| Sunday, 15th March 2026, 9:58 am

'പ്രധാനമന്ത്രി സുഖമായിരിക്കുന്നു'; നെതന്യാഹു കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങളെ തള്ളി ഇസ്രഈല്‍; നേരിട്ട് വിശദീകരണം നല്‍കാത്തതില്‍ സംശയം

അനിത സി

ടെല്‍ അവീവ്: ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇറാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ വിശദീകരണവുമായി നെതന്യാഹുവിന്റെ ഓഫീസ് രംഗത്ത്.

നെതന്യാഹു കൊല്ലപ്പെട്ടുവെന്ന വാര്‍ത്തകള്‍ വ്യാജമാണ്. പ്രധാനമന്ത്രി സുഖമായിരിക്കുന്നുവെന്ന് ഇസ്രഈല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് മറുപടി നല്‍കിയതായി അനഡോലു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സോഷ്യല്‍മീഡിയയിലടക്കം വലിയ ചര്‍ച്ചയായ വിഷയത്തില്‍ ശനിയാഴ്ചയാണ് ഇസ്രഈല്‍ പ്രതികരിച്ചിരിക്കുന്നത്.

അതേസമയം, ദിവസങ്ങളായി പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെടാതെ ഒളിച്ചുനടക്കുന്ന നെതന്യാഹുവിന്റെ നീക്കം വലിയ സംശയങ്ങള്‍ക്കാണ് കാരണമായിരിക്കുന്നത്. ഇസ്രഈലിന്റെ വിശദീകരണത്തിന് വിശ്വാസയോഗ്യമായ തെളിവുകള്‍ പുറത്തുവിടാത്തതും സംശയങ്ങള്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്.

നേരത്തെ, ഇറാന്‍ ആക്രമണത്തില്‍ നെതന്യാഹുവും അടുത്ത അനുയായികളും കൊല്ലപ്പെട്ടെന്ന് ഫാര്‍സ്, തസ്‌നീം തുടങ്ങിയ ഇറാന്‍ വാര്‍ത്താ ഏജന്‍സികള്‍ കഴിഞ്ഞാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. നെതന്യാഹുവിന്റെ ഓഫീസ് ലക്ഷ്യമാക്കി ഇറാന്‍ നടത്തിയ ആക്രമണം ലക്ഷ്യം കണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറഞ്ഞിരുന്നത്.

മാര്‍ച്ച് 13ന് നെതന്യാഹുവിന്റെതായി പുറത്തുവന്ന വീഡിയോ അദ്ദേഹം കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങള്‍ക്ക് ശക്തി  പകര്‍ന്നു. വീഡിയോയിലെ ചില ഫ്രെയിമുകളില്‍ നെതന്യാഹുവിന് ആറ് വിരലുകള്‍ ഉള്ളതായി കാണപ്പെട്ടതോടെ വീഡിയോ സംശയത്തിന്റെ നിഴലിലായി.

ഇസ്രഈല്‍ പുറത്തുവിട്ട വീഡിയോയിലുള്ളത് യഥാര്‍ത്ഥ നെതന്യാഹു അല്ലെന്നും എ.ഐ നിര്‍മിതമോ ഡീപ് ഫെയ്ക്ക് വീഡിയോയോ ആകാമെന്നുമുള്ള തിയറികള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപക പ്രചാരണം നേടിയിരുന്നു.

നെതന്യാഹു കൊല്ലപ്പെട്ടുവെന്ന തരത്തില്‍ വാര്‍ത്തകള്‍ ലോകമെമ്പാടും പ്രചരിച്ചിട്ടും നേരിട്ട് വിശദീകരണം നല്‍കാന്‍ അദ്ദേഹവും ഇസ്രഈല്‍ ഭരണകൂടവും തയ്യാറാകാത്തതും സംശയങ്ങളുടെ ആക്കം കൂട്ടി.

ഇസ്രഈലിലെത്തിയ യു.എസ് പ്രതിനിധികളുമായുള്ള നെതന്യാഹുവിന്റെ കൂടിക്കാഴ്ച റദ്ദാക്കിയതും പ്രചാരണങ്ങള്‍ ശക്തമാകാന്‍ കാരണമായി.

പിന്നാലെയാണ് ഇസ്രഈല്‍ മാര്‍ച്ച് 13ന് യുദ്ധത്തെ കുറിച്ച് സംസാരിക്കുന്ന നെതന്യാഹുവിന്റെ വീഡിയോ പുറത്തുവിട്ടത്.

ഇറാനെയും ഹിസ്ബുല്ലയെയും ഇസ്രഈല്‍ തകര്‍ക്കുകയാണെന്ന് ഈ വീഡിയോയില്‍ നെതന്യാഹു പറഞ്ഞിരുന്നു. ഇറാന്റെ പുതിയ പരമോന്നത നേതാവ് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡുകളുടെ പാവയാണെന്നും പരസ്യമായി മുഖം കാണിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

content Highlight: ‘Prime Minister is fine’; Israel denies rumors that Netanyahu was killed; doubts over direct explanation

അനിത സി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more