ന്യൂദല്‍ഹി: ഭിന്നശേഷിക്കാരായ തടവുകാരുടെ തുല്യതയും അന്തസും ഉറപ്പാക്കണമെന്ന് സുപ്രീം കോടതി. ഭിന്നശേഷിക്കാരായ തടവുകാര്‍ക്ക് ജയിലുകളില്‍ മതിയായ സൗകര്യങ്ങള്‍ നിഷേധിക്കുന്നത് അവരുടെ മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും കോടതി പറഞ്ഞു.
മറ്റ് തടവുകാരെ പോലെ ഭിന്നശേഷിക്കാര്‍ക്കും അവകാശങ്ങളുണ്ടെന്നും തുല്യ പരിഗണനയും അന്തസും ലഭിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു.
രാജ്യത്തുടനീളമുള്ള ജയില്‍ സംവിധാനങ്ങള്‍ക്കുള്ളില്‍ ഭിന്നശേഷി തടവുകാര്‍ക്ക് ലഭ്യമായ അവകാശങ്ങള്‍, തടങ്കല്‍ വ്യവസ്ഥകള്‍, സ്ഥാപനപരമായ സംരക്ഷണങ്ങള്‍ എന്നിവ സംബന്ധിച്ച വിഷയം ഉന്നയിച്ച ഹരജി പരിഗണിക്കവെയായിരുന്നു കോടതി ഉത്തരവ്. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
‘ഭിന്നശേഷിക്കാരായ തടവുകാരുടെ അവകാശങ്ങള്‍ അംഗീകരിക്കുകയും നടപ്പിലാക്കുകയും ചെയ്യേണ്ടത് മാനുഷികവും അവകാശാധിഷ്ഠിതവുമായ സമീപനത്തിന് അനുസൃതമായിരിക്കണം, ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 ഉം 21 ഉം പ്രകാരം വിഭാവനം ചെയ്തിരിക്കുന്ന അടിസ്ഥാന സംരക്ഷണങ്ങളെ ഒരു തരത്തിലും ദുര്‍ബലപ്പെടുത്തുകയോ ചുരുക്കുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുകയും വേണം,’ ബെഞ്ച് പറഞ്ഞു.
2016ലെ ‘ഭിന്നശേഷിയുള്ള വ്യക്തികളുടെ അവകാശ നിയമം’ അനുസരിച്ചുള്ള ആനുകൂല്യങ്ങള്‍ ജയിലുകളിലും നടപ്പിലാക്കേണ്ടതുണ്ടെന്നും കോടതി ഉത്തരവില്‍ പറയുന്നു.
ഭിന്നശേഷിക്കാരായ തടവുകാരുടെ സ്ഥിതിവിവരക്കണക്കുകള്‍ ശേഖരിക്കാനും അവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിനെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാനും സംസ്ഥാന സര്‍ക്കാരുകളോടും ജയില്‍ അധികൃതരോടും കോടതി നിര്‍ദേശിച്ചു.
ജയില്‍ നിയമങ്ങള്‍ പരിഷ്‌ക്കരിക്കേണ്ടതുണ്ടെന്നും ഭിന്നശേഷിക്കാരായ അന്തേവാസികള്‍ക്ക് അവശ്യം വേണ്ടുന്ന മാനുഷിക പരിഗണനകള്‍ നല്‍കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും സുപ്രീം കോടതി ഊന്നിപ്പറഞ്ഞു.
Content Highlight: Prisons should be disability-friendly: Supreme Court