| Wednesday, 17th June 2026, 6:48 pm

കാളിയന്‍ മുതല്‍ കറാച്ചി വരെ... അനൗണ്‍സ് ചെയ്തിട്ടും ഷൂട്ട് തുടങ്ങാത്ത സിനിമകള്‍ പൃഥ്വിരാജിന് തന്നെ, വൈറലായി പോസ്റ്റ്

അമര്‍നാഥ് എം.

മലയാളസിനിമയെ അടുത്ത ലെവലിലെത്തിക്കുമെന്ന് തീരുമാനിക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന താരങ്ങളിലൊരാളാണ് പൃഥ്വിരാജ്. 14 വര്‍ഷം മുമ്പ് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ഓരോന്നോരോന്നായി താരം പൂര്‍ത്തിയാക്കുകയാണ്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ഒടിയന്‍ കഴിഞ്ഞദിവസം അനൗണ്‍സ് ചെയ്തിരുന്നു.

ഭ്രമയുഗം, ഭൂതകാലം, ഡീയസ് ഈറേ തുടങ്ങി ഹൊറര്‍ സിനിമകള്‍ക്ക് പുതിയൊരു ഭാഷ്യമൊരുക്കിയ രാഹുല്‍ സദാശിവനാണ് ഒടിയന്‍ അണിയിച്ചൊരുക്കുന്നത്. ബോളിവുഡ് വമ്പന്മാരായ ധര്‍മ പ്രൊഡക്ഷന്‍സിനെ മലയാളത്തിലേക്ക് കൊണ്ടുവരാനും പൃഥ്വിരാജിന് സാധിച്ചു. കേരളത്തില്‍ വലിയ പ്രചാരമുള്ള മിത്തിനെ ആസ്പദമാക്കിയാണ് ഒടിയന്‍ ഒരുങ്ങുന്നത്.

എന്നാല്‍ ഒടിയന്‍ അനൗണ്‍സ് ചെയ്തതിന് പിന്നാലെ പൃഥ്വിയുടെ മറ്റ് ചില പ്രൊജക്ടുകള്‍ ചര്‍ച്ചയായിരിക്കുകയാണ്. പലപ്പോഴായി പൃഥ്വിയുടേതായി അനൗണ്‍സ് ചെയ്ത ചില പ്രൊജക്ടുകള്‍ ഇപ്പോഴും വെളിച്ചം കണ്ടിട്ടില്ല. 2018ല്‍ അനൗണ്‍സ് ചെയ്ത കാളിയനാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട പ്രൊജക്ട്. നവാഗതനായ എസ്. മഹേഷ് സംവിധാനം ചെയ്യുന്ന പ്രൊജക്ടിന്റെ ഫസ്റ്റ് ലുക്ക് ഒരുപാട് ചര്‍ച്ചയായിരുന്നു. ചിത്രത്തിന്റെ ഷൂട്ട് എന്ന് തുടങ്ങുമെന്നോ എപ്പോള്‍ തിയേറ്ററുകളിലെത്തുമെന്നോ ആര്‍ക്കും അറിയില്ല.

പൃഥ്വിരാജ്, ടൊവിനോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കെ.എസ് ബാവ സംവിധാനം ചെയ്യുമെന്നറിയിച്ച കറാച്ചി 81 ആണ് മറ്റൊരു ചിത്രം. സ്‌പൈ ആക്ഷന്‍ ത്രില്ലറായി ഒരുങ്ങുമെന്നറിയിച്ച ചിത്രം അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ മാത്രം പുറത്തുവിട്ട ശേഷം മായയായി. 18ാം പടിക്ക് ശേഷം ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രവും ഡ്രോപ്പായെന്നാണ് റിപ്പോര്‍ട്ട്.

എന്ന് നിന്റെ മൊയ്തീന് ശേഷം ആര്‍.എസ്. വിമല്‍ സംവിധാനം ചെയ്യുന്ന കര്‍ണന്‍, ഷാജി കൈലാസിന്റെ സംവിധാനത്തില്‍ പൃഥ്വിരാജ് മൂന്ന് വേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന രഘുപതി രാഘവ രാജാറാം, വിമാനത്തിന് ശേഷം പ്രദീപ് എം. നായര്‍ സംവിധാനം ചെയ്യേണ്ടിയിരുന്ന മീറ്റര്‍ ഗേജ് 1904 എന്നിങ്ങനെ നിരവധി പ്രൊജക്ടുകള്‍ അനൗണ്‍സ്‌മെന്റില്‍ മാത്രം ഒതുങ്ങി പോയിട്ടുണ്ട്.

കന്നഡയിലെ മുന്‍നിര പ്രൊഡക്ഷന്‍ ഹൗസായ ഹോംബാലെയുമായി ഒന്നിക്കുന്ന ടൈസണും അനൗണ്‍സ്‌മെന്റില്‍ മാത്രം ഒതുങ്ങിയ ചിത്രമാണ്. ലൂസിഫറിന് ശേഷം പൃഥ്വി സംവിധായ കുപ്പായമണിയുന്ന ചിത്രമായിരുന്നു ടൈസണ്‍. എന്നാല്‍ അനൗണ്‍സ് ചെയ്തിട്ടും നടക്കാത്ത പ്രൊജക്ടുകള്‍ക്ക് പകരം താരം ചെയ്ത സിനിമകളെല്ലാം പൃഥ്വിയുടെ കരിയറില്‍ ഗുണം ചെയ്യുമെന്നാണ് സിനിമാപ്രേമികള്‍ കരുതുന്നത്.

Content Highlight: Prithviraj has more projects that announced and no updates came after that

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more