ന്യൂദല്‍ഹി: അയോധ്യ രാമക്ഷേത്ര കൊള്ള കേസില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിനും പങ്കുണ്ടെന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി. പ്രധാനമന്ത്രിയുമായി ഏറ്റവും അടുപ്പമുളളവരെ കൂട്ടിയുണ്ടാക്കിയ ട്രസ്റ്റ് നടത്തിയ ക്ഷേത്ര കൊള്ളയുടെ ഉത്തരവാദി പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
കേസില്‍ ക്ഷേത്ര ട്രസ്റ്റിന്റെ ട്രഷറര്‍ ഗോവിന്ദ് ദേവഗിരിയാണ് മുഖ്യ പ്രതിയെന്നും എന്നാല്‍ ചമ്പത് റായിയെ മുന്നില്‍ നിര്‍ത്തി അദ്ദേഹത്തെ സംരക്ഷിക്കാനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നതെന്നും അവിമുക്തേശ്വരാനന്ദ പറഞ്ഞു.
സംഭാലില്‍ നടക്കുന്ന ഗോ ധര്‍മ യാത്രയില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
രാഷ്ട്രീയ നേതാക്കള്‍ തെരഞ്ഞെടുത്ത ആളുകളെയാണ് ട്രസ്റ്റില്‍ ഉള്‍പ്പെടുത്തിയതെന്നും സന്യാസികളെയും പുരോഹിതന്മാരെയും അകറ്റി നിര്‍ത്തിയെന്നും അദ്ദേഹം പറഞ്ഞു.
‘ എല്ലാം നീതിപൂര്‍വമായി നടത്താനാണ് ഉദ്ദേശിച്ചിരുന്നതെങ്കില്‍ നാല് ശങ്കരാചാര്യരേയും രാമാനന്ദചാര്യയേയും മറ്റ് നേതാക്കളെയും ഏല്‍പ്പിക്കാമായിരുന്നു. പകരം വിശ്യസ്തരായ രാഷ്ട്രീയ സഹചാരികളെ നിയമിച്ചു. ഇത് തുടക്കം മുതലുള്ള ഉദ്ദേശം കാണിക്കുന്നു,’ അദ്ദേഹം പറഞ്ഞു.
വലിയ തോതിലുള്ള മോഷണങ്ങള്‍ നടത്തുന്നത് സ്വാധീനമുള്ള ആളുകളാണെന്നും അവര്‍ക്കെതിരെ ഒരു എഫ്.ഐ.ആറും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേസില്‍ പ്രതിപക്ഷം അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ചിട്ടില്ലെന്നും ക്രമക്കേടുകള്‍ ഉയര്‍ത്തികാട്ടുക മാത്രമാണ് ചെയ്തതെന്നും സരസ്വതി പറഞ്ഞു.
ബി.ജെ.പിയുടെ ഹിന്ദുത്വം വ്യാജമാണ്. അതിലെ അംഗങ്ങള്‍ വ്യാജ ഹിന്ദുക്കളാണ്. തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതിനാല്‍ പാര്‍ട്ടി യഥാര്‍ത്ഥമായിരിക്കാം, പക്ഷേ അതിന്റെ ഹിന്ദുത്വം യഥാര്‍ത്ഥമല്ല. വേദങ്ങള്‍ പിന്തുടരാത്തവര്‍ വ്യാജ ഹിന്ദുക്കളാണ്. യഥാര്‍ത്ഥ ഹിന്ദുക്കള്‍ വേദങ്ങളിലും ഗുരുക്കന്മാരിലും വിശ്വസിക്കുന്നു,’ അദ്ദേഹം പറഞ്ഞു.
Content Highlight: Prime Minister’s Office also has a role in the Ram Temple robbery; It is protecting influential people by putting Champat Rai first: Avimukteswarananda Saraswati