ഇന്ത്യൻ ക്രിക്കറ്റിൽ വലിയ ഉയരങ്ങൾ കീഴടക്കുമെന്ന് പലരും വിശ്വസിച്ചിരുന്ന താരമാണ് പൃഥ്വി ഷാ. ആഭ്യന്തര ക്രിക്കറ്റിൽ മിന്നും പ്രകടനങ്ങൾ നടത്തി ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച താരത്തിന് വൈകാതെ തന്നെ ഇന്ത്യൻ സീനിയർ ടീമിലേക്കും വിളി വന്നിരുന്നു.
ഇന്ത്യൻ ടെസ്റ്റ് ടീമിൽ തന്റെ അരങ്ങേറ്റത്തിൽ സെഞ്ച്വറി നേടിയ താരം പല സീനിയർ താരങ്ങളുടെയും പ്രശംസ പിടിച്ച് പറ്റിയിരുന്നു. ഇന്ത്യയെ അണ്ടർ 19 ലോകകപ്പിൽ കിരീടമണിയിച്ച നായകൻ കൂടിയായ താരത്തെ രവി ശാസ്ത്രി അടക്കമുള്ളവർ ഇതിഹാസ താരങ്ങളോട് ഉപമിച്ചിരുന്നു.
എന്നാൽ അരങ്ങേറി ഏറെ കാലം കഴിയും മുമ്പ് തന്നെ അച്ചടക്ക – ഫിറ്റ്നസ് പ്രശ്‍നങ്ങൾ മൂലം താരത്തിന് ടീമിന്റെ പുറത്തേക്കുള്ള വഴിയും തെളിഞ്ഞു. 2021ലാണ് പൃഥ്വി ഷാ ഇന്ത്യൻ ടീമിൽ അവസാനമായി ഒരു മത്സരം കളിച്ചത്. മോശം പ്രകടനത്തെ തുടർന്ന് താരത്തെ കഴിഞ്ഞ വർഷം മുംബൈ രഞ്ജി ടീമിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. പിന്നാലെ 2025 ഐ.പി.എല്ലിന് മുന്നോടിയായി നടന്ന മെഗാ ലേലത്തിൽ താരം അൺസോൾഡുമായി.
ഇപ്പോൾ തന്റെ കരിയർ നശിപ്പിച്ച കാര്യങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് പൃഥ്വി ഷാ. കരിയറിൽ താൻ ഒരുപാട് തെറ്റായ തീരുമാനങ്ങൾ എടുത്തുവെന്നും താൻ ക്രിക്കറ്റിന് വേണ്ടി സമയം ചെലവഴിച്ചില്ലെന്നും മുംബൈ താരം പറഞ്ഞു.
ചില അനാവശ്യ കാര്യങ്ങളും തെറ്റായ സൗഹൃദങ്ങളും തന്റെ ശ്രദ്ധ ക്രിക്കറ്റിൽ നിന്ന് മാറ്റിയെന്നും എട്ട് മണിക്കൂറോളം നെറ്റ്സിൽ ബാറ്റ് ചെയ്യാറുണ്ടിരുന്നത് പിന്നീട് നാലായി ചുരുങ്ങിയെന്നും താരം കൂട്ടിച്ചേർത്തു. ന്യൂസ്24 സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പൃഥ്വി ഷാ.
‘കരിയറിൽ ഞാൻ ഒരുപാട് തെറ്റായ തീരുമാനങ്ങൾ എടുത്തു. ഞാൻ ക്രിക്കറ്റിന് വേണ്ടി സമയം ചെലവഴിച്ചില്ല. മുമ്പ് നെറ്റ് സെഷനുകളിൽ ഏകദേശം പകുതി ദിവസത്തോളം ഞാൻ ബാറ്റിങ് പരിശീലിക്കാറുണ്ടായിരുന്നു. അതെന്നെ ഒരിക്കലും മടുപ്പിച്ചിരുന്നില്ല.
പക്ഷേ, ചില അനാവശ്യ കാര്യങ്ങളും തെറ്റായ സൗഹൃദങ്ങളും എന്റെ ശ്രദ്ധ ക്രിക്കറ്റിൽ നിന്ന് മാറ്റി. എന്റെ പരിശീലന സമയം 8 മണിക്കൂറിൽ നിന്ന് നാലായി കുറഞ്ഞു,’ പൃഥ്വി ഷാ പറഞ്ഞു.
തനിക്ക് ഏറെ പ്രിയപ്പെട്ട മുത്തച്ഛന്റെ വേർപാടും തന്റെ കരിയറിനെ ദോഷമായി ബാധിച്ചെന്നും പൃഥ്വി ഷാ പറഞ്ഞു. തന്റെ അച്ഛൻ എല്ലാ ഘട്ടങ്ങളും തന്നെ പിന്തുണച്ചുവെന്നും താൻ തിരിച്ചുവരവിന് ഒരുങ്ങുകയാണെന്നും താരം കൂട്ടിച്ചേർത്തു.
‘എനിക്ക് ഏറെ പ്രിയപ്പെട്ട ഒരാളായിരുന്നു എന്റെ മുത്തച്ഛൻ. അദ്ദേഹത്തെ എനിക്ക് നഷ്ടപ്പെട്ടു. കൂടാതെ പല പ്രശ്‍നങ്ങളും ജീവിതത്തിലുണ്ടായി. അതെന്നെ കൂടുതൽ ക്രിക്കറ്റിൽ നിന്ന് വഴി തിരിച്ചു. എനിക്ക് തെറ്റുകൾ ഉണ്ടായിട്ടുണ്ടെന്ന് ഞാൻ സമ്മതിക്കുന്നു.
പക്ഷേ, ബുദ്ധിമുട്ടുള്ള എല്ലാ ഘട്ടത്തിനും അച്ഛൻ എനിക്ക് വലിയ പിന്തുണ നൽകി. ഇപ്പോൾ ഞാൻ ക്രിക്കറ്റിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണ്. എനിക്ക് എന്നിൽ പൂർണ വിശ്വാസമുണ്ട്,’ പൃഥ്വി ഷാ പറഞ്ഞു
Content Highlight: Prithvi Shaw reveals reason that ruined his career in Cricket