| Wednesday, 4th February 2026, 7:08 am

വീല്‍ചെയറിലിരിക്കുന്ന കുംഭയെ ആരും വിലകുറച്ചുകാണണ്ട, അയാള്‍ക്ക് ചെയ്യാനാകുന്ന കാര്യങ്ങള്‍ പ്രേക്ഷകര്‍ക്ക് ഊഹിക്കാനാകില്ല: പൃഥ്വിരാജ്

അമര്‍നാഥ് എം.

ഇന്ത്യന്‍ സിനിമയുടെ പൊട്ടന്‍ഷ്യല്‍ ലോകസിനിമക്ക് വെളിവാക്കുന്ന പ്രൊജക്ടായാണ് രാജമൗലിയുടെ വാരണാസിയെ സിനിമാപ്രേമികള്‍ കണക്കാക്കുന്നത്. ഓരോ അപ്‌ഡേറ്റും പ്രേക്ഷകരുടെ പ്രതീക്ഷ വാനോളം ഉയര്‍ത്തുന്ന ഒന്നാണ്. ഇനിയും പകുതിയിലേറെ ഷൂട്ട് ബാക്കിയുള്ള വാരണാസിയുടെ ആദ്യ ഇന്റര്‍വ്യൂ കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു.

നായകനായ മഹേഷ് ബാബു, നായിക പ്രിയങ്ക ചോപ്ര ജൊനാസ് എന്നിവര്‍ക്കൊപ്പം മലയാളികളുടെ സ്വന്തം പൃഥ്വിരാജും അഭിമുഖത്തില്‍ പങ്കെടുത്തു. തങ്ങളെല്ലാവരും വാരണാസിയുടെ കാര്യത്തില്‍ എക്‌സൈറ്റഡാണെന്ന് താരങ്ങള്‍ പറഞ്ഞു. തന്റെ കഥാപാത്രത്തെക്കുറിച്ച് പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച.

പൃഥ്വിരാജ് Photo: Screen grab/ Collider Interviews

രാജമൗലിയുടെ ചിത്രത്തില്‍ പൃഥ്വിരാജ് വില്ലനാകുന്നു എന്ന വാര്‍ത്ത പലരെയും അത്ഭുതപ്പെടുത്തിയിരുന്നു. പൃഥ്വിയുടെ ഫസ്റ്റ് ലുക്കും പ്രതീക്ഷ ഉയര്‍ത്തുന്നതായിരുന്നു. കുംഭ എന്ന കഥാപാത്രം പൃഥ്വിയുടെ കരിയറിലെ ഏറ്റവും മികച്ച വേഷമാകുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ വീല്‍ച്ചെയറിലിരിക്കുന്ന കുംഭയെ ആരും വിലകുറച്ചുകാണണ്ട എന്ന് പൃഥ്വിരാജ് പറഞ്ഞു. കൊളൈഡര്‍ ഇന്റര്‍വ്യൂസിനോട് സംസാരിക്കുകയായിരുന്നു താരം.

‘പലരും വിചാരിച്ചിരിക്കുന്നത് വീല്‍ചെയറിലിരിക്കുന്ന വില്ലന് ഈ സിനിമയില്‍ ഒന്നും ചെയ്യാനുണ്ടാകില്ല എന്നാണ്. എന്നാല്‍ കുംഭ എന്ന കഥാപാത്രത്തിന്റെ ചിന്തകള്‍ പലരും വിചാരിക്കുന്നതിനും മേലെയാണ്. വീല്‍ചെയര്‍ അയാളുടെ പ്രോപ്പര്‍ട്ടികളില്‍ ഒന്ന് മാത്രമാണ്. അതിലിരുന്നുകൊണ്ട് അയാള്‍ ചെയ്യുന്ന കാര്യങ്ങള്‍ പ്രേക്ഷകരെ അത്ഭുതപ്പെടുത്തും.

വാരണസി Photo: Theatrical poster

നിങ്ങള്‍ ആ പോസ്റ്ററില്‍ കണ്ടതിനപ്പുറം ആ കഥാപാത്രത്തിന് ചെയ്യാനാകും. വളരെ അപകടകാരിയായ കഥാപാത്രമാണ് കുംഭ. അയാള്‍ ചിന്തിക്കുന്ന കാര്യങ്ങളെല്ലാം ആര്‍ക്കും പ്രെഡിക്ട് ചെയ്യാനാകില്ല. കുംഭയെക്കുറിച്ച് എനിക്ക് ഇതില്‍ കൂടുതല്‍ വെളിപ്പെടുത്താനാകില്ല. പലതും നിങ്ങളെ ഞെട്ടിക്കുമെന്ന് മാത്രമേ ഇപ്പോള്‍ പറയാനാകുള്ളൂ,’ പൃഥ്വിരാജ് പറയുന്നു.

വാരണസിയുടെ പകുതിയോളം ഷൂട്ട് അടുത്തിടെ പൂര്‍ത്തിയായിരുന്നു. പുതിയ ഷെഡ്യൂള്‍ വരുംദിവസങ്ങളില്‍ ജോര്‍ജിയയില്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. അന്റാര്‍ട്ടിക്കയിലടക്കം വാരണാസിയുടെ ഷൂട്ടുണ്ട്. അന്റാര്‍ട്ടിക്കയില്‍ ഷൂട്ട് ചെയ്യുന്ന അഞ്ചാമത്തെ സിനിമയാണ് വാരണാസി. 2027 ഏപ്രില്‍ ഏഴിനാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക.

Content Highlight: Prithviraj about his character in Varanasi movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more