| Friday, 2nd January 2026, 4:35 pm

ദുല്‍ഖര്‍ വെട്ടിയ വഴിയെ പൃഥ്വിരാജും; സലാറിനും വാരണാസിക്കും പിന്നാലെ തെലുങ്കില്‍ വേരുറപ്പിച്ച് താരം

അശ്വിന്‍ രാജേന്ദ്രന്‍

മലയാളത്തിലെ നായകനടന്മാര്‍ അന്യഭാഷയില്‍ അതിഥി വേഷങ്ങള്‍ ചെയ്യുന്നത് പുതുമയുള്ള കാര്യമല്ല. എന്നാല്‍ രണ്ടാമതൊരു ഇന്‍ഡസ്ട്രിയില്‍ ചെന്ന് തന്റെതായ മാര്‍ക്കറ്റ് വാല്യൂ സൃഷ്ടിച്ചെടുക്കുക എളുപ്പമുള്ള കാര്യമല്ല. ഇത് വളരെ വൃത്തിയായി ചെയ്ത് കാണിച്ച താരമാണ് ദുല്‍ഖര്‍ സല്‍മാന്‍.

ദുല്‍ഖര്‍ സല്‍മാന്‍. Photo: The Hollywood Reporter India

മലയാളത്തില്‍ ചുവടുറപ്പിച്ച് അന്യഭാഷകളിലേക്ക് ചേക്കേറിയ താരം ഹിന്ദിയിലും തെലുങ്കിലും ഇതിനോടകം തന്റെതായ സ്‌പേസ് സൃഷ്ടിച്ചെടുത്തിട്ടുണ്ട്. താരത്തിന്റെ വഴിയെ പതിയെ ഇന്റസ്ട്രികളുടെ അതിര്‍ വരമ്പുകള്‍ മായ്ച്ച് കൊണ്ട് മികച്ച അന്യഭാഷ ചിത്രങ്ങളുടെ ഭാഗമാകുകയാണ് മലയാളത്തിന്റെ സൂപ്പര്‍ താരം പൃഥ്വിരാജും.

2012 ല്‍ പുറത്തിറങ്ങിയ അയ്യാ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ പൃഥ്വി അരങ്ങേറ്റം കുറിച്ചിരുന്നെങ്കിലും പിന്നീട് താരം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത് മലയാളം സിനിമയിലാണ്. മലയാളത്തിലെ സംവിധാന സംരഭങ്ങളിലൂടെ ഇന്ത്യ മൊത്തത്തില്‍ ശ്രദ്ധിക്കപ്പെട്ട താരം ഒരിടവേളക്ക് ശേഷം അന്യഭാഷയിലേക്ക് ചുവടുമാറ്റിയിരുന്നു.

അക്ഷയ് കുമാര്‍, ടൈഗര്‍ ഷ്‌റോഫ് ചിത്രമായ ബഡേ മിയാന്‍ ചോട്ടെ മിയാനില്‍ വില്ലനായും കാജോളിനൊപ്പം നായകനായി സര്‍സമീനിലും താരം വേഷമിട്ടിരുന്നു. പക്ഷേ രണ്ടു ചിത്രവും പ്രതീക്ഷക്കൊത്തുയര്‍ന്നിരുന്നില്ല. എന്നാല്‍ കെ.ജി.എഫി നു ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത സലാറില്‍ പ്രഭാസിനൊപ്പം നായക തുല്ല്യമായ വേഷം ചെയ്യാന്‍ പൃഥ്വിരാജിനായത് താരത്തിന്റെ തെലുങ്ക് കന്നട ഭാഷകളിലെ ഗ്രാഫ് ഉയര്‍ത്തുന്നതിന് സഹായകരമായി.

പിന്നീട് ഇന്ത്യയിലെ ഏത് താരവും കൊതിക്കുന്ന അവസരമാണ് പൃഥ്വിരാജിനെ തേടിയെത്തിയത്. ബാഹുബലിക്കും ആര്‍.ആര്‍.ആറിനും ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന വാരണാസിയില്‍ വില്ലന്‍ വേഷമാണ് താരം അവതരിപ്പിക്കുക. തെലുങ്കിലെ ഏറ്റവും വലിയ ആരാധക പിന്തുണയുള്ള മഹേഷ് ബാബുവാണ് ചിത്രത്തില്‍ നായകനായെത്തുന്നതെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

Photo: The statesman

രാജമൗലി ചിത്രത്തിന്റെ ഭാഗമാകുന്നതോടെ പൃഥ്വിരാജിന് അന്യഭാഷകളില്‍ ലഭിക്കുന്ന എക്‌സ്‌പോഷര്‍ ചെറുതല്ല. ഹൈദരാബാദില്‍ നടന്ന ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ചിലടക്കം മികച്ച സ്വീകരണമാണ് താരത്തിന് ലഭിച്ചത്. ഇതിന് പിന്നാലെ സൂപ്പര്‍ താരം നാനി നായകനായെത്തുന്ന ഡാര്‍ക്ക് കോമഡി ത്രില്ലറിലും താരം ഭാഗമാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ബ്ലഡി റോമിയോ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുജീത്ത് ആണ്.

മലയാളത്തിലും പുതുവര്‍ഷത്തില്‍ മികച്ച പ്രൊജക്ടുകളാണ് താരത്തിന്റെതായി വരാനിരിക്കുന്നത്. വൈശാഖ് സംവിധാനം ചെയ്യുന്ന ഖലീഫയാണ് ഇതില്‍ പ്രധാനപ്പെട്ടത്. സ്വര്‍ണക്കടത്തുകാരനായ ആമിര്‍ അലിയായി താരം വേഷമിടുന്ന ചിത്രത്തില്‍ മോഹന്‍ലാലും ഭാഗമാവുന്നെന്ന് വാര്‍ത്ത പുറത്തു വന്നതോടെ ചിത്രത്തിന്റെ ഹൈപ്പ് ഇരട്ടിയായിരുന്നു.

Content Highlight: Prithviraj concentrate more on Telegu film indudtry

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more