ന്യൂദല്‍ഹി: ഖത്തറിലെ ഇസ്രഈല്‍ ആക്രമണത്തില്‍ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സഹോദരരാജ്യമായ ഖത്തറിന്റെ പരമാധികാര ലംഘനത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് നരേന്ദ്ര മോദി പറഞ്ഞു. എക്സിലൂടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍-താനിയുമായി സംസാരിച്ചതായും പ്രധാനമന്ത്രി അറിയിച്ചു. ദോഹയിലെ ആക്രമണങ്ങളില്‍ അഗാധമായ ആശങ്ക പ്രകടിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
നയതന്ത്രത്തിലൂടെയും സംഭാഷണങ്ങളിലൂടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും സംഘര്‍ഷം ഒഴിവാക്കുന്നതിനും ഇന്ത്യയുടെ പിന്തുണയുണ്ടാകുമെന്നും പ്രധാനമന്ത്രി അറിയിച്ചു. മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും വേണ്ടിയും എല്ലാ രൂപങ്ങളിലുമുള്ള ഭീകരതക്കെതിരെയും ഇന്ത്യ ഉറച്ചുനില്‍ക്കുന്നതായും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ഇന്നലെ (ചൊവ്വ) ആണ് ഖത്തറിന്റെ തലസ്ഥാന നഗരമായ ദോഹയില്‍ ഇസ്രഈല്‍ ആക്രമണം നടത്തിയത്. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടായിരുന്നു ഇസ്രഈല്‍ സേനകളുടെ ആക്രമണം. ദോഹയ്ക്ക് നേരെ 12 തവണ ഇസ്രഈല്‍ തുടര്‍ച്ചയായി വ്യോമാക്രമണം നടത്തുകയായിരുന്നു.
പിന്നാലെ യു.എ.ഇ, സൗദി അറേബ്യ, കുവൈത്ത് ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങളും യൂറോപ്യന്‍ രാജ്യങ്ങളും രാഷ്ട്രത്തലവന്മാരും ഐക്യരാഷ്ട്ര സഭയും ദോഹയിലെ ഇസ്രഈല്‍ ആക്രമണത്തില്‍ അപലപിക്കുകയും ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ മണിക്കൂറുകള്‍ക്ക് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷയത്തില്‍ പ്രതികരിക്കുന്നത്. അതും ഇസ്രഈലിന്റെ പേരെടുത്ത് പറയാതെയാണ് മോദി അപലപിച്ചത്.
അതേസമയം ഖത്തറില്‍ ചര്‍ച്ചയ്ക്ക് എത്തിയ ഹമാസിന്റെ പ്രധാന നേതാവായ ഖലീല്‍ അല്‍-ഹയ്യ, ചീഫ് ഫിനാന്‍ഷ്യല്‍ അഡ്മിനിസ്ട്രേറ്ററായ സാഹര്‍ ജബരിന്‍ ഉള്‍പ്പടെയുള്ളവരെ ലക്ഷ്യമിട്ടായിരുന്നു ഇസ്രഈലിന്റെ ആക്രമണം.
ആക്രമണത്തില്‍ പരിക്കേല്‍ക്കാതെ മുതിര്‍ന്ന നേതാക്കള്‍ രക്ഷപ്പെട്ടെങ്കിലും അല്‍-ഹയ്യയുടെ മകനുള്‍പ്പടെ അഞ്ച് ഹമാസ് അംഗങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.
അല്‍-ഹയ്യയുടെ മകന്‍ ഹുമാം അല്‍-ഹയ്യ, ഓഫീസ് ഡയറക്ടറായ ജിഹാദ് ലബാദ് എന്നിവരും സുരക്ഷാ ഉദ്യോഗസ്ഥരായ അബ്ദുല്ല അബ്ദുല്‍ വാഹിദ്, മുഅമന്‍ ഹസൗന, അഹ്‌മദ് അല്‍-മംലുക്ക് എന്നിവരാണ് കൊല്ലപ്പെട്ടത്.
Content Highlight: Prime Minister Narendra Modi reacts to Israeli attack on Qatar