| Wednesday, 5th February 2025, 8:32 am

തടവുകാര്‍ക്കും അവകാശങ്ങളുണ്ട്, വിദേശികളാണെന്ന് കണ്ടെത്തിയവരെ അനന്തമായി തടവില്‍ പാര്‍പ്പിക്കാനാകില്ല; അസം സര്‍ക്കാറിനെതിരെ സുപ്രിം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വിദേശികളെന്ന് കണ്ടെത്തിയവരെ നാട് കടത്താതെ അനിശ്ചിതമായി തടങ്കലില്‍ പാര്‍പ്പിക്കുന്ന അസം സര്‍ക്കാറിന്റെ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി. പൗരന്‍മാരെ ഇത്തരത്തില്‍ അനിശ്ചിതമായി തടങ്കലില്‍ വെക്കാനാകില്ലെന്നും അവര്‍ക്കും അവകാശങ്ങളുണ്ടെന്നും സുപ്രീം കോടതി അസം സര്‍ക്കാറിനോട് പറഞ്ഞു.

വിദേശികളാണെന്ന് കണ്ടെത്തിയാല്‍ അവരെ ഉടന്‍ തന്നെ നാടുകടത്തണമെന്നും അതിന് വിലാസം പ്രശ്‌നമല്ലെന്നും അവര്‍ ഏത് രാജ്യക്കാരാണെന്ന് അറിയാമല്ലോ എന്നുമാണ് കോടതി ചോദിച്ചത്. തടങ്കലില്‍ കഴിയുന്നവരുടെ വിലാസം ലഭ്യമല്ല എന്നാണ് അവരെ നാടുകടത്തുന്നതിനുള്ള തടസ്സമായി അസം സര്‍ക്കാര്‍ പറഞ്ഞത്. വിലാസമറിയില്ലെങ്കില്‍ അവരുടെ മാതൃരാജ്യങ്ങളുടെ തലസ്ഥാനത്തേക്ക് എത്തിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു.

12 വര്‍ഷത്തിലധികമായി അസമിലെ ഡിറ്റന്‍ഷന്‍ സെന്ററുകളില്‍ കഴിയുന്ന 63 വിദേശികള്‍ക്കാണ് സ്വന്തം നാട്ടിലേക്ക് തിരിച്ച് പോകാന്‍ കഴിയാത്ത സാഹചര്യമുള്ളത്. ഇവരിലേറെയും ബംഗ്ലാദേശികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അസം സര്‍ക്കാര്‍ ഇവരെ അനിശ്ചിതകാലമായി തടങ്കലില്‍ പാര്‍പ്പിച്ചതോടെ ഇവര്‍ രാജ്യമില്ലാത്തവരായി മാറിയെന്ന് ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോളിന്‍ ഗോണ്‍സാല്‍വസ് വാദിച്ചു.

ഇന്ത്യ പറയുന്നത് അവര്‍ ഇന്ത്യക്കാരല്ലെന്നാണ്, ബംഗ്ലാദേശ് പറയുന്നത് അവര്‍ ബംഗ്ലാദേശികളല്ലെന്നുമാണ്. ഇത്തരത്തില്‍ അവര്‍ രാജ്യമില്ലാത്തവരായി 12ഉം 13ഉം വര്‍ഷമായി തടങ്കലില്‍ കഴിയുകയാണ്. വര്‍ഷങ്ങളായി ഇന്ത്യയില്‍ കഴിയുന്നവരെ ബംഗ്ലാദേശ് അവരുടെ പൗരന്മാരായി പരിഗണിക്കുന്നില്ല: കോളിന്‍ ഗോണ്‍സാല്‍വസ്

അതേസമയം വിദേശികളാണെന്ന് കണ്ടെത്തിയ എത്ര പേരെ അവരുടെ മാതൃരാജ്യങ്ങളിലേക്ക് നാടുകടത്തിയിട്ടുണ്ടെന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാറിനോട് ചോദിച്ചു. ഇന്ത്യക്കാരല്ലെന്ന് കണ്ടെത്തുകയും എന്നാല്‍ മാതൃരാജ്യമേതാണെന്ന് തിരിച്ചറിയാതിരിക്കുകയും ചെയ്ത ആളുകളെ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് അറിയിക്കണമെന്നും സുപ്രീം കോടതി കേന്ദ്ര സര്‍ക്കാറിനോട് ചോദിച്ചു. ഇക്കാര്യങ്ങളില്‍ ഒരു മാസത്തിനകം വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും സുപ്രീം കോടതി കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

എത്ര പേരെ ഇതുവരെ നാടുകടത്തിയെന്ന് അസം സര്‍ക്കാറിനോട് സുപ്രീം കോടതി ചോദിച്ചെങ്കിലും സര്‍ക്കാര്‍ അഭിഭാഷകന് കൃത്യമായ മറുപടി നല്‍കാനായില്ല. ഇക്കാര്യത്തില്‍ വിശദമായ സത്യവാങ്മൂലം നല്‍കാമെന്ന് അസം സര്‍ക്കാറിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ അറിയിച്ചെങ്കിലും സുപ്രീം കോടതി ഇത് അംഗീകരിച്ചില്ല. അസം സര്‍ക്കാറിന് ആവശ്യമായ സമയം നല്‍കിയിരുന്നെന്നും എന്നാല്‍ ഇതുവരെയും അതൊന്നും ചെയ്തിട്ടില്ലെന്നും സുപ്രീം കോടതി വിമര്‍ശിച്ചു.

അസം സര്‍ക്കാര്‍ കോടതി മുമ്പാകെ വസ്തുതകള്‍ മറച്ചുവെക്കുകയാണെന്ന് കേസ് പരിഗണിച്ച ജസ്റ്റിസുമാരിലൊളായ ജസ്റ്റിസ് ഓഖ പറഞ്ഞു. വീഴ്ചകളുണ്ടായതില്‍ മാപ്പ് പറയുന്നതായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. കേസ് ഫെബ്രുവരി 25ലേക്ക് മാറ്റി.

CONTENT HIGHLIGHTS: Prisoners also have rights, and those found to be foreigners cannot be detained indefinitely; Supreme Court against Assam Govt

We use cookies to give you the best possible experience. Learn more