| Tuesday, 16th June 2026, 12:37 pm

ഒടിയനായി പൃഥ്വി, ഒപ്പം മഞ്ജുവും; വീണ്ടും ഞെട്ടിക്കാന്‍ രാഹുല്‍ സദാശിവന്‍

അശ്വിന്‍ രാജേന്ദ്രന്‍

കണ്ടുപഴകിയ ഹൊറര്‍ ചിത്രങ്ങളില്‍ നിന്നും മാറി മലയാളികളെ ഭയപ്പെടുത്തിയ സംവിധായകനാണ് രാഹുല്‍ സദാശിവന്‍. മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ഭ്രമയുഗത്തിലൂടെയും പ്രണവ് മോഹന്‍ലാല്‍ പ്രധാനവേഷത്തിലെത്തിയ ഡിയസ് ഈറെയിലൂടെയും പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടായിരുന്നു രാഹുല്‍ മലയാള സിനിമയില്‍ തന്റെ സ്ഥാനം അടയാളപ്പെടുത്തിയത്.

ഇപ്പോഴിതാ ഈ ഴോണറില്‍ നിന്നും താന്‍ മാറാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടുള്ള രാഹുലിന്റെ അടുത്ത ചിത്രത്തെ കുറിച്ചുള്ള വാര്‍ത്തയാണ് ഇപ്പോള്‍ സിനിമാ ലോകത്തെ ചര്‍ച്ചാ വിഷയം. മലയാളത്തില്‍ ഒരിക്കല്‍ പരീക്ഷിച്ച് പരാജയപ്പെട്ട ഒടിയനുമായാണ് രാഹുല്‍ സദാശിവന്‍ തന്റെ അടുത്ത പ്രൊജക്ടിനൊരുങ്ങുന്നത്. പൃഥ്വിരാജ് കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രത്തില്‍ മഞ്ജു വാര്യരും പ്രധാനവേഷത്തിലെത്തുന്നുണ്ട്.

Photo: X.com

എന്നാല്‍ ഹൈപ്പുയര്‍ത്തുന്ന മറ്റൊരു ഫാക്ടര്‍ ചിത്രത്തിന്റെ നിര്‍മാതാവായി എത്തുന്നത് ബോളിവുഡ് ഭീമനായ കരണ്‍ ജോഹാറാണെന്ന കാര്യമാണ്. കരണിന്റെ നിര്‍മാണ കമ്പനിയായ ധര്‍മ പ്രൊഡക്ഷന്‍സും പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. വമ്പന്‍ സ്‌കെയിലില്‍ ചിത്രം ഒരുക്കാനുള്ള അവസരമാണ് രാഹുലിന് ഇതോടെ കൈ വന്നിരിക്കുന്നത്.

മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ്, കന്നട, ഹിന്ദി ഭാഷകളിലും ചിത്രം ഒരുക്കുന്നുണ്ട്. റെഡ് റെയ്ന്‍, ഭ്രമയുഗം, ഡിയസ് ഈറെ തുടങ്ങിയ ചിത്രങ്ങളിലൂടെ തന്റെ കഴിവ് തെളിയിച്ച രാഹുലിന് പാന്‍ ഇന്ത്യന്‍ തലത്തില്‍ ചിത്രം ഒരുക്കാനുള്ള അവസരമാണ് ഇതോടെ കൈ വന്നിരിക്കുന്നത്. വലിയ ഒരു വിഭാഗം സിനിമാ പ്രേമികള്‍ സംവിധായകന്റെ ചിത്രത്തിനായി കാത്തിരിക്കുന്നുണ്ട്.

രാഹുല്‍ സദാശിവന്‍. Photo: X.com

ഒടിയനും കൂടെ ലിസ്റ്റില്‍ ചേര്‍ന്നതോടെ ഒരു മലയാള നടന്റെ ഏറ്റവും മികച്ച അപ്കമിങ് ചിത്രങ്ങളുടെ ലിസ്റ്റാണ് പൃഥ്വിരാജ് സ്വന്തമാക്കിയിരിക്കുന്നത്. ഓണം റിലീസിയെത്തുന്ന ഖലീഫയും രാജമൗലിയുടെ വാരണാസിയും അടക്കം വമ്പന്‍ ചിത്രങ്ങളാണ് താരത്തിന്റെതായി വരാനിരിക്കുന്നത്.

Content Highlight: Prithviraj as odiyan in rahul sadashivan’s next project

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more