ഖാര്‍തൂം: പ്രതിപക്ഷ കക്ഷികളുടെ ബഹിഷ്‌കരണ ആഹ്വാനത്തിനിടെ സുഡാനില്‍ ഇന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ്. 25 വര്‍ഷക്കാലം സുഡാന്‍ ഭരിച്ച പ്രസിഡന്റ് ഒമര്‍ അല്‍ ബഷീറിന്റെ നേതൃത്വത്തിലുള്ള നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി(എന്‍.സി.പി) വീണ്ടും അധികാരത്തില്‍ തുടരും എന്നുള്ളതാണ് നിരീക്ഷകര്‍ നല്‍കുന്ന സൂചനകള്‍.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ സുതാര്യത അടക്കമുള്ള നിരവധി പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷം തെരഞ്ഞെടുപ്പ് നീട്ടി വെക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും സര്‍ക്കാര്‍ തള്ളിക്കളയുകയായിരുന്നു. ഇത് കൂടാതെ അഭ്യന്തര കലഹം തുടരുന്ന സുഡാനില്‍ സമാധാന ചര്‍ച്ചകള്‍ പൂര്‍ത്തിയാവുന്നത് വരെ തെരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യവും എന്‍.സി.പി സര്‍ക്കാര്‍ തള്ളിയിരുന്നു.
11000 പോളിംഗ് സ്‌റ്റേഷനുകളാണ് സുഡാനിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പിനായി ഒരുക്കിയിരിക്കുന്നത്. 14 ഓളം സ്ഥാനാര്‍ത്ഥികളാണ് ഒമര്‍ അല്‍ ബഷീറിനെതിരായി മത്സര രംഗത്തുള്ളത്. ഇവരില്‍ ഭൂരിഭാഗം പേരും ശക്തി കുറഞ്ഞ സ്ഥാനാര്‍ത്ഥികളാണ്. ഏപ്രില്‍ 27നാണ് തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരിക.
1989ലാണ് ഒമര്‍ അല്‍ ബഷീര്‍ സുഡാന്‍ പ്രസിഡന്റായി അധികാരമേല്‍ക്കുന്നത്. പ്രധാനമന്ത്രിയായിരുന്ന സാദിഖ് അല്‍ മഹ്ദി സര്‍ക്കാരിനെ അട്ടിമറിച്ച് കൊണ്ടായിരുന്നു അദ്ദേഹം സുഡാനില്‍ അധികാരമേറ്റിരുന്നത്. ദര്‍ഫുറിലെ കൂട്ടക്കൊലകളുടെ പേരില്‍ അധികാരത്തിലിരിക്കെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ നിയമ നടപടികള്‍ നേരിട്ട ആദ്യത്തെ പ്രസിഡന്റാണ് ഒമര്‍ അല്‍ ബഷീര്‍.