| Saturday, 31st January 2026, 7:23 pm

വെള്ളാപ്പള്ളിയുടെ പത്മഭൂഷണ്‍ പിന്‍വലിക്കണമെന്ന പരാതി ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി രാഷ്ട്രപതി

രാഗേന്ദു. പി.ആര്‍

ന്യൂദല്‍ഹി: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പത്മഭൂഷണ്‍ നല്‍കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പരാതി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി രാഷ്ട്രപതി.

സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ചെയര്‍മാന്‍ ആര്‍.എസ്. ശശികുമാര്‍ നല്‍കിയ പരാതിയാണ് രാഷ്ട്രപതിയുടെ ഓഫീസ് ആഭ്യന്തരവകുപ്പിന് കൈമാറിയത്.

വെള്ളാപ്പള്ളി നടേശന്‍ പത്മ പുരസ്‌കാരങ്ങളെ അധിക്ഷേപിച്ച വ്യക്തിയാണെന്നും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.

പ്രസ്തുത പരാതി പരിശോധിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നാണ് രാഷ്ട്രപതിയുടെ നിര്‍ദേശം. ഇതിന്റെ പകര്‍പ്പ് ആര്‍.എസ്. ശശികുമാറിനും കൈമാറിയിട്ടുണ്ട്. രാഷ്ട്രപതി ഭവന്‍ അണ്ടര്‍ സെക്രട്ടറിയാണ് പരാതി കൈമാറിയത്.

വെള്ളാപ്പളളിക്ക് പുരസ്‌കാരം നല്‍കാനുള്ള തീരുമാനം അനീതിയാണെന്നും നിവേദനത്തില്‍ പറഞ്ഞിരുന്നു.

77ാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്‌കാരങ്ങളിലാണ് വെള്ളാപ്പള്ളി നടേശന് പത്മഭൂഷണ്‍ ലഭിച്ചത്. കേരളത്തില്‍ നിന്ന് നടന്‍ മമ്മൂട്ടിയും വെള്ളാപ്പള്ളിയുമടക്കം എട്ട് പേരാണ് പത്മ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹത നേടിയത്.

പൊതുരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സംഭാവനകള്‍ കണക്കിലെടുത്താണ് വെള്ളാപ്പള്ളിക്ക് പത്മഭൂഷണ്‍ നല്‍കാന്‍ തീരുമാനമായത്. എന്നാല്‍ പുരസ്‌കാരം പ്രഖ്യാപിച്ചതിന് പിന്നാലെ പത്മ അവാര്‍ഡുകള്‍ക്കെതിരായ വെള്ളാപ്പള്ളിയുടെ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയായിരുന്നു.

‘പത്മഭൂഷണ് വല്ല വിലയുമുണ്ടോ…അത് കാശ് കൊടുത്താല്‍ കിട്ടുന്ന സാധനമല്ലേ….. തരാമെന്ന് പറഞ്ഞാലും ഞാന്‍ വാങ്ങില്ല,’ എന്നായിരുന്നു വെള്ളാപ്പള്ളിയുടെ വിവാദ പരാമര്‍ശം. ഇന്ത്യന്‍ എക്സ്പ്രസിന്റെ പോഡ്കാസ്റ്റിലായിരുന്നു വെള്ളാപ്പള്ളിയുടെ പരാമർശം.

താനിതുവരെ ഒരു അവാര്‍ഡ് പോലും വാങ്ങിയിട്ടില്ലെന്നും എല്ലാവരോടും നോ എന്നാണ് പറയാറുള്ളതെന്നും വെള്ളാപ്പള്ളി അവകാശപ്പെട്ടിരുന്നു.

Content Highlight: President hands over the complaint to Home Ministry seeking withdrawal of Vellappally Natesan’s Padma Bhushan

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more