മലയാള ചലച്ചിത്ര രംഗത്ത് നടന്‍, സംവിധായകന്‍, നിര്‍മാതാവ് എന്നീ നിലകളില്‍ തിളങ്ങിനില്‍ക്കുന്ന താരമാണ് പൃഥ്വിരാജ്. മലയാള ചലച്ചിത്ര പിന്നണി ഗാനരംഗത്തും പൃഥ്വി അദ്ദേഹത്തിന്റേതായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.
2009-ല്‍ പുറത്തിറങ്ങിയ ‘പുതിയ മുഖം’ എന്ന ചിത്രത്തിലെ ടൈറ്റില്‍ ഗാനം പാടിക്കൊണ്ടാണ് അദ്ദേഹം പിന്നണി ഗാനരംഗത്തേക്ക് കടന്നുവന്നത്. ദീപക് ദേവ് ഈണം നല്‍കിയ ഈ ഗാനം വലിയ ഹിറ്റായി മാറി.
പിന്നീട് അന്‍വര്‍ എന്ന ചിത്രത്തിലെ ഗോപി സുന്ദര്‍ ഈണമിട്ട ‘നിന്നെ കണ്ട കടലല പോലെ’ എന്ന് തുടങ്ങുന്ന ഗാനവും പൃഥ്വിയുടെ കരിയറിലെ മികച്ച ഗാനങ്ങളിലൊന്നായി മാറി. ഏറ്റവും ഒടുവില്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം എന്ന ചിത്രത്തിലെ ‘താതക തെയ്താരെ’ എന്ന പൃഥ്വി ആലപിച്ച ഗാനവും ഹിറ്റ് ലിസ്റ്റില്‍ ഇടം നേടിയിരുന്നു.
എന്നാല്‍ താന്‍ ഒരിക്കലും ഒരു ഗായകനല്ലെന്നും തന്നെ അത്രയും കണ്‍വിന്‍സ് ചെയ്ത് നിര്‍ബന്ധിച്ചുമൊക്കെയാണ് പലരും സിനിമകളില്‍ പാടിച്ചിട്ടുള്ളതെന്നും പറയുകയാണ് പൃഥ്വി. പാടാന്‍ വിളിക്കുന്ന മ്യൂസിക് ഡയറക്ടേഴ്‌സിനെയൊക്കെ പരമാവധി നിരുത്സാഹപ്പെടുത്തുന്ന ആളാണ് താനെന്നും പൃഥ്വി പറയുന്നു.
എന്നാല്‍ പാട്ടിന്റെ കാര്യത്തില്‍ തന്നെ കണ്‍വിന്‍സ് ചെയ്ത് വീഴ്ത്തിക്കളഞ്ഞത് വിനീത് ശ്രീനിവാസനാണെന്നും താന്‍ കണ്ടതില്‍ വെച്ച് ഏറ്റവം വലിയ കണ്‍വിന്‍സിങ് സ്റ്റാര്‍ വിനീതാണെന്നും പൃഥ്വി പറഞ്ഞു.
‘സത്യമായിട്ടും ഞാനൊരു സിംഗര്‍ ഒന്നുമല്ല. പിന്നെ എന്നെ പാടാന്‍ വിളിക്കുന്ന മ്യൂസിക് ഡയറക്ടേഴ്‌സിനെയൊക്കെ പരമാവധി നിരുത്സാഹപ്പെടുത്തുന്ന ആളാണ് ഞാന്‍. അത് അവരോട് ചോദിച്ചാല്‍ തന്നെ അറിയാന്‍ പറ്റും.
പിന്നെ എന്നെ കണ്‍വിന്‍സിങ് ചെയ്യിക്കാന്‍ വേണ്ടി മാത്രം എന്റെ ശബ്ദം ആവശ്യമാണെന്നൊക്കെ പറയുന്നവര്‍ ഉണ്ട്. ഉദാഹരണത്തിന് വിനീത്. ഹൃദയം സിനിമയുടെ കാര്യമാണ് പറയാനുള്ളത്.
ഞാന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും വലിയ കണ്‍വിന്‍സിങ് സ്റ്റാര്‍ വിനീത് ശ്രീനിവാസനാണ്. രാജു ഇതാണ് സംവഭം, ഇങ്ങനെയാണ് വേണ്ടത്. രാജു ഈ നോട്ട് പാടുമ്പോള്‍ രാജുവിന്റെ ശബ്ദത്തില്‍ ഇങ്ങനെയൊരു സാധനം വരും, അതെനിക്ക് വേണം എന്നൊക്കെ പറഞ്ഞ് നമ്മളെ വീഴ്ത്തിക്കളയും.
അത്രയും എഫേര്‍ട്ടൊക്കെ എടുത്ത് എന്നെ കണ്‍വിന്‍സ് ചെയ്യാന്‍ മാത്രം ആരെങ്കിലും ഇനി ഉണ്ടാകുമോയെന്ന് അറിയില്ല,’ പൃഥ്വിരാജ് പറഞ്ഞു.
Content Highlight: Prithviraj about Vineeth Sreenivasan a Convincing star