറ്റൊരു അവകാശവാദങ്ങളുമില്ലാത്ത ഒരു മെയിൻസ്ട്രീം എന്റർടൈനർ,’പൃഥ്വിരാജ് പറഞ്ഞു.
ഖലീഫ.Phopto.IMDb
‘ഖലീഫ’യിൽ ആക്ഷൻ രംഗങ്ങൾ ഉണ്ടെങ്കിലും തുടരെ ആക്ഷൻ സീക്വൻസുകൾ മാത്രം നിറഞ്ഞ സിനിമയായിരിക്കില്ലെന്നും പൃഥ്വിരാജ് വ്യക്തമാക്കി. “ഇത് മാർക്കോ പോലെ തുടരെത്തുടരെ ആക്ഷൻ വരുന്ന സിനിമയല്ല. ആത്യന്തികമായി ഇത് ഒരു ഡ്രാമയാണ്, ഒരു കഥ പറയുന്ന സിനിമയാണ്. ആ കഥയിൽ ആക്ഷൻ സീക്വൻസുകളൊക്കെയുണ്ട്. ഒരു പത്ത് പന്ത്രണ്ട് ആക്ഷൻ സീക്വൻസുകൾ ഉള്ള സിനിമയാണ് എന്ന് പ്രതീക്ഷിക്കരുത്,” പൃഥ്വിരാജ് പറഞ്ഞു.
കഥ ആവശ്യപ്പെടുന്ന സമയത്ത് സ്വാഭാവികമായി ആക്ഷൻ രംഗങ്ങൾ എത്തുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും താരം പറയുന്നു. ‘കൃത്യ സമയത്ത് ഓർഗാനിക് ആയിട്ടുള്ള രീതിയിൽ കഥയിൽ ആക്ഷൻ ഉണ്ടാകുന്നുണ്ട്. പ്രേക്ഷകർക്ക് കിട്ടേണ്ടത് ഒരു കിടിലൻ എന്റർടൈമെന്റ് ആയിരിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം,’പൃഥ്വിരാജ് വ്യക്തമാക്കി.
ഓണക്കാലത്ത് കുടുംബത്തോടൊപ്പം തിയേറ്ററിലെത്തി ആസ്വദിക്കാൻ കഴിയുന്ന നിരവധി മുഹൂർത്തങ്ങൾ ചിത്രത്തിലുണ്ടെന്നും പൃഥ്വിരാജ് പറയുന്നു. കയ്യടിക്കാനും വിസിലടിക്കാനും പ്രേക്ഷകർക്ക് നിരവധി രംഗങ്ങൾ ലഭിക്കുമെന്നും താരം പ്രതീക്ഷ പങ്കുവെച്ചു.
‘ഫാമിലിയായിട്ട് എല്ലാവർക്കും പോയി കയ്യടിക്കാനും വിസിലടിക്കാനുമൊക്കെ കുറേ മുഹൂർത്തങ്ങൾ ഈ സിനിമയിലുണ്ട്. എവിടെ കയ്യടിച്ചില്ലെങ്കിലും ഒരു സ്ഥലത്ത് നിങ്ങൾ കയ്യടിക്കുമെന്ന് എനിക്കറിയാം. ഇതൊക്കെ എൻജോയ് ചെയ്യാൻ എല്ലാവരും തിയേറ്ററിൽ പോകണം,’പൃഥ്വിരാജ് പറഞ്ഞു.
വൈശാഖ് സംവിധാനം ചെയ്യുന്ന ‘ഖലീഫ’ ജിനു എബ്രഹാം തിരക്കഥയെഴുതി നിർമിക്കുന്ന ചിത്രമാണ്. പൃഥ്വിരാജ് സുകുമാരനൊപ്പം നീൽ നിതിൻ മുകേഷ്, മാളവിക ശർമ, സഞ്ജു ശിവറാം, ഇന്ദ്രൻസ്, സത്യരാജ്, ഷമ്മി തിലകൻ, തുടങ്ങിയവരും ചിത്രത്തിലുണ്ട്. മോഹൻലാൽ ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നുണ്ട്.
ഖലീഫ.Phopto.IMDb
ജോമോൻ ടി. ജോൺ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് ചമൻ ചാക്കോയും സംഗീതം ജേക്സ് ബിജോയും നിർവഹിക്കുന്നു. ഓണം റിലീസായി ഓഗസ്റ്റ് 20നാണ് ‘ഖലീഫ’ തിയേറ്ററുകളിലെത്തുന്നത്.
Content Highlight: Prithviraj opens up about khalifa movie