| Sunday, 7th September 2025, 3:05 pm

പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്ന പൊലീസിനെതിരെ സെര്‍ബിയയില്‍ പ്രൈഡ് മാര്‍ച്ച്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെല്‍ഗ്രേഡ്: വലതുപക്ഷ സര്‍ക്കാരിനെതിരായ പ്രതിഷേധം അടിച്ചമര്‍ത്തുന്നതില്‍ പൊലീസിനെതിരെ സെര്‍ബിയയില്‍ പ്രൈഡ് മാര്‍ച്ച്. കഴിഞ്ഞ പത്ത് മാസമായി സെര്‍ബിയന്‍ പ്രസിഡന്റ് അലക്സാണ്ടര്‍ വുസിച്ചിനെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ പൊലീസ് അടിച്ചൊതുക്കുകയാണെന്ന് പ്രതിഷേധക്കാര്‍ പറയുന്നു.

ഇന്നലെ (ശനി) ആണ് പൊലീസ് നടപടികളില്‍ പ്രതിഷേധിച്ച് സെര്‍ബിയയില്‍ പ്രതിഷേധം നടന്നത്. ‘പൊലീസ് ഭരണകൂടത്തിനെതിരെ സ്വവര്‍ഗാനുരാഗികള്‍’ എന്നെഴുതിയ ബാനറുകള്‍ ഉയര്‍ത്തിപ്പിടിച്ചായിരുന്നു പ്രതിഷേധക്കാരില്‍ ഭൂരിഭാഗം ആളുകളും തെരുവിലിറങ്ങിയത്.

സെര്‍ബിയയില്‍ ഇടക്കാല തെരഞ്ഞെടുപ്പുകള്‍ ആവശ്യപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഉള്‍പ്പെടെ പിന്തുണ അറിയിച്ചുകൊണ്ടായിരുന്നു പ്രകടനം.

‘എന്തൊക്കെയാണ് നമ്മുടെ രാജ്യത്ത് നടക്കുന്നതെന്ന്? പൊലീസ് അതിക്രമം ദിനംപ്രതി വര്‍ധിക്കുകയാണ്. സമാധാനപരമായി പ്രതിഷേധിക്കുന്നവരെ പോലും പൊലീസ് അറസ്റ്റ് ചെയ്യുന്നു. ഇതെല്ലാം കണ്ട് കണ്ണടക്കാന്‍ കഴിയില്ല. ഈ വര്‍ഷത്തെ പ്രൈഡ് മാര്‍ച്ച് തന്നെ ഒരു പ്രതിഷേധമായിരുന്നു,’ പ്രൈഡ് മാര്‍ച്ച് സംഘടിപ്പിച്ച സംഘടനകള്‍ പറഞ്ഞു.

അതേസമയം സെര്‍ബിയയിലെ വടക്കന്‍ നഗരമായ നോവി സാഡിലെ ഒരു റെയില്‍വേ സ്റ്റേഷനില്‍ മേല്‍ക്കൂര തകര്‍ന്ന് 16 പേര്‍ മരിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാരിനെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം ആരംഭിച്ചത്. അഴിമതി ചൂണ്ടിക്കാട്ടിയും സുതാര്യമായ അന്വേഷണം ആവശ്യപ്പെട്ടുമായിരുന്നു പ്രതിഷേധം.

പിന്നീട് വിദ്യാര്‍ത്ഥികളുടെ ആവശ്യം സര്‍ക്കാരിന്റെ രാജിയിലെത്തുകയായിരുന്നു. 2024 നവംബറില്‍ ആരംഭിച്ച പ്രതിഷേധം 2025 ഓഗസ്റ്റ് വരെ വളരെ സമാധാനപരമായാണ് നടന്നിരുന്നത്.

എന്നാല്‍ ഓഗസ്റ്റ് പകുതിയോടെ പ്രതിഷേധം പൊലീസും വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള സാധാരണക്കാരും തമ്മിലുള്ള സംഘര്‍ഷത്തിലേക്കും കടന്നിരുന്നു. സംഘര്‍ഷത്തില്‍ പൊലീസുകാര്‍ക്ക് ഉള്‍പ്പെടെ പരിക്കേറ്റിരുന്നു.

Content Highlight: Pride march in Serbia against police repression of protests

We use cookies to give you the best possible experience. Learn more