| Sunday, 19th October 2025, 11:13 pm

തട്ടമിട്ടതുകൊണ്ട് സ്‌കൂളിന്റെയോ കോളേജിന്റെയോ പേര് ഇടിയില്ല; തട്ടം വിവാദത്തില്‍ പ്രതികരണവുമായി വൈദികന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ തട്ടം വിലക്കിനെതിരെ ചങ്ങനാശേരി ചെത്തിപ്പുഴ സേക്രഡ് ഹാര്‍ട്ട് ആശ്രമത്തിലെ വൈദികനും പുന്നപ്ര കാര്‍മല്‍, തിരുവനന്തപുരം ക്രൈസ്റ്റ് നഗര്‍ ഇന്റര്‍നാഷനല്‍ സ്‌കൂളുകളിലെ മുന്‍ പ്രിന്‍സിപ്പലുമായ ഫാ. സിറിയക് തുണ്ടിയില്‍.

ഒരു കുട്ടിയോ കുറേ കുട്ടികളോ തട്ടമിട്ടതുകൊണ്ടൊന്നും ഒരു സ്‌കൂളിന്റെയോ കോളേജിന്റെയോ പേര് ഇടിയുകയില്ലെന്നും സമാധാന തകര്‍ച്ച ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. യേശു ഉണ്ടായിരുന്നെങ്കില്‍ ആ കുട്ടിയെ യേശു നെഞ്ചോടുചേര്‍ത്ത് നിര്‍ത്തിയേനെ എന്ന് സമൂഹം നമ്മോടു പറയേണ്ടി വരരുതെന്നും അദ്ദേഹം പറഞ്ഞു. പള്ളുരുത്തിയിലെ വിവാദം മോശമാക്കാന്‍ പുറത്തുള്ള രാഷ്ട്രീയക്കാരാണ് കാരണക്കാരെന്നും അതില്‍ വിദ്യാഭ്യാസമന്ത്രിയും തന്റെ പങ്ക് കാര്യമായി നിര്‍വഹിച്ചിട്ടുണ്ടെന്നും ഫാ. സിറിയക് തുണ്ടിയില്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.

താന്‍ പ്രിന്‍സിപ്പളായിരുന്ന ക്രൈസ്റ്റ് നഗര്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ കുട്ടികള്‍ തട്ടമിടുന്നതിന് യാതൊരു എതിര്‍പ്പും തന്റെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നില്ലെന്നും അതിടാനും ഇടാതിരിക്കാനുമുള്ള അവകാശവും സ്വാതന്ത്ര്യവും അവര്‍ക്ക് ഉണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. തന്റെ നിലപാടുകൊണ്ട് സ്‌കൂളിന്റെ അച്ചടക്കത്തിന് തകര്‍ച്ച ഉണ്ടായിട്ടില്ലെന്നും കുട്ടികള്‍ തമ്മിലുള്ള ബന്ധത്തിന് വിള്ളലുണ്ടായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തങ്ങളുടെ സ്‌കൂളില്‍ നിന്ന് 20 പേരെ ഫ്രാന്‍സിലേക്ക് കൊണ്ടുപോകാമെന്ന് തീരുമാനിച്ചപ്പോള്‍ അക്കൂട്ടത്തില്‍ ആറോ ഏഴോ പേര്‍ മുസ്‌ലിം കുട്ടികളായിരുന്നുവെന്നും ഒരു വേര്‍തിരിവും മതത്തിന്റെ പേരില്‍ ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല ഗ്രൂപ്പ് ഫോട്ടോ എടുത്തപ്പോള്‍ ഒരു കുട്ടി തട്ടത്തിന് ഒരു എതിര്‍പ്പും ഉണ്ടായിരുന്നില്ലെന്നും മറ്റ് മുസ്‌ലിം കുട്ടികള്‍ തട്ടം ഇടാതെയും നിന്നു എന്നും ഫാദര്‍ പറഞ്ഞു.

ഫാ. സിറിയക് തുണ്ടിയിലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

താഴെ കൊടുത്തിരിക്കുന്ന ഫോട്ടോയില്‍ മുന്നില്‍കാണുന്ന നാലുപേരും മുസ്‌ലിം കുട്ടികളാണ്. രണ്ടുപേര്‍ തട്ടമിട്ടിട്ടുണ്ട്, രണ്ടുപേര്‍ തട്ടം ഇട്ടിട്ടില്ല.
തിരുവനന്തപുരത്ത് കവടിയാറിലുള്ള ഞങ്ങളുടെ ക്രൈസ്റ്റ് നഗര്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ഞാന്‍ പ്രിന്‍സിപ്പല്‍ ആയിരുന്ന കാലത്ത്, അതായത് 2015 മാര്‍ച്ച് മാസത്തില്‍ ഞങ്ങള്‍ 20 കുട്ടികളുമായിട്ട് ഫ്രാന്‍സ് സന്ദര്‍ശിക്കാന്‍ പോയി. ആകെ 20 കുട്ടികള്‍ ഉണ്ടായിരുന്നു, അധ്യാപകരും.
പാരീസും ചുറ്റുവട്ടത്തുള്ള പട്ടണങ്ങളും മോണാലിസ എന്ന പെയിന്റിങ് സ്ഥിതി ചെയ്യുന്ന പലേ ദ് ലൂവ്‌റ് പോലെയുള്ള മ്യൂസിയങ്ങളും ഐഫല്‍ ടവറും സൈന്‍ നദിയും സാക്രെ കേര്‍ പള്ളിയും, നോട്ടര്‍ ഡാം കാത്തീദ്രലും ഒക്കെ ഞങ്ങള്‍ നടന്നു കണ്ടു.
അവസാന ദിവസമായ 2015 മാര്‍ച്ച് 31-ന് അത്താഴ സമയത്ത് ഞാന്‍ എടുത്ത ചിത്രമാണ് താഴെ കൊടുത്തിരിക്കുന്നത്.
രണ്ടുപേര്‍ തട്ടമിട്ടിട്ടുണ്ട്, രണ്ടുപേര്‍ തട്ടം ഇട്ടിട്ടില്ല. അതായത് അന്ന് സ്‌കൂളില്‍ തട്ടമിടുന്നതിന് യാതൊരു എതിര്‍പ്പും എന്റെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നില്ല. അതിടാനും ഇടാതിരിക്കാനും അവര്‍ക്ക് സ്വാതന്ത്ര്യം ഉണ്ടായിരുന്നു.
അതുകൊണ്ടൊന്നും സ്‌കൂളിന്റെ ഡിസിപ്ലിന് തകര്‍ച്ച ഉണ്ടായിട്ടില്ല കുട്ടികള്‍ തമ്മിലുള്ള ബന്ധത്തിന് വിള്ളല്‍ ഉണ്ടായില്ല. എല്ലാവരും സഹോദരങ്ങളെ പോലെ ഇടപഴകി. ഞങ്ങളുടെ സ്‌കൂളില്‍ നിന്ന് 20 പേരെ ഫ്രാന്‍സിലേക്ക് കൊണ്ടുപോകാമെന്ന് തീരുമാനിച്ചപ്പോള്‍ ആക്കൂട്ടത്തില്‍ ആറോ ഏഴോ പേര്‍ മുസ്‌ലിം കുട്ടികളായിരുന്നു. ഒരു വേര്‍തിരിവും മതത്തിന്റെ പേരില്‍ ഉണ്ടായില്ല എന്ന് സാരം.
ഇവരുടെ ഡ്രസ്സ് വ്യത്യാസത്തെക്കുറിച്ച് ഞാന്‍ ചിന്തിച്ചിട്ട് പോലുമില്ല. അവര്‍ക്ക് എന്നോടുള്ള പെരുമാറ്റത്തിലും ഒരു കുറവും ഉണ്ടായിട്ടില്ല. എല്ലാ കുട്ടികളെയും പോലെ ഇവര്‍ക്കും എന്നെ വളരെ ഇഷ്ടമായിരുന്നു, എനിക്ക് തിരിച്ച് അങ്ങോട്ടും. ഇവരൊക്കെ ഇടയ്ക്കിടയ്ക്ക് ഇപ്പോഴും എനിക്ക് എഴുതാറു മുണ്ട്. ചില മുസ്‌ലിം കുട്ടികളുടെ പേരെന്റ്‌സ് എന്റെ ആരാധകരാണ്, താനും. അത് ഫേസ്ബുക്കിലൂടെയും മറ്റും അവര്‍ പ്രകടിപ്പിക്കാറുമുണ്ട്.
ഞാന്‍ പറയുന്നത്, സ്‌കൂളുകളില്‍ ഡിസ്സിപ്ലിന്‍ വേണം, ഡ്രസ്സ്‌കോഡും വേണം. എന്നാല്‍ എല്ലാരും ഒരുപോലിരിക്കണം എന്ന രജിമെന്റേഷന്‍ (regimentation) ആവശ്യമില്ല. കുറെയെല്ലാം വിട്ടുവീഴ്ചകള്‍ ചെയ്യാന്‍ പ്രിന്‍സിപ്പല്‍മാര്‍ക്കും മാനേജ്മെന്റിനും സാധിക്കും, സാധിക്കണം.
ഒരു സ്‌കൂളിനെ സംബന്ധിച്ചിടത്തോളം ഇത്തരം നിസാര കാര്യങ്ങളല്ല പ്രധാനം. കുട്ടികളാണ് പ്രധാനം. അവരുടെ പഠനം, വളര്‍ച്ചയാണ് പ്രധാനം. നീതി സമത്വം സ്‌നേഹം എന്നീ അടിസ്ഥാന മൂല്യങ്ങള്‍ ഉള്‍ക്കൊണ്ടു ഒരുമയില്‍ വളരണം, എന്നതാണ് പ്രധാനം. അവര്‍ വലിയവരാ കുമ്പോള്‍ അത് അവരുടെ കര്‍മ്മ- മണ്ഡലങ്ങളില്‍ പ്രതിഫലിക്കണം. അതല്ലേ വേണ്ടത്? നമ്മള്‍ നമ്മുടെ പ്രവൃത്തിയിലൂടെ ആ മൂല്യങ്ങള്‍ കാണിച്ചുകൊടുക്കുകയും വേണം.
കുട്ടികളെ വിഷമിപ്പിക്കാതിരിക്കുക, സമാധാനത്തിന് വിഘാതമാകുന്ന രീതിയില്‍ കടുത്ത റെജിമെന്റേഷന് വേണ്ടി ശ്രമിക്കാതിരിക്കുക. അതിനായി കുറെയൊക്കെ കണ്ണടക്കാന്‍ അധികാരികള്‍ക്ക് സാധിക്കണം.
കുറെയൊക്കെ കണ്ണടച്ച് വിട്ടുവീഴ്ചകള്‍ ചെയ്താല്‍ ഇതുപോലെ ഒരു പ്രശ്‌നം പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലും ഉണ്ടാകുമായിരുന്നില്ല. ഒരു കുട്ടിയോ കുറേ കുട്ടികളോ തട്ടമിട്ടതുകൊണ്ടൊന്നും ഒരു സ്‌കൂളിന്റെയോ കോളേജിന്റെയോ പേര് ഇടിയുകയില്ല. അസമാധാനമോ തകര്‍ച്ചയോ ഒന്നും ഉണ്ടാകില്ല. പക്ഷെ ഇത്തരം മാര്‍ക്കട മുഷ്ടികള്‍ വഴിയാണ് പേര് പോകുന്നത്, മതിപ്പു നഷ്ടമാകുന്നത്. (യേശു ഉണ്ടായിരുന്നെങ്കില്‍ ആ കുട്ടിയെ യേശു നെഞ്ചോടുചേര്‍ത്ത് നിര്‍ത്തിയേനെ എന്ന് സമൂഹം നമ്മോടു പറയേണ്ടി വരരുത്. നമ്മള്‍ അതുപോലെ ചെയ്യേണ്ടവരാണ്.)
ഡ്രസ്സ് കോഡ് സംബന്ധിച്ച് തീരുമാനം എടുക്കാന്‍ സ്‌കൂളിന് അവകാശമുണ്ടെന്ന് ഡിസംബര്‍ 12, 2018-ലെ ഹൈക്കോടതി വിധി വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അത് ഞാന്‍ എന്റെ ഒരു പോസ്റ്റിലൂടെ പറഞ്ഞിട്ടുമുണ്ട്. (ഞങ്ങളുടെ -CMI സഭയുടെ തിരുവല്ലത്തെ ക്രൈസ്റ്റ് നഗര്‍ സ്‌കൂളിലെ രണ്ടു കുട്ടികള്‍ ഇതുപോലെ ഹിജാബ് ഇടണം എന്ന അപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് മുന്‍പറഞ്ഞ 2018-ലെ വിധി ഉണ്ടായത്.)

പള്ളുരുത്തിയിലെ വിവാദം മോശമാക്കാന്‍ പുറത്തുള്ള രാഷ്ട്രീയക്കാരാണ് കാരണക്കാര്‍ എന്ന് പറയാതെ തരമില്ല. അതില്‍ വിദ്യാഭ്യാസമന്ത്രിയും തന്റെ പങ്ക് കാര്യമായി നിര്‍വഹിച്ചിട്ടുണ്ട്. ഈ നിസ്സാര പ്രശ്‌നം വലുതാക്കി എടുക്കുന്ന തില്‍ അവര്‍ കാണിച്ച അപാര ബുദ്ധിയെ എങ്ങനെ വണങ്ങാതിരിക്കും?
എന്ത് രാഷ്ട്രീയ സാമൂഹ്യ പ്രശ്‌നങ്ങള്‍ ഉണ്ടായാലും അതിനെയെല്ലാം വലിയ പ്രശ്‌നം കൂടാതെ നേരിടുകയാണ് സഭയുടെ രീതി. പീഡനങ്ങള്‍ ഉണ്ടായാല്‍ സഹിക്കും. രക്തസാക്ഷികള്‍ ധാരാളമായി ഉണ്ടായിട്ടുണ്ട്. സഭക്ക് പീഡനങ്ങളെ ഭയമില്ല. പീഡിപ്പിച്ചവര്‍ തന്നെ പിന്നീട് മാനസാന്തരപ്പെട്ടിട്ടുമുണ്ട്.
രണ്ടാമത്തെ ഫോട്ടോ ഒരു ക്ലാസ്സിന്റെ ഗ്രൂപ്പ് ഫോട്ടോ ആണ്. 2015-ല്‍ എടുത്തത്. അതില്‍ യഥാര്‍ത്ഥത്തില്‍ നാല് മുസ്‌ലിം കുട്ടികള്‍ ഉണ്ട്, പക്ഷെ ഒരു കുട്ടി തട്ടം ഇട്ടിട്ടുണ്ട്; മൂന്ന് പേര്‍ ഇട്ടിട്ടില്ല. അത് അവരുടെ ഇഷ്ടം അനുസരിച്ചു ചെയ്തതാണ്. അത് എനിക്കോ ടീച്ചേഴ്‌സിനോ മറ്റു കുട്ടികള്‍ക്കോ ഒരിക്കലും പ്രശ്‌നമായി തോന്നിയിട്ടില്ല. അതൊരിക്കലും ഒരു ഇഷ്യൂ ആകണമെന്ന് തോന്നിയിട്ടുമില്ല.
അന്ന് ഇതുപോലെ ഡ്രസ്സ് ചെയ്യാന്‍ ഞാന്‍ മൗന അനുവാദം കൊടുത്തതു കൊണ്ട് ക്രൈസ്റ്റ് നഗര്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിന് ഇതുവരെയും ഒരു കുഴപ്പവും കുറവും ഉണ്ടായിട്ടില്ല. ഇന്നും കഴക്കൂട്ടത്തെ പുതിയ കമ്പസ്സില്‍ അത് ഭംഗിയായി പ്രവര്‍ത്തിക്കുന്നു, പൂര്‍വാധികം ശോഭയോടെ.

Content Highlight: Priest responds to Head Scarf controversy

We use cookies to give you the best possible experience. Learn more