| Sunday, 3rd May 2026, 1:18 pm

പത്രസ്വതാന്ത്ര്യം ആക്രമിക്കപ്പെടുന്നു; ലോക പത്രസ്വാതന്ത്ര്യ സൂചികയിലെ ഇന്ത്യയുടെ അധപതനത്തില്‍ കേന്ദ്രത്തിനെതിരെ കോണ്‍ഗ്രസ്

നിഷാന. വി.വി

ന്യൂദല്‍ഹി: ലോക പത്രസ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം പിറകോട്ട് പോയതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്.

ഇന്ത്യയിലെ പത്ര സ്വാതന്ത്ര്യം വളരെ ഗുരുതരാായ അവസ്ഥയിലാണെന്ന് കോണ്‍ഗ്രസ് പറഞ്ഞു.

റിപ്പോര്‍ട്ടേഴ്‌സ് വിതൗട്ട് ബോഡേഴ്‌സ് പുറത്തുവിട്ട കണക്കുപ്രകാരം 2026 ലെ പത്രസ്വാതന്ത്ര്യ സൂചികയില്‍ 180 ലോകരാജ്യങ്ങളില്‍ ഇന്ത്യ 157ാം സ്ഥാനത്താണ്.

സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം ജനാധിപത്യത്തിന്റെ ശബ്ദമാണെന്നും എന്നാല്‍ ഇന്നത് ആക്രമണത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണെന്നും കോണ്‍ഗ്രസ് പറഞ്ഞു.

‘സ്വതന്ത്ര്യ മാധ്യമ പ്രവര്‍ത്തനം ജനാധിപത്യത്തിന്റെ ശബ്ദമാണ്. എന്നാല്‍ ആ ശബ്ദം ആക്രമണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു. 2026 ലെ ലോകമാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യ 157ാം സ്ഥാനത്താണ്. ഇത് വളരെ ഗുരുതരമാണ്.

ലോക മാധ്യമ സ്വാതന്ത്ര്യ ദിനത്തില്‍ അധികാരത്തോട് സത്യം സംസാരിക്കുകയും ജനാധിപത്യത്തിന് വേണ്ടി പോരാടുകയും ചെയ്യുന്ന എല്ലാ നിര്‍ഭയ ശബ്ദങ്ങള്‍ക്കും കോണ്‍ഗ്രസ് പാര്‍ട്ടി പിന്തുണ നല്‍കുന്നു,’ കോണ്‍ഗ്രസിന്റെ ഔദ്യോഗിക പേജില്‍ പങ്കുവെച്ച എക്‌സ് പോസ്റ്റില്‍ പറയുന്നു.

പത്രസ്വാതന്ത്രത്തോടുളള സര്‍ക്കാരുകളുടെ പ്രതിബദ്ധതയെ മാനിക്കേണ്ടതിന്റെ ആവശ്യകത ഓര്‍മിപ്പിച്ചുകൊണ്ടാണ് മെയ് മൂന്ന് ലോക പത്രസ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നത്.

1991ല്‍ യുനെസ്‌കോയുടെ 26-ാമത് പൊതുസമ്മേളനത്തില്‍ അംഗീകരിച്ച ഒരു ശുപാര്‍ശയെത്തുടര്‍ന്ന് 1993-ല്‍ യു.എന്‍ ജനറല്‍ അസംബ്ലി ലോക പത്രസ്വാതന്ത്ര്യ ദിനം പ്രഖ്യാപിച്ചു.

1991-ല്‍ നാഴികക്കല്ലായ വിന്‍ഡ്ഹോക്ക് പ്രഖ്യാപനം നടത്തിയ ആഫ്രിക്കന്‍ പത്രപ്രവര്‍ത്തകരുടെ ആഹ്വാനത്തിനുള്ള പ്രതികരണമായിരുന്നു ഇത്.

ലോകമെമ്പാടുമുള്ള പത്രസ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനുള്ള ഒരു മാനദണ്ഡമാണ് വിന്‍ഡ്ഹോക്ക് പ്രഖ്യാപനം. 1991 ല്‍ വിന്‍ഡ്ഹോക്കില്‍ നടന്ന ഒരു സെമിനാറിലാണ് ഇത് ആരംഭിച്ചത്, എന്നാല്‍ ആഫ്രിക്കന്‍ പത്രപ്രവര്‍ത്തകരും മാധ്യമ പ്രൊഫഷണലുകളും കൈമാറിയ ആശയങ്ങള്‍ ആഫ്രിക്കയിലും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലും പത്രസ്വാതന്ത്ര്യം, സ്വാതന്ത്ര്യം, ബഹുസ്വരത എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ഒരു ഉത്തേജകമായി പ്രവര്‍ത്തിച്ചു.

Content Highlight: Press freedom under attack; Congress slams Centre over India’s decline in World Press Freedom Index

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more