| Sunday, 20th September 2026, 8:32 am

പൃഥ്വിരാജിന് മലയാളത്തിന് പുറമെ ഹിന്ദിയിലും ഹാട്രിക്ക്; പക്ഷേ ഫ്‌ളോപ്പിലാണെന്ന് മാത്രം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്കെന്നും പ്രിയപ്പെട്ട അഭിനേതാവും സംവിധായകനുമാണ് പൃഥ്വിരാജ്. മലയാളത്തിലെ ഏറ്റവും വലിയ രണ്ട് വിജയ ചിത്രങ്ങളായ എമ്പുരാനും ലൂസിഫറും സംവിധാനം ചെയ്ത പൃഥ്വി അന്യഭാഷാ ചിത്രങ്ങളിലും സജീവമാണ്. പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത സലാറില്‍ പ്രഭാസിനൊപ്പം പ്രധാനവേഷത്തിലെത്തിയ താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രമാണ് എസ്.എസ് രാജമൗലി സംവിധാനം ചെയ്യുന്ന വാരണാസി.

ഇന്ത്യയില്‍ ഇന്നേവരെ നിര്‍മിച്ചതില്‍ വെച്ച് ഏറ്റവും ചെലവേറിയ ചിത്രം എന്ന പ്രത്യേകതയോടെ ഒരുങ്ങുന്ന വാരണാസിയില്‍ വില്ലനായാണ് പൃഥ്വി വേഷമിടുന്നത്. താരത്തിന്റേതായി കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ ഹിന്ദി ചിത്രമാണ് മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്ത ദായ്‌റ. പൃഥ്വിയ്‌ക്കൊപ്പം കരീന കപൂറും പ്രധാനവേഷത്തിലെത്തിയ ചിത്രം ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായിട്ടായിരുന്നു സംവിധായിക ഒരുക്കിയത്.

Photo: IMDB

എന്നാല്‍ ആദ്യദിവസത്തെ ഷോയ്ക്ക് പിന്നാലെ ചിത്രം ബോക്‌സ് ഓഫീസില്‍ കൂപ്പുകുത്തിയ കാഴ്ചയ്ക്കാണ് സിനിമാലോകം സാക്ഷ്യംവഹിക്കുന്നത്. ഓപ്പണിങ് ദിനത്തില്‍ ചിത്രത്തിന് നേടാന്‍ സാധിച്ചിരിക്കുന്നത് 1.75 കോടി രൂപ മാത്രമാണ്. പൃഥ്വിരാജ് നായകനായ ചിത്രത്തിന്റെ മലയാളം ഡബ്ബ് വേര്‍ഷന് കേരളത്തില്‍ നിന്ന് ആദ്യദിനത്തില്‍ ഒരു ലക്ഷം പോലും ലഭിച്ചിട്ടില്ലെന്നതും ചിത്രത്തിന്റെ നിസഹായാവസ്ഥ വെളിവാക്കുന്നു. 96000 രൂപ മാത്രമാണ് കേരളത്തില്‍ നിന്നും ചിത്രത്തിന്റെ മലയാളം വേര്‍ഷന് ലഭിച്ചിരിക്കുന്നത്.

ഇതോടെ ഏതൊരു നടനും ആഗ്രഹിക്കാത്ത ഒരു നേട്ടമാണ് പൃഥ്വിയെ തേടിയെത്തിയിരിക്കുന്നത്. മലയാളത്തിലും ഹിന്ദിയിലും അവസാനമായി അഭിനയിച്ച മൂന്ന് ചിത്രങ്ങളും പരാജയമായിക്കൊണ്ട് നാണക്കേടിന്റെ ഹാട്രിക്ക് നേടിയിരിക്കുകയാണ് താരം. മലയാളത്തില്‍ താരത്തിന്റേതായി പുറത്തിറങ്ങിയ മൂന്ന് ചിത്രങ്ങളും പരാജയമായിരുന്നു. വിലായത്ത് ബുദ്ധയും ഐ നോബഡിയും ബോക്‌സ് ഓഫീസില്‍ ഡിസാസ്റ്ററായി മാറിയപ്പോള്‍ കൂട്ടത്തില്‍ ഭേദം ഖലീഫയായിരുന്നു. എങ്കിലും ചിത്രത്തിന് മുടക്കുമുതല്‍ തിരിച്ചുപിടിക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Photo: IMDB

അതേസമയം ഹിന്ദിയില്‍ ബഡേ മിയാന്‍ ഛോട്ടേ മിയാന്‍ മുതലാണ് താരത്തിന്റെ സമീപകാലത്തെ ഹിന്ദിയിലെ ഫ്‌ളോപ്പ് ചാര്‍ട്ട് ആരംഭിക്കുന്നത്. അക്ഷയ് കുമാര്‍, ടൈഗര്‍ ഷ്‌റോഫ് തുടങ്ങി വമ്പന്‍ താരനിര അണിനിരന്ന ചിത്രത്തില്‍ വില്ലനായിട്ടായിരുന്നു പൃഥ്വി വേഷമിട്ടത്. വന്നതിനെക്കാള്‍ വേഗത്തിലായിരുന്നു ചിത്രം തിയേറ്റര്‍ വിട്ടത്. പിന്നാലെയെത്തിയ സര്‍സമീന്റെയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ഇപ്പോഴിതാ ആദ്യ ദിനത്തെ പ്രതികരണത്തിന് പിന്നാലെ സമാന അവസ്ഥയിലേക്കാണ് ദായ്‌റയും നീങ്ങുന്നതെന്നത് താരത്തെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

Content Highlight: Prithviraj gets Hattrick flop on both Hindi and Malayalam movies

Latest Stories

We use cookies to give you the best possible experience. Learn more