തിരുവനന്തപുരം: സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ക്രിക്കറ്റ് പരിശീലനം നല്‍കാന്‍ വനിതാ കോച്ചിനെ നിയമിക്കണമെന്ന് ക്രിക്കറ്റ് അസോസിയേഷന് നിര്‍ദേശം നല്‍കി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്.
ക്രിക്കറ്റ് അസോസിയേഷന്റെ കീഴില്‍ പരിശീലനത്തിന് വരുന്ന പെണ്‍കുട്ടികള്‍ക്കെതിരെ കോച്ച് ലൈംഗീകാതിക്രമണം നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നിര്‍ദേശം.
തിരുവനന്തപുരം ക്രിക്കറ്റ് അസോസിയേഷനിലെ അസിസ്റ്റന്റ് കോച്ചായ എം.വി മനുവിന് 16 വര്‍ഷത്തെ കഠിന തടവും 24000 രൂപ പിഴയും അതിവേഗ പ്രത്യേക കോടതി വിധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കമ്മീഷന്റെ നിര്‍ദേശം. ലൈംഗികാതിക്രമണവുമായി ബന്ധപ്പെട്ട പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ എടുത്ത കേസിലാണ് നിര്‍ദേശങ്ങള്‍ നല്‍കിയിയിരിക്കുന്നത്.
സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും പരിശീലനം നല്‍കാന്‍ വനിതാ കോച്ച് ലഭ്യമല്ലാത്ത സാഹചര്യത്തില്‍ പരിശീലനം നടക്കുന്ന സമയം മുതിര്‍ന്ന ഉദ്യോഗസ്ഥയുടെ സാന്നിധ്യം ഉറപ്പാക്കണമെന്നും പരിശീലനത്തിനെത്തുന്ന സ്ത്രീകളും പെണ്‍കുട്ടികളും വസ്ത്രം മാറുന്ന മുറികളില്‍ പുരുഷന്മാര്‍ക്ക് പ്രവേശനം പൂര്‍ണമായും നിഷേധിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
ആവശ്യമെങ്കില്‍ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കണം. പരിശീലനത്തിനെത്തുന്ന പെണ്‍കുട്ടികളുടെ മാതാപിതാക്കളെ അവര്‍ താത്പര്യപ്പെട്ടാല്‍ പരിശീലന സ്ഥലത്ത് തുടരാന്‍ അനുവദിക്കണമെന്നും അനിഷ്ട സംഭവങ്ങള്‍ തടയാന്‍ ആവശ്യമായ സ്ഥലങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കണമെന്നും നിര്‍ദേശത്തിലുണ്ട്.
രണ്ടോ മൂന്നോ ദിവസത്തിലൊരിക്കല്‍ സി.സി.ടി.വി പരിശോധിച്ച് അസ്വാഭാവിക പ്രവൃത്തികള്‍ കണ്ടെത്തിയാല്‍ പൊലീസിനെ അറിയിക്കണം. പരിശീലകര്‍ക്കെതിരെ പരാതി ലഭിച്ചാല്‍ ഉടന്‍ പൊലീസിന് കൈമാറണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അസോസിയേഷന്‍ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശത്തിലുണ്ട്. ക്രിക്കറ്റ് പരിശീലനത്തിനായി വന്ന വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ ആറ് കേസുകളാണ് പരിശീലകനെതിരെ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ നാല് കേസുകളുടെ വിചാരണയാണ് പൂര്‍ത്തിയായത്.
Content Highlight: Prevention of sexual assault: Women and children need a female coach, says Human Rights Commission