| Sunday, 23rd August 2026, 4:15 pm

പഞ്ചാബില്‍ മല്ലു സിംഗിന്റെ ഷൂട്ടിന് പോയാല്‍ ആദ്യം കമ്മിറ്റ് ചെയ്ത വേറൊരു പടം നടക്കാതെ പോകും, അതുകൊണ്ട് ഒഴിവാക്കി: പൃഥ്വിരാജ്

അമര്‍നാഥ് എം.

പോക്കിരി രാജക്ക് ശേഷം പൃഥ്വിരാജും വൈശാഖും ഒന്നിച്ച ഖലീഫ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. 16 വര്‍ഷത്തിന് ശേഷമാണ് ഇരുവരും ഒന്നിക്കുന്നത്. ജിനു അബ്രഹാമിന്റെ തിരക്കഥയിലൊരുങ്ങിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. വൈശാഖിന്റെ ആദ്യ ചിത്രത്തിന് ശേഷം ഇത്രയും നാളത്തെ ഗ്യാപ് ഇരുവര്‍ക്കുമിടയില്‍ വന്നത് വലിയ ചര്‍ച്ചയായിരുന്നു.

എന്നാല്‍ ഇതിനിടയില്‍ മല്ലു സിംഗ്  എന്ന പ്രൊജക്ട് വൈശാഖ് ചെയ്യാനിരുന്നത് പൃഥ്വിയെ നായകനാക്കിയായിരുന്നു. പഞ്ചാബി ഗെറ്റപ്പിലുള്ള പൃഥ്വിയുടെ പോസ്റ്ററുകള്‍ ഇന്നും സോഷ്യല്‍ മീഡിയയില്‍ കാണാന്‍ സാധിക്കും. ചിത്രത്തില്‍ നിന്ന് അവസാനനിമിഷം പൃഥ്വിരാജ് പിന്മാറിയതോടെ ഉണ്ണി മുകുന്ദന് മല്ലു സിംഗില്‍ നറുക്ക് വീഴുകയായിരുന്നു.

മല്ലു സിംഗിലൂടെ ഉണ്ണി മുകുന്ദന്‍ മോളിവുഡിന്റെ മുന്‍നിരയില്‍ സ്ഥാനം നേടുകയും ചെയ്തു. വര്‍ഷങ്ങള്‍ക്കിപ്പുറവും മല്ലു സിംഗ്  ഒഴിവാക്കിയതില്‍ പൃഥ്വിരാജിനെ പലരും വിമര്‍ശിക്കുന്നുണ്ട്. താന്‍ മല്ലു സിംഗ് ഒഴിവാക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമാക്കുകയാണ് പൃഥ്വിരാജ്. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മല്ലു സിംഗ് ഞാന്‍ ചെയ്യാമെന്നൊക്കെ ആദ്യം തീരുമാനിച്ചതായിരുന്നു. താടിയൊക്കെ വളര്‍ത്തിയ ഗെറ്റപ്പിലെ ഫോട്ടോഷൂട്ടൊക്കെ നടത്തിയതാണ്. ആ സിനിമയുടെ ഷൂട്ടില്‍ പ്രധാനപ്പെട്ട സീനുകളെല്ലാം പഞ്ചാബിലാണ്. അവിടെ ഒരു മാസത്തിനടുത്ത് പോകേണ്ടി വരും. അങ്ങനെ വരുമ്പോള്‍ ഇവിടെ ഞാന്‍ ചെയ്യേണ്ട ഹീറോയുടെ ഷൂട്ടിന് എത്താന്‍ പറ്റില്ല.

മല്ലു സിംഗിന് മുമ്പ് ഞാന്‍ കമ്മിറ്റ് ചെയ്ത പടമായിരുന്നു അത്. ദീപനായിരുന്നു ഹീറോയുടെ ഡയറക്ടര്‍. ആദ്യം കമ്മിറ്റ് ചെയ്ത പടമായതുകൊണ്ട് ഹീറോയ്ക്ക് ഞാന്‍ ഇംപോര്‍ട്ടന്‍സ് കൊടുത്തു. അങ്ങനെയാണ് മല്ലു സിങ് ഒഴിവാക്കേണ്ടി വന്നത്. അതിന് ശേഷം വൈശാഖിന്റെ കൂടെ ഒരു പടം ചെയ്യാനിരുന്നതായിരുന്നു. എന്നെയും ലാലേട്ടനെയും മമ്മൂക്കയെയും വെച്ച് ഒരു പടം പ്ലാന്‍ ചെയ്‌തെങ്കിലും ചില കാരണങ്ങള്‍ കൊണ്ട് അതും നടക്കാതെ പോയി,’ പൃഥ്വിരാജ് പറയുന്നു.

അതേസമയം വന്‍ ഹൈപ്പിലും ബജറ്റിലുമെത്തിയ ഖലീഫ ബോക്‌സ് ഓഫീസില്‍ തരക്കേടില്ലാത്ത പ്രകടനമാണ് കാഴ്ചവെക്കുന്നത്. റിലീസ് ചെയ്ത് ആദ്യ വീക്കെന്‍ഡില്‍ 30 കോടിക്കടുത്ത് സ്വന്തമാക്കുമെന്നാണ് വിലയിരുത്തല്‍. സ്വര്‍ണക്കടത്തും അതുമായി ബന്ധപ്പെട്ട ഗ്യാങ് വാറുമാണ് ചിത്രത്തിന്റെ കഥ. അമീര്‍ അലി എന്ന കഥാപാത്രമായാണ് പൃഥ്വി ഖലീഫയില്‍ വേഷമിടുന്നത്.

Content Highlight: Prithviaj explains why he rejected Mallu Singh movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more