| Friday, 28th August 2026, 9:54 am

വില ഇനിയും കൂടണം; നാല്പത് വയസ് കഴിഞ്ഞവര്‍ പഞ്ചസാര ഒഴിവാക്കണം; വിലകയറ്റത്തില്‍ ന്യായീകരണവുമായി ബി.ജെ.പി മന്ത്രി

നിഷാന. വി.വി

ഭോപ്പാല്‍: പഞ്ചാസാര വില കുതിച്ചുയരുന്നതില്‍ വിവാദം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിവാദ പരാമര്‍ശവുമായി ബി.ജെ.പി നേതാവ്. ഇനിയും പഞ്ചാസാര വില ഉയരണമെന്നാണ് തന്റെ അഭിപ്രായമെന്ന് മധ്യപ്രദേശ് മന്ത്രി കൈലാഷ് വിജയ വര്‍ഗീയ പറഞ്ഞു.

‘പഞ്ചസാര വില ഇനിയും ഉയരണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. നാല്‍പത് വയസ് കഴിഞ്ഞവര്‍ മധുരം പൂര്‍ണമായും ഒഴിവാക്കണം. അല്ലെങ്കിലും മധുര പലഹാരങ്ങള്‍ ഇഷ്ടപ്പെടുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണ്. ഞാന്‍ മധുരം കഴിക്കാറില്ല,’ കൈലാഷ് പറഞ്ഞു.

മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു മധ്യപ്രദേശ് പാര്‍ലമെന്ററി കാര്യ മന്ത്രിയുടെ വിവാദ പരാമര്‍ശം. കുട്ടികള്‍ക്ക് റേഷന്‍ കാര്‍ഡുകള്‍ വഴി സര്‍ക്കാര്‍ കുറഞ്ഞ നിരക്കില്‍ പഞ്ചസാര ലഭ്യമാക്കുമെന്നും പ്രായമാര്‍ക്ക് പഞ്ചസാര നല്‍കേണ്ടതില്ലെന്നും ബി.ജെ.പി നേതാവ് പറഞ്ഞു.

നാല്പത് വയസിന് മുകളിലുള്ളവര്‍ പഞ്ചസാര കഴിക്കുന്നത് നല്ലതല്ലെന്ന് ആയുര്‍വേദ ഡോക്ടര്‍മാരടക്കം പറയുന്നുണ്ടെന്നും പഞ്ചസാര ഒഴിവാക്കി ഇടയ്ക്കിടെ ശര്‍ക്കര കഴിക്കാമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ വിലയകയറ്റത്തില്‍ ജനങ്ങള്‍ ബുദ്ധിമുട്ടുന്ന ഈ സമയത്ത് തന്നെയുള്ള മന്ത്രിയുടെ പ്രസ്താവന ജനങ്ങളെ പരിഹസിക്കുന്നതാണെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു.

അധികാരത്തിലെത്തിയ ബി.ജെ.പി നേതാക്കള്‍ പാവപ്പെട്ടവരെയും ഇടത്തരക്കാരെയും പരിഹസിക്കുകയാണെന്നുംഇത്തരം പരിഹാസങ്ങള്‍ക്ക് അടുത്ത തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മറുപടി നല്‍കുമെന്നും മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ജിതു പട്‌വാരി പറഞ്ഞു.

അതേസമയം പഞ്ചസാരയുടെ ശരാശരി വില 65.05 രൂപയായി ഉയര്‍ന്നിട്ടുണ്ട്. ഇ-20 പെട്രോളിനായി കരിമ്പ് ഉപയോഗിക്കുന്നതാണ് ഇത്തരത്തിലുള്ള വിലകയറ്റമെന്ന ആശങ്ക ഉയരുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ഇത് തള്ളുകയായിരുന്നു.

Content Highlight: Prices need to rise further; those over forty should avoid sugar; BJP minister justifies the price hike.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more