| Sunday, 17th August 2025, 8:35 pm

ആദ്യം ഭരണഘടനയെ തകര്‍ത്തു, ഇപ്പോള്‍ അതിനൊപ്പം ഡാന്‍സ് കളിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മോദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചിലര്‍ ഭരണത്തിലിരുന്നപ്പോള്‍ ഭരണഘടനയെ തകര്‍ത്തെന്നും ഇപ്പോള്‍ അവര്‍ തന്നെ ഭരണഘടനയോടൊപ്പം ഡാന്‍സ് ചെയ്യുകയാണെന്നും മോദി പറഞ്ഞു. ദല്‍ഹിയെയും രാഷ്ട്രത്തെയും കുറിച്ചുള്ള തന്റെ സര്‍ക്കാരിന്റെ കാഴ്ചപ്പാട് അവതരിപ്പിക്കുന്നതിനിടെയാണ് പ്രതിപക്ഷത്തിനെതിരെ പ്രധാനമന്ത്രിയുടെ വിമര്‍ശനം.

ദല്‍ഹിയില്‍ മുമ്പുണ്ടായിരുന്ന സര്‍ക്കാരുകള്‍ ജനങ്ങളെ കുഴിയിലേക്ക് തള്ളിവിടുകയായിരുന്നു. എന്നാല്‍ ഇന്ന് ദല്‍ഹിക്ക് ബി.ജെ.പി ഉണ്ട്. ബി.ജെ.പിക്ക് ജനങ്ങളില്‍ നിന്ന് ലഭിച്ച അനുഗ്രഹങ്ങള്‍ കാണുമ്പോള്‍ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ദഹിക്കാന്‍ കഴിയുന്നില്ല. ഹരിയാനയിലെ ജനങ്ങള്‍ ദല്‍ഹിയിലെ വെള്ളത്തില്‍ വിഷം കലര്‍ത്തുകയാണെന്ന് പോലും മുന്‍ സര്‍ക്കാരുകള്‍ പറഞ്ഞെന്നും നരേന്ദ്ര മോദി ആരോപിച്ചു.

തൊഴിലാളികളെ ചൂഷണം ചെയ്യുന്ന പൊള്ളയായ നിയമങ്ങള്‍ തന്റെ സര്‍ക്കാര്‍ അവസാനിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ‘നമ്മുടെ ശുചിത്വ തൊഴിലാളികള്‍ ജോലിക്ക് വന്നില്ലെങ്കില്‍ ഒരു മാസത്തേക്ക് ജയിലില്‍ അടയ്ക്കാവുന്ന ഒരു നിയമം ഉണ്ടായിരുന്നു. ശുചിത്വ തൊഴിലാളികളെക്കുറിച്ച് അവര്‍ എന്താണ് ചിന്തിച്ചത്? നമ്മുടെ സര്‍ക്കാര്‍ അത്തരം നിയമങ്ങള്‍ നിര്‍ത്തലാക്കി,’ പ്രധാനമന്ത്രി പറയുന്നു.

ദല്‍ഹിയെ മാറ്റിയെടുക്കാന്‍ തനിക്ക് പ്രതിബദ്ധതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വികസിത ഇന്ത്യയുടെ തലസ്ഥാനമാണെന്ന് ആളുകള്‍ക്ക് തോന്നുന്ന തരത്തില്‍ ദല്‍ഹിയെ മാറ്റിയെടുക്കുമെന്നും മികച്ച നഗരമാക്കി ദല്‍ഹിയെ മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ പതിനൊന്ന് വര്‍ഷത്തിനിടയില്‍ രാജ്യത്ത് റെക്കോഡ് കണക്കിന് റോഡുകളും എന്‍.സി.ആറില്‍ നിരവധി വിമാനത്താവളങ്ങള്‍ നിര്‍മിച്ചെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. മുന്‍ സര്‍ക്കാരുകളുടെ കാലത്ത് ഉണ്ടാകേണ്ടിയിരുന്ന അത്ര വേഗത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വളര്‍ന്നില്ലെന്നും മോദി ആരോപിച്ചു. ‘യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ഈസ്റ്റേണ്‍ പെരിഫറല്‍ എക്‌സ്പ്രസ് വേ ഫയലില്‍ കുടുങ്ങി കിടന്നു. നിങ്ങള്‍ ഞങ്ങള്‍ക്ക് അവസരം നല്‍കിയപ്പോഴാണ് പണി പൂര്‍ത്തിയായത്. കഴിഞ്ഞ പതിനൊന്ന് വര്‍ഷത്തിനിടെ അടിസ്ഥാന സൗകര്യ ബജറ്റ് ആറ് മടങ്ങ് വര്‍ദ്ധിപ്പിച്ചു,’ പ്രധാനമന്ത്രി പറഞ്ഞു.

Content Highlight: Prime Minister Narendra Modi Once crushed Constitution, now dancing with it: PM Modi slams Opposition

We use cookies to give you the best possible experience. Learn more