| Monday, 14th September 2026, 10:02 am

ലാൽ സാറിനൊപ്പം നടനും സംവിധായകനായും പ്രവർത്തിച്ചു, ഇനി മമ്മൂക്കയ്ക്കൊപ്പവും ചെയ്യണം; പൃഥ്വിരാജ്

അജ്മല്‍ കെ

മലയാള സിനിമയിൽ മോഹൻലാലിനും മമ്മൂട്ടിക്കും ഒപ്പം പ്രവർത്തിക്കാൻ കഴിയുന്നത് വലിയ അവസരമായാണ് കാണുന്നതെന്ന് നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ. മലയാള സിനിമയിലെ എല്ലാവരും നോക്കിക്കണ്ടവരാണ് ഇരുവരെന്നും, ഇന്ന് തങ്ങൾ സിനിമയിൽ എത്തിനിൽക്കുന്നതിന് അവർ ഒരുക്കിയ വഴികൾ വലിയ കാരണമാണെന്നും പൃഥ്വിരാജ് പറഞ്ഞു. ദായ്‌റ മൂവിയുടെ പ്രൊമോഷന്റെ ഭാഗമായി സൂം ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

‘ലാൽ സാറിനൊപ്പമോ മമ്മൂക്കയ്ക്കൊപ്പമോ സ്ക്രീൻ പങ്കിടുന്നത് എപ്പോഴും വലിയ കാര്യമാണ്. മലയാള സിനിമയിൽ നിന്നുള്ള ഒരാൾ എന്ന നിലയിൽ ഞങ്ങളെല്ലാം അവരെ നോക്കിക്കണ്ടാണ് വളർന്നത്. ഇത്രയും വലിയ താരങ്ങൾ ഇപ്പോഴും നമ്മുടെ സിനിമയിൽ സജീവമായി മുന്നിൽ നിന്ന് നയിക്കുന്നുവെന്നത് തന്നെ വലിയ കാര്യമാണ്. അവരോടൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിക്കുമ്പോഴെല്ലാം അതൊരു വലിയ അവസരമായാണ് ഞാൻ കാണുന്നത്,’ പൃഥ്വിരാജ് പറഞ്ഞു.

പൃഥ്വിരാജ്. Photo. Screen Grab/ Youtube

തങ്ങൾ ഇന്ന് അഭിനേതാക്കളായി മാറിയതിന് പിന്നിൽ മോഹൻലാലും മമ്മൂട്ടിയും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും പൃഥ്വിരാജ് വ്യക്തമാക്കി. മോഹൻലാലിനൊപ്പം നടനായും സംവിധായകനായും പ്രവർത്തിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമായിരുന്നെന്നും മമ്മൂട്ടിക്കൊപ്പവും അത്തരമൊരു അവസരത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘അവരുടെ സിനിമകൾ കണ്ടാണ് വളർന്നത്. ഇന്ന് ഞങ്ങൾ അഭിനേതാക്കളായി മാറിയതിന് അവർ ഒരുക്കിയ വഴിക്ക് വലിയ പങ്കുണ്ട്. ലാൽ സാറിനൊപ്പം നടനായും സംവിധായകനായും പ്രവർത്തിക്കാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമായാണ് ഞാൻ കാണുന്നത്. മമ്മൂക്കയ്ക്കൊപ്പവും ഒരിക്കൽ അത്തരത്തിൽ പ്രവർത്തിക്കാൻ കഴിയുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്,’ പൃഥ്വിരാജ് കൂട്ടിച്ചേർത്തു.

പൃഥ്വിരാജ് സുകുമാരൻ, കരീന കപൂർ. Photo: Facebook.com

യഥാർത്ഥ സംഭവത്തെ അടിസ്ഥനമാക്കി മേഘ്ന ഗുൽസാർ സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലർ മൂവിയാണ് ‘ദായ്റ’. കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിൽ കരീന കപൂർ ഖാൻ ഡി.സി.പി അജൂനി കോഹ്‌ലിയായും പൃഥ്വിരാജ് ഡി.സി.പി രമൺ കുമാറായും എത്തുന്നു. കാണാതായ ഒരു പെൺകുട്ടിയുടെ കേസാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രം സെപ്റ്റംബർ 18ന് തിയറ്ററുകളിലെത്തും.

Content Highlight: Prithviraj opens up about his experience working with Mammootty and Mohanlal

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more