തൃശൂര്‍: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കൊലവിളി പരാമര്‍ശം നടത്തിയ ബി.ജെ.പി നേതാവ് പ്രിന്റു മഹാദേവ് പൊലീസിന് മുമ്പാകെ കീഴടങ്ങി. പേരാമംഗലം പൊലീസ് സ്റ്റേഷനിലാണ് പ്രിന്റു കീഴടങ്ങിയത്.
പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പമാണ് പ്രിന്റു സ്റ്റേഷനിലെത്തിയത്. ബി.ജെ.പി നേതൃത്വത്തിന്റെ സമ്മര്‍ദത്തെ തുടര്‍ന്നാണ് പ്രിന്റു പൊലീസില്‍ കീഴടങ്ങാൻ തീരുമാനിച്ചത്.
വെളളിയാഴ്ച രാത്രി ന്യൂസ് 18ലെ രാഹുല്‍ ഗാന്ധിക്കെതിരെ പ്രിന്റു കൊലവിളി നടത്തിയത്. രാഹുല്‍ ഗാന്ധിയുടെ നെഞ്ചത്ത് ഉള്‍പ്പെടെ വെടിയുണ്ട വീഴുമെന്നായിരുന്നു പ്രസ്താവന.
‘ബംഗ്ലാദേശിലെ ജനകീയ പ്രക്ഷോഭങ്ങളെ പോലെ, അവിടെ ജനങ്ങള്‍ സര്‍ക്കാരിന്റെ കൂടെയുണ്ടായിരുന്നില്ല. ഇവിടെ ഇന്ത്യ മഹാരാജ്യത്ത് ജനങ്ങള്‍ സര്‍ക്കാരിന് ഒപ്പമുണ്ട്. അതുകൊണ്ട് പല മോഹങ്ങളുമായി ഇറങ്ങിത്തിരിച്ചാല്‍ രാഹുല്‍ ഗാന്ധിയുടെ നെഞ്ചത്ത് വരെ വെടിയുണ്ട വീഴും, ഒരു സംശയവും വേണ്ട. ജെന്‍ സി കലാപം കൊണ്ട് ഒരു ചുക്കും ഇന്ത്യയില്‍ സംഭവിക്കില്ല,’ എന്നായിരുന്നു പ്രിന്റു മഹാദേവ് ചാനല്‍ ചര്‍ച്ചയില്‍ സംസാരിച്ചത്.
സംഭവത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. പിന്നാലെ രാഹുല്‍ ഗാന്ധിക്കെതിരായ പരാമര്‍ശത്തില്‍ നടപടി ആവശ്യപ്പെട്ട് കെ.എസ്.യു ജില്ലാ പ്രസിഡന്റ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.
എന്നാല്‍ കെ.എസ്.യു നേതാവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തതോടെ പ്രിന്റു ഒളിവില്‍ പോകുകയായിരുന്നു. തുടര്‍ന്ന് ബി.ജെ.പി നേതാക്കളുടെ വസതികളില്‍ ഉള്‍പ്പെടെ പൊലീസ് റെയ്ഡ് നടത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് പൊലീസില്‍ കീഴടങ്ങാന്‍ പ്രിന്റുവിന് സമ്മര്‍ദമുണ്ടായത്. കലാപാഹ്വാനം, സമൂഹത്തില്‍ വിദ്വേഷം പ്രചരിപ്പിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് പ്രിന്റുവിനെതിരെ കേസെടുത്തത്.
പ്രിന്റു മഹാദേവിനെതിരെ നടപടിയാവശ്യപ്പെട്ട് എ.ഐ.സി.സി അംഗമായ കെ.സി. വേണുഗോപാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയക്കുകയും ചെയ്തിരുന്നു.
ബി.ജെ.പിയുടെ യുവനേതാവ് പങ്കെടുക്കുന്ന ചാനല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് പ്രതിനിധികള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പങ്കെടുക്കരുതെന്ന് കെ.പി.സി.സിയുടെ നിര്‍ദേശവുമുണ്ട്.
പ്രിന്റുവിന്റെ വീട്ടിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തുകയുമുണ്ടായി. നിയമസഭയില്‍ ഇന്ന് (ചൊവ്വ) പ്രതിപക്ഷം അടിയന്തിര പ്രമേയം അവതരിപ്പിക്കാനും ശ്രമിച്ചിരുന്നു.
Content Highlight: Print Mahadev surrendered