| Thursday, 13th February 2025, 8:48 pm

മണിപ്പൂരില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇംഫാല്‍: മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതായി കേന്ദ്രം പ്രഖ്യാപിക്കുകയായിരുന്നു. അസംബ്ലിയും നിര്‍ത്തിവെച്ചു.

ഭരണഘടനയുടെ വ്യവസ്ഥകള്‍ക്കനുസരിച്ച് സംസ്ഥാനത്തെ സര്‍ക്കാരിനെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യമാണെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു അഭിപ്രായപ്പെട്ടതായി കേന്ദ്രം അറിയിച്ചു.

ആര്‍ട്ടിക്കിള്‍ 356 പ്രകാരം തനിക്ക് പ്രാപ്തമാകുന്ന അധികാരങ്ങള്‍ വിനിയോഗിച്ച് മണിപ്പൂര്‍ സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും സംസ്ഥാനത്തെ ഗവര്‍ണറില്‍ നിക്ഷിപ്തമായതുമായ എല്ലാ അധികാരങ്ങളും ഇന്ത്യയുടെ രാഷ്ട്രപതിയായ താന്‍ ഏറ്റെടുക്കുന്നതായി വിജ്ഞാപനത്തില്‍ പറയുന്നു.

ഞായറാഴ്ചയാണ് മണിപ്പൂര്‍ മുഖ്യമന്ത്രി  ബിരേന്‍ സിങ് രാജ്ഭവനിലെത്തി രാജി സമര്‍പ്പിച്ചത്. ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ലയ്ക്ക് അദ്ദേഹം രാജിക്കത്ത് കൈമാറുകയായിരുന്നു. രാജ്ഭവനില്‍ ബി.ജെ.പി എം.എല്‍.എമാര്‍ക്കും എം.പിമാര്‍ക്കും ഒപ്പമെത്തിയാണ് ബീരേന്‍ സിങ് രാജിക്കത്ത് കൈമാറിയത്.

കലാപബാധിതമായ മണിപൂരില്‍ നിലവിലുള്ള ബി.ജെ.പി സര്‍ക്കാരിനെതിരെ പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വിശ്വാസ വോട്ടെടുപ്പിന് സാധ്യതയുളളതിനാലാണ് ബിരേന്‍ സിങ്ങിന്റെ രാജി എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടുമടങ്ങിയതിന് പിന്നാലെയായിരുന്നു രാജി.

Content Highlight: President’s rule was imposed in Manipur

We use cookies to give you the best possible experience. Learn more