| Monday, 24th November 2025, 10:06 am

അതാണ് ഇന്ദുഗോപന്റെ ക്യാരക്ടര്‍ ആര്‍ക്കിന്റെ ഭംഗി; ഈഗോയല്ല ആഗ്രഹങ്ങളുടെ സംഘര്‍ഷം: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പുതിയതായി തിയേറ്ററുകളിലെത്തിയ വിലായത്ത് ബുദ്ധയെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ പൃഥ്വിരാജ്. ജി.ആര്‍. ഇന്ദുഗോപന്റെ നോവലിനെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രം സംവിധാനം ചെയ്തത് ജയന്‍ നമ്പ്യരാണ്.

രണ്ട് വ്യക്തികളുടെ തീവ്രമായ അഭിലാഷത്തിന്റെ, ആഗ്രഹത്തിന്റെ സംഘര്‍ഷമാണ് തനിക്ക് പുസ്തകത്തില്‍ വായിക്കാനായതും സംവിധായകന്‍ ജയന്‍ ചിത്രീകരിച്ചതെന്നും പൃഥ്വിരാജ് പറയുന്നു.

‘തൂവെള്ള ഭാസ്‌കരന്‍ തീട്ടം ഭാസ്‌കരനായി മാറുന്ന സംഭവത്തില്‍ നിന്ന് അന്തിമമായി കൊണ്ടു നടക്കുന്ന ഒരു ആഗ്രഹമുണ്ട്. പ്രണയിനിക്കും നാടിനും വേണ്ടി മോഹനന്‍ എന്ന ചന്ദന കൊള്ളക്കാരന്‍ കൊണ്ടു നടക്കുന്ന ആഗ്രഹവുമുണ്ട്. മോഹനന്റെ ആഗ്രഹത്തിന് ഭാസ്‌കരന്റെ വീട്ടുമുറ്റത്തെ ചന്ദനമരം ആവശ്യമായി വരുന്ന ഘട്ടമെത്തുന്നു.

ഈ രണ്ടു മനുഷ്യര്‍ക്കിടയില്‍ ഈഗോയല്ല, ആഗ്രഹങ്ങളുടെ സംഘര്‍ഷമാണ്,’ പൃഥ്വിരാജ് പറയുന്നു. അത് ഈഗോയിലേക്കു മറി കടക്കുന്നത് അവരുടെ ഭൂതകാലം കാരണമാണ്. അവര്‍ക്ക് പരസ്പരം ആവശ്യമായി വരുന്നതാണ് ഇന്ദുഗോപന്റെ ക്യാരക്ടര്‍ ആര്‍ക്കിന്റെ ഭംഗി.

സാധാരണ പ്രേക്ഷകന് സുപരിചിതമല്ലാത്ത ഒരു ലോകമുണ്ട്. മറയൂര് വഴി വാഹനമോടിച്ച് പോകുന്ന ഒരാള്‍ കാണുന്ന സംരക്ഷിത ചന്ദന മരങ്ങളോ അല്ലെങ്കില്‍ അവിടെയൊരു ഹോട്ടലില്‍ മുറിയെടുത്തു രണ്ടുമൂന്നു ദിവസം കൊണ്ട് കാണുന്ന ഒരു ഭൂമികയോ അല്ല മറയൂര്‍, കരയൂര്‍, കാന്തല്ലൂര്‍, കീഴാന്തൂര്‍, കൊട്ടകുടി ഭൂപ്രദേശത്തിനുള്ളത്,’ പൃഥ്വിരാജ് പറയുന്നു.

കാന്തല്ലൂര് തന്റെ അച്ഛനൊരു വീടും എസ്റ്റേറ്റും വാങ്ങിയിരുന്നുവെന്നും കുട്ടിക്കാലം അവിടെ കുറെ ചെലവഴിച്ചിട്ടുള്ളതിനാല്‍ തനിക്ക് ആ പ്രദേശം കുറെയൊക്കെ അറിയാമെന്നും പൃഥ്വിരാജ് പറഞ്ഞു. ആ ലോകം പ്രേക്ഷകനിലേക്ക് എത്തിക്കുകയെന്ന ദൗത്യവും വിലായത്ത് ബുദ്ധ എന്ന സിനിമയ്ക്കുണ്ടെന്നും പൃഥ്വി പറഞ്ഞു.

Content highlight: Prithviraj is talking about the recently released film Vilayathu Buddha

We use cookies to give you the best possible experience. Learn more