ലണ്ടന്‍: ഡ്യൂട്ടി സമയത്ത് ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന ബാഡ്ജുകള്‍ ധരിക്കുന്നതില്‍ നിന്ന് തങ്ങളുടെ ജീവനക്കാരെ വിലക്കി യു.കെയിലെ പ്രമുഖ ട്രെയിന്‍ ഓപ്പറേറ്ററായ ലണ്ടന്‍ നോര്‍ത്ത് ഈസ്റ്റേണ്‍ റെയില്‍വേ (എല്‍.എന്‍.ഇ.ആര്‍).
യു.കെയിലെ ഇസ്രഈല്‍ അനുകൂല ഗ്രൂപ്പ് നല്‍കിയ പരാതിയെത്തുടര്‍ന്ന് കമ്പനി തങ്ങളുടെ യൂണിഫോം നയം കര്‍ശനമാക്കുകയായിരുന്നു. യാത്രക്കാര്‍ക്ക് മുന്നില്‍ ജീവനക്കാര്‍ രാഷ്ട്രീയ നിഷ്പക്ഷത പുലര്‍ത്തണമെന്ന വാദമുയര്‍ത്തിയാണ് ഈ നടപടി.
കഴിഞ്ഞ ജൂണ്‍ 14-ന് എഡിന്‍ബറയില്‍ നിന്ന് ലണ്ടനിലേക്കുള്ള യാത്രയ്ക്കിടെ ട്രെയിനില്‍ ഭക്ഷണം വിളമ്പുന്ന ജീവനക്കാരന്‍ ‘ഫലസ്തീന്‍ സോളിഡാരിറ്റി’ ബാഡ്ജ് ധരിച്ചത് ഒരു യാത്രക്കാരന് അസ്വസ്ഥതയുണ്ടാക്കിയെന്ന് കാണിച്ച് ‘യു.കെ ലോയേഴ്സ് ഫോര്‍ ഇസ്രഈല്‍’ (യു.കെ.എല്‍.എഫ്.ഐ) എന്ന സംഘടനയാണ് റെയില്‍വേയ്ക്ക് കത്തയച്ചത്.
ജൂത വിഭാഗത്തില്‍പ്പെട്ട ഈ യാത്രക്കാരന്‍ തനിക്ക് അവിടെ സുരക്ഷിതത്വമില്ലായ്മയും ഭീഷണിയും അനുഭവപ്പെട്ടതായും, ജീവനക്കാരനില്‍ നിന്ന് മോശം പെരുമാറ്റം ഉണ്ടാകുമോ എന്ന് ഭയന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ പോലും സാധിച്ചില്ലെന്നും പരാതിപ്പെട്ടു.
നാഷണല്‍ യൂണിയന്‍ ഓഫ് റെയില്‍, മാരിടൈം ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്‌സ് (ആര്‍.എം.ടി) തങ്ങളുടെ അംഗങ്ങള്‍ക്കായി ഔദ്യോഗികമായി പുറത്തിറക്കിയതായിരുന്നു ഈ ബാഡ്ജ്. ഇതില്‍ ഫലസ്തീന്‍ പതാകയുടെ ചിത്രവും ആര്‍.എം.ടി യൂണിയന്റെ ഔദ്യോഗിക ലോഗോയും രേഖപ്പെടുത്തിയിരുന്നു.
ജീവനക്കാര്‍ ഇത്തരം രാഷ്ട്രീയ ചിഹ്നങ്ങള്‍ ധരിക്കുന്നത് ജൂതരായ യാത്രക്കാര്‍ക്കും ഇസ്രഈല്‍ അനുകൂലികള്‍ക്കും ‘ഭീഷണിപ്പെടുത്തുന്നതോ ശത്രുതാപരമായതോ ആയ ഒരു അന്തരീക്ഷം’ സൃഷ്ടിക്കുമെന്ന് യു.കെ.എല്‍.എഫ്.ഐ വാദിച്ചു. ഫലസ്തീന്‍ പതാകകളും ഇത്തരം മുദ്രാവാക്യങ്ങളും ഇസ്രഈല്‍ വിരുദ്ധ പ്രകടനങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്നതാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
കൂടാതെ, 2010-ലെ യു.കെ ഇക്വാലിറ്റി ആക്റ്റ് പ്രകാരം സേവനദാതാക്കള്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് അവരുടെ വംശമോ മതമോ അടിസ്ഥാനമാക്കി ഉപദ്രവമുണ്ടാക്കുന്ന തരത്തിലുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ നിയമപരമായി ബാധ്യസ്ഥരാണെന്നും അവര്‍ വാദിച്ചു.
യു.കെ.എല്‍.എഫ്.ഐയുടെ പരാതിയോട് റെയില്‍വേ കമ്പനി മാനേജിങ് ഡയറക്ടര്‍ ഡേവിഡ് ഹോണ്‍ ഉടനടി പ്രതികരിക്കുകയും കമ്പനിയുടെ യൂണിഫോം പോളിസി കര്‍ശനമായി നടപ്പാക്കാന്‍ ഉത്തരവിടുകയും ചെയ്തു.
‘ഡ്യൂട്ടിയിലായിരിക്കുമ്പോള്‍ ജീവനക്കാര്‍ക്ക് അവരുടെ കോട്ടിന്റെ ലാപ്പലില്‍ ഒരൊറ്റ ബാഡ്ജ് മാത്രമേ ധരിക്കാന്‍ അനുവാദമുള്ളൂ. ഇത് ഒന്നുകില്‍ എല്‍.എന്‍.ഇ.ആര്‍ നല്‍കിയ ഔദ്യോഗിക ബാഡ്ജ് ആയിരിക്കണം, അല്ലെങ്കില്‍ കമ്പനി അംഗീകരിച്ച ഏതെങ്കിലും ചാരിറ്റി/കാമ്പയിന്റേതായിരിക്കണം. യൂണിയന്‍ ബാഡ്ജുകള്‍ ധരിക്കുകയാണെങ്കില്‍ അതില്‍ യൂണിയന്റെ ഔദ്യോഗിക ലോഗോ മാത്രമായിരിക്കണം അടങ്ങിയിരിക്കേണ്ടത്, മറ്റ് രാഷ്ട്രീയ ചിഹ്നങ്ങള്‍ ഉണ്ടാകാന്‍ പാടില്ല,’ എന്നായിരുന്നു ഡേവിഡ് ഹോണിന്റെ നിര്‍ദേശം.
ഫലസ്തീന്‍ ബാഡ്ജ് ധരിച്ച ജീവനക്കാരനോട് അധികൃതര്‍ നേരിട്ട് സംസാരിക്കുകയും യൂണിഫോം നിയമങ്ങള്‍ കര്‍ശനമാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കൂടാതെ, അംഗീകാരമില്ലാത്ത ബാഡ്ജുകളോ മറ്റ് വസ്തുക്കളോ യൂണിഫോമിനൊപ്പം ധരിക്കരുതെന്ന് എല്ലാ ഫ്രണ്ട്ലൈന്‍ ജീവനക്കാര്‍ക്കും കമ്പനി പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്.
റെയില്‍വേയുടെ ഈ തീരുമാനത്തെ യു.കെ ലോയേഴ്സ് ഫോര്‍ ഇസ്രഈല്‍ ഡയറക്ടര്‍ കരോലിന്‍ ടര്‍ണര്‍ സ്വാഗതം ചെയ്തു. പൊതുഗതാഗത സേവനങ്ങള്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കുമുള്ളതാണെന്നും യാത്രയ്ക്കിടയില്‍ രാഷ്ട്രീയ സന്ദേശങ്ങള്‍ നേരിടേണ്ടി വരുന്നത് ശരിയല്ലെന്നും അവര്‍ പറഞ്ഞു.
അതേസമയം, ഫലസ്തീന്‍ അനുകൂല നിലപാട് സ്വീകരിക്കുന്ന ആര്‍.എം.ടി യൂണിയന്‍ വിഷയത്തില്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
യു.കെയിലെ തൊഴിലിടങ്ങളില്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന വലിയ തര്‍ക്കങ്ങളുടെയും സമാന സംഭവങ്ങളുടെയും തുടര്‍ച്ചയാണിത്.
നേരത്തെ അവാന്തി വെസ്റ്റ് കോസ്റ്റ് എന്ന ട്രെയിന്‍ കമ്പനിയുടെ ജീവനക്കാര്‍ ലണ്ടന്‍ യൂസ്റ്റണ്‍ സ്റ്റേഷനില്‍ ഫലസ്തീന്‍ ബാഡ്ജ് ധരിച്ചതിനെതിരെയും യു.കെ.എല്‍.എഫ്.ഐ പരാതി നല്‍കുകയും കമ്പനി സമാനമായ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
ട്രാന്‍സ്പോര്‍ട്ട് ഫോര്‍ ലണ്ടന്‍ (ടി.എഫ്.എല്‍), റയനയര്‍ തുടങ്ങിയ പൊതുഗതാഗത സേവനങ്ങളിലും ഫലസ്തീന്‍ അനുകൂല ബാഡ്ജ് ധരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ടായിരുന്നു.
ലണ്ടനിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് (എന്‍.എച്ച്.എസ്) ജീവനക്കാര്‍ ജോലിസ്ഥലത്ത് ഫലസ്തീന്‍ ബാഡ്ജുകളും പതാകകളും ധരിക്കുന്നത് നിരോധിക്കണമെന്നുള്ള ആവശ്യങ്ങളും നേരത്തെ ഉടലെടുത്തിരുന്നു. ഗസയിലെ യുദ്ധം ആരംഭിച്ച ശേഷം, ഫലസ്തീന്‍ അനുകൂല നിലപാട് സ്വീകരിച്ചതിന്റെയോ പ്രസ്താവനകള്‍ നടത്തിയതിന്റെയോ പേരില്‍ യു.കെയിലെ പല ആരോഗ്യപ്രവര്‍ത്തകര്‍ക്കും അധ്യാപകര്‍ക്കും അച്ചടക്ക നടപടികളും പിരിച്ചുവിടലുകളും വരെ നേരിടേണ്ടി വന്നിട്ടുണ്ട്.
2023 ഒക്ടോബറില്‍ ആരംഭിച്ച ഇസ്രഈല്‍ സൈനിക ആക്രമണങ്ങളില്‍ ഗസയില്‍ ഇതുവരെ 73,000ത്തിലധികം ആളുകള്‍ കൊല്ലപ്പെടുകയും 1,73,000ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ ഗസയിലെ 24 ലക്ഷത്തോളം വരുന്ന ഫലസ്തീനികള്‍ അതിരൂക്ഷമായ പട്ടിണിയും ദുരിതവും നേരിട്ടാണ് ജീവിക്കുന്നത്.
Content Highlight: Pressure from pro-Israel group; ban on railway employees wearing Palestine badges in London.