| Friday, 29th August 2025, 4:37 pm

ചൈനയുമായുള്ള ബന്ധം സാധാരണനിലയിലാക്കാന്‍ ഇന്ത്യക്ക് മേല്‍ സമ്മര്‍ദ്ദം; വിമര്‍ശിച്ച് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനും ചൈനയും ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ സന്ദര്‍ശനം തുടരുന്നതിനിടെ നിശിതമായ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്ത്. ഇന്ത്യ-ചൈന ബന്ധം സാധാരണനിലയിലാണെന്ന് കാണിക്കാന്‍ ഇന്ത്യക്ക് മേല്‍ ചൈനയുടെ സമ്മര്‍ദ്ദമുണ്ടെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് വിമര്‍ശിച്ചു. 50 ശതമാനം താരിഫ് ഉയര്‍ത്തിയതിലൂടെ ഇന്ത്യ-യു.എസ് ബന്ധത്തിലുണ്ടായ ഇടിവ് ചൈന ചൂഷണം ചെയ്യുകയാണെന്നാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം.

മുമ്പ് ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായ നയതന്ത്ര പിഴവുകള്‍ മൂലം ഇന്ത്യക്ക് കാര്യമായ ചെറുത്തുനില്‍പ്പിന് സാധിക്കുന്നില്ലെന്നും ഈ സാഹചര്യത്തില്‍ ബന്ധം സാധാരണ നിലയിലാക്കാന്‍ ഇന്ത്യയെ ചൈന നിര്‍ബന്ധിക്കുകയാണെന്നും ജയറാം രമേശ് പറഞ്ഞു.

മോദിയുടെ ചൈനയിലേക്കുള്ള ഈ സന്ദര്‍ശനം കണക്കുകൂട്ടലുകളുടേത് കൂടിയാണ്. ചൈനയ്ക്ക് അനുകൂലമായ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ നിര്‍ബന്ധിതരാവുകയാണ് ഇന്ത്യയെന്ന് ജയറാം രമേശ് എക്‌സില്‍ കുറിച്ചു.

ലഡാക്കിലെ സൈനിക സംഘര്‍ഷത്തില്‍ ചൈനയ്ക്ക് ക്ലിന്‍ ചിറ്റ് നല്‍കിയ 2020 ജൂണിലെ മോദിയുടെ വാക്കുകളും ജയറാം രമേശ് ഓര്‍മ്മിപ്പിച്ചു. നമ്മുടെ അതിര്‍ത്തിയിലേക്ക് ആരും കടന്നുകയറിയിട്ടില്ലെന്നും ഇനിയൊരിക്കലും കടന്നുകയറുകയില്ലെന്നുമാണ് (ന കയി ഹമാരി സീമാ മേം ഘുസാ ഹെ, ന ഹി കയി ഘുസാ ഹുവാ ഹെ) അന്ന് മോദി പറഞ്ഞത്.

ഇത് ചൈനയെ ഭയന്നുള്ള പ്രസ്താവനയെന്നാണ് ജയറാം രമേശ് കുറ്റപ്പെടുത്തിയത്. ഇന്ത്യയുടെ വിലപേശലിനുള്ള അവകാശമാണ് ഇതിലൂടെ ഇല്ലാതായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഓപ്പറേഷന്‍ സിന്ദൂറിനിടെ ചൈനയും പാകിസ്താനും ഒരുമിച്ച് നിന്നെന്ന കാര്യം നമ്മുടെ സൈന്യം തന്നെ വെളിപ്പെടുത്തിയിരുന്നെന്നും അത് മറവിയിലേക്ക് തള്ളിവിട്ടിരിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

പ്രധാനമന്ത്രി മണിപ്പൂരിനെ അവഗണിക്കുന്നതിനെയും അദ്ദേഹം ഉയര്‍ത്തിക്കാണിച്ചു. മണിപ്പൂരിനെ പ്രധാനമന്ത്രി കൈയ്യൊഴിഞ്ഞിരിക്കുകയാണ്. വിദേശ സന്ദര്‍ശനങ്ങള്‍ക്കായി പ്രധാനമന്ത്രി പറക്കുന്നതിനിടയിലും അദ്ദേഹത്തിന്റെ സന്ദര്‍ശനം കാത്തിരിക്കുകയാണ് ഒരുപാട് കാലമായി ദുരിതമനുഭവിക്കുന്ന മണിപ്പൂരിലെ ജനങ്ങള്‍ എന്നും ജയറാം രമേശ് പറഞ്ഞു.

മോദി വ്യാഴാഴ്ചയാണ് ജപ്പാനിലെ ടോക്യോയില്‍ സന്ദര്‍ശനത്തിനെത്തിയത്. ജപ്പാനുശേഷം, പ്രധാനമന്ത്രി ഷാങ്ഹായ് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷനില്‍ (എസ്.സി.ഒ)പങ്കെടുക്കാനായി ചൈനയിലേക്ക് പുറപ്പെടും.

Content Highlight: Pressure on India to normalize relations with China, Congress criticizes

We use cookies to give you the best possible experience. Learn more