| Saturday, 26th July 2025, 5:30 pm

എമ്പുരാനില്‍ പ്രണവിനെ കാസ്റ്റ് ചെയ്യാനുള്ള കാരണം അതാണ്, L3യിലും അയാള്‍ ഉണ്ടാകും: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഈ വര്‍ഷം മലയാളത്തിലെ ഏറ്റവുമുയര്‍ന്ന കളക്ഷന്‍ സ്വന്തമാക്കിയ ചിത്രമാണ് എമ്പുരാന്‍. മോഹന്‍ലാലിനെ നായകനാക്കിക്കൊണ്ടുള്ള പൃഥ്വിരാജിന്റെ മൂന്നാമത്തെ സംവിധാന സംരംഭം ഇന്‍ഡസ്ട്രിയിലെ പല കളക്ഷന്‍ റെക്കോഡുകളും തകര്‍ത്തെറിഞ്ഞു. ആദ്യദിന കളക്ഷന്‍ മുതല് ഫൈനല്‍ കളക്ഷന്‍ വരെ പല റെക്കോഡുകളും എമ്പുരാന് മുന്നില്‍ മുട്ടുമടക്കി. 262 കോടിയാണ് ചിത്രം തിയേറ്ററുകളില്‍ നിന്ന് നേടിയത്.

മൂന്നാം ഭാഗത്തിന് സാധ്യത നല്കിക്കൊണ്ടാണ് എമ്പുരാന്‍ അവസാനിച്ചത്. സ്റ്റീഫന്‍ നെടുമ്പള്ളി എന്ന സാധാരണക്കാരന്‍ എങ്ങന ഖുറേഷി അബ്രാമായി മാറി എന്നതാണ് മൂന്നാം ഭാഗം പറയുന്നത്. എമ്പുരാന്റെ പോസ്റ്റ് ക്രെഡിറ്റ് സീനില്‍ മോഹന്‍ലാലിന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് പ്രണവ് മോഹന്‍ലാലായിരുന്നു. തിയേറ്ററുകളില്‍ പ്രണവിന്റെ സീനിന് വന്‍ കൈയടിയായിരുന്നു.

ഇപ്പോഴിതാ എമ്പുരാനില്‍ പ്രണവിനെ കാസ്റ്റ് ചെയ്തതിനെക്കുറിച്ച് സംസാരിക്കുകയാണ് പൃഥ്വിരാജ്. സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രത്തിന്റെ ചെറുപ്പകാലം സിനിമയില്‍ അവതരിപ്പിക്കേണ്ടത് അത്യാവശ്യമായിരുന്നെന്ന് പൃഥ്വിരാജ് പറഞ്ഞു. എന്നാല്‍ അതിനായി എ.ഐയുടെ സഹായമോ ഫേസ് റീപ്ലേസ്‌മെന്റോ നടത്താന്‍ താന്‍ ഒരുക്കമല്ലായിരുന്നെന്നും അതുകൊണ്ടാണ് പ്രണവിനെ കാസ്റ്റ് ചെയ്തതെന്നും താരം കൂട്ടിച്ചേര്‍ത്തു. നയന്‍ദീപ് രക്ഷിതിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എമ്പുരാനില്‍ സ്റ്റീഫന്‍ നെടുമ്പള്ളിയുടെ ചെറുപ്പകാലം കാണിക്കേണ്ടത് കഥയുടെ ആവശ്യമായിരുന്നു. അയാള്‍ എങ്ങനെയാണ് ഇന്ന് കാണുന്ന രീതിയില്‍ വളര്‍ന്നതെന്ന് പ്രേക്ഷകര്‍ക്ക് കാണിച്ചുകൊടുക്കണം. അപ്പോള്‍ ആ കഥാപാത്രത്തിന്റെ 20 വയസുമുതലുള്ള കാര്യങ്ങള്‍ കാണിക്കണം. ഈ സിനിമയില്‍ എ.ഐയോ ഫേസ് റീപ്ലേസ്‌മെന്റോ ചെയ്യാന്‍ ഞാന്‍ ഒരുക്കമല്ലായിരുന്നു.

അങ്ങനെയാണ് പ്രണവിനെ ഈ സിനിമയിലേക്ക് കൊണ്ടുവന്നത്. ലാലേട്ടന് 20 വയസുള്ളപ്പോള്‍ എങ്ങനെയായിരുന്നോ അതുപോലെയാണ് പ്രണവ് ഇപ്പോഴുള്ളത്. അതായിരുന്നു ഞങ്ങളുടെ അഡ്വാന്റേജ്. സത്യം പറഞ്ഞാല്‍ ഈ സിനിമയില്‍ പ്രണവിന്റെ ഗെറ്റപ്പിന് റഫറന്‍സായത് ലാലേട്ടന്റെ ആദ്യസിനിമയായ മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ കഥാപാത്രമാണ്.

ഇനി വരാന്‍ പോകുന്ന L3യിലും പ്രണവ് ഭാഗമാകുന്നുണ്ട്. പക്ഷേ അയാളുടെ ഭാഗങ്ങള്‍ വളരെ കുറവായിരിക്കും. ലാല്‍ സാറിന്റെ ഭാഗങ്ങള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം. എന്തായാലും മൂന്നാം ഭാഗത്തിന്റെ വര്‍ക്കുകള്‍ അധികം വൈകാതെ തുടങ്ങും. ബാക്കി കാര്യങ്ങളൊക്കെ വഴിയേ അറിയിക്കും,’ പൃഥ്വിരാജ് പറയുന്നു.

Content Highlight: Prithviraj explains why he cast Pranav Mohanlal in Empuraan movie

We use cookies to give you the best possible experience. Learn more