ന്യൂദല്‍ഹി: ചരക്ക് സേവന നികുതി (ജി.എസ്.ടി) കൗണ്‍സില്‍ യോഗത്തില്‍ പുതിയ നികുതി പരിഷ്‌കരണം ചര്‍ച്ചയാകും. നിത്യോപയോഗ അവശ്യ സാധനങ്ങളുടെയും ഇലക്ട്രോണിക് ഉത്പന്നങ്ങളുടെയും വില കുറയ്ക്കുകയും ആഡംബര വസ്തുക്കള്‍ക്ക് ഉയര്‍ന്ന നികുതി ഏര്‍പ്പെടുത്തുകയും ചെയ്യുന്ന പുതിയ നികുതി പരിഷ്‌കരണമാണ് യോഗത്തില്‍ ചര്‍ച്ചയാവുക. ഇന്ന് (ബുധന്‍) മുതല്‍ തുടക്കമിട്ട ജി.എസ്.ടി യോഗത്തിലാണ് പുതിയ പരിഷ്‌കരണങ്ങള്‍ ചര്‍ച്ച ചെയ്യുക.
നിലവിലുള്ള ജി.എസ്.ടി നികുതി ഘടന അടിമുടിപൊളിച്ച് 90 % സാധനങ്ങള്‍ക്കും വില കുറയുന്ന തരത്തില്‍ സാധാരണക്കാര്‍ക്ക് പ്രയോജനമുണ്ടാകുന്ന സമഗ്ര പരിഷ്‌ക്കരണമാണ് കേന്ദ്രം നിര്‍ദേശിക്കുന്നത്.
നിത്യോപയോഗ സാധനങ്ങള്‍, മരുന്നുകള്‍, ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ എന്നിവയുടെ വില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ആഡംബര വസ്തുക്കള്‍ക്ക് ഉയര്‍ന്ന നികുതി ഏര്‍പ്പെടുത്താനും നീക്കമുണ്ട്.
‘പുതുതലമുറ’ ജി.എസ്.ടി പരിഷ്‌ക്കരണം എന്നാണ് കേന്ദ്രം ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. നിലവിലുള്ള നാല് നികുതി ഘടന 5 %, 18 % എന്നിങ്ങനെ രണ്ട് സ്ലാബുകളാക്കി ചുരുക്കാനാണ് തീരുമാനം. 2017 അവതരിപ്പിച്ച 12 %, 28 % സ്ലാബുകള്‍ ഇതോടെ ഇല്ലാതാകും. അതുകൊണ്ടുതന്നെ ഇതോടെ നിരവധി ഉല്‍പ്പന്നങ്ങളുടെ വില കുറയുമെന്നാണ് വിലയിരുത്തല്‍.
നിലവില്‍ 12% നികുതിയുള്ള ഭൂരിഭാഗം സാധനങ്ങളും പരിഷ്‌കരണം നടപ്പിലായാല്‍ 5% സ്ലാബിലേക്ക് മാറും. ഇതില്‍ നെയ്യ്, നട്സ്, കുടിവെള്ളം, മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, ശീതള പാനീയങ്ങള്‍, പലഹാരങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. കൂടാതെ പെന്‍സില്‍, സൈക്കിള്‍, കുട തുടങ്ങിയവയുടെ നികുതിയും 5% ആയി കുറയും.
ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ക്കും വില കുറഞ്ഞേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ 28% നികുതിയുള്ള ടെലിവിഷന്‍, വാഷിങ് മെഷീന്‍, റഫ്രിജറേറ്റര്‍ തുടങ്ങിയവ 18% സ്ലാബിലേക്ക് മാറ്റിയേക്കും.
സാധാരണ ഉത്പന്നങ്ങള്‍ക്ക് നികുതി കുറയ്ക്കുമ്പോള്‍, ആഡംബര വസ്തുക്കള്‍ക്ക് 40% എന്ന പ്രത്യേക സ്ലാബ് ഏര്‍പ്പെടുത്താന്‍ ആലോചനയുണ്ട്.
നിലവില്‍ 28% ജി.എസ്.ടിയും കോമ്പന്‍സേഷന്‍ സെസ്സും ചുമത്തുന്ന ഉയര്‍ന്ന വിലയുള്ള കാറുകള്‍, എസ്.യു.വി, മറ്റ് പ്രീമിയം വാഹനങ്ങള്‍ എന്നിവ ഈ പുതിയ വിഭാഗത്തില്‍ ഉള്‍പ്പെട്ടേക്കാം. പുകയില ഉത്പന്നങ്ങള്‍, പാന്‍ മസാല, സിഗരറ്റ് എന്നിവയ്ക്കും ഈ ഉയര്‍ന്ന നികുതി ബാധകമായേക്കും. ഈ ഉത്പന്നങ്ങള്‍ക്ക് അധിക ലെവിയും പരിഗണനയിലുണ്ട്.
ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി 5% ജി.എസ്.ടി വേണമെന്ന നിര്‍ദേശവും ചര്‍ച്ചയിലുണ്ട്. എന്നാല്‍, പ്രീമിയം ഇവികള്‍ക്ക് ഉയര്‍ന്ന നികുതി ചുമത്തുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളും പുരോഗമിക്കുകയാണ്. ഈ വിഷയങ്ങളില്‍ ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടായേക്കും.
Content Highlight : changes are coming in GST; prices of essential goods and electronic products will come down, while prices of luxury goods will increase