| Sunday, 21st December 2025, 6:28 pm

മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ഇനിയില്ല; വിബി ജി റാംജി ബില്‍ രാഷ്ട്രപതി അംഗീകരിച്ചു

അനിത സി

ന്യൂദല്‍ഹി: പുതിയ തൊഴിലുറപ്പ് പദ്ധതിയായ വിക്‌സിത് ഭാരത് – റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ (ഗ്രാമീണ്‍)(വിബി ജി റാംജി) ബില്ലിന് അംഗീകാരം നല്‍കി രാഷ്ട്രപതി. ഇതോടെ യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന തൊഴിലുറപ്പ് പദ്ധതിയായ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി റദ്ദാക്കപ്പെട്ടു.

വിബി ജി റാം ജി പ്രകാരം തൊഴിലില്ലാത്ത ഗ്രാമീണ കുടുംബങ്ങള്‍ക്ക് വര്‍ഷത്തില്‍ 125 ദിവസം തൊഴില്‍ ഉറപ്പ് നല്‍കുന്നു. ഇത് മാത്രമാണ് മുമ്പത്തെ തൊഴിലുറപ്പ് പദ്ധതിയില്‍ നിന്നും മികച്ചതെന്ന് പറയാവുന്ന ഒരേയൊരു മാറ്റം.

മുമ്പ് 100 ദിവസമായിരുന്നു ഒരു സാമ്പത്തിക വര്‍ഷത്തെ തൊഴില്‍ ദിനങ്ങള്‍. മുമ്പ് പൂര്‍ണമായും കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായിരുന്നു തൊഴിലുറപ്പ് പദ്ധതി.

എന്നാല്‍ പുതിയ മാറ്റം സംസ്ഥാനത്തിന്റെ ചുമലിലും ബാധ്യത ഏല്‍പ്പിക്കും. 40 ശതമാനത്തോളം പദ്ധതിയുടെ ചെലവ് വഹിക്കേണ്ടത് സംസ്ഥാനമാണ്.

കൂടാതെ കേന്ദ്രം തീരുമാനിക്കുന്ന തൊഴിലുകള്‍ മാത്രമാണ് ചെയ്യാനാവുക. കാര്‍ഷിക വൃത്തി നടക്കുന്ന മാസങ്ങളില്‍ തൊഴിലുറപ്പ് ജോലികള്‍ ചെയ്യുന്നതിന് വിലക്കുമുണ്ട്.

ഇത്തരത്തില്‍ തൊഴിലാളി വിരുദ്ധവും സംസ്ഥാനങ്ങള്‍ക്ക് അധിക ബാധ്യതയുമാകുന്ന പദ്ധതിയാണ് വിബി ജി റാം ജിയെന്ന് പ്രതിപക്ഷം ചൂണ്ടിക്കാണിച്ചിരുന്നു. ബില്ലിനെതിരെ ലോക്‌സഭയിലും രാജ്യസഭയിലും വലിയ പ്രതിഷേധങ്ങളാണ് നടന്നത് ലോക്‌സഭയില്‍ പ്രതിപക്ഷം ബില്‍ കീറിയെറിഞ്ഞിരുന്നു.

പദ്ധതിയുടെ പേരില്‍ നിന്നും മഹാത്മാഗാന്ധിയെ നീക്കം ചെയ്യുന്നതിനെ കോണ്‍ഗ്രസ് നിശിതമായി വിമര്‍ശിച്ചിരുന്നു.

തിടുക്കത്തില്‍ ബില്‍ പാസാക്കാതെ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എല്ലാ എതിര്‍പ്പുകളെയും അവഗണിച്ച് ഏകപക്ഷീയമായാണ് കേന്ദ്ര സര്‍ക്കാര്‍ ബില്‍ അവതരിപ്പിച്ചതും പാസാക്കിയതും.

Content Highlight: President Nod to VB G RAM G Bill

അനിത സി

ഡൂള്‍ ന്യൂസ് സബ് എഡിറ്റര്‍

We use cookies to give you the best possible experience. Learn more