| Friday, 24th October 2025, 10:13 am

സാക്ഷരതയിലെയും വിദ്യാഭ്യാസത്തിലെയും കേരള മോഡലിനെ പുകഴ്ത്തി രാഷ്ട്രപതി ദ്രൗപതി മുര്‍മു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: സാക്ഷാരത, വിദ്യാഭ്യാസം എന്നിവയിലെ കേരള മോഡലിനെ പുകഴ്ത്തി രാഷ്ട്രപതി ദ്രൗപതി മുര്‍മു. ഇവ രണ്ടും ചേര്‍ന്നാണ് മാനവ വികസന സൂചികകളില്‍ കേരളത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മുന്‍നിരയിലെത്തിച്ചതെന്ന് രാഷ്ട്രപതി പറഞ്ഞു. പാലാ സെന്റ് തോമസ് കോളേജിന്റെ 75ാം വാര്‍ഷിക സമാപനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.

21ാം നൂറ്റാണ്ടിനെ അറിവിന്റെ നൂറ്റാണ്ടെന്നാണ് വിശേഷിപ്പിക്കുന്നത്. അറിവാണ് സമൂഹത്തെ മുന്നോട്ട് നയിക്കുന്നതെന്നും അത് സ്വാശ്രയത്വം നല്കുമെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു. പാലാ സെന്റ് തോമസ് കോളേജ് പോലുള്ള സ്ഥാപനങ്ങള്‍ വ്യക്തിയുടെ ഭാവിയെയും വിധിയെയും രൂപപ്പെടുത്തുന്ന പണിപ്പുരകളാണെന്നും രാഷ്ട്രപതി പറഞ്ഞു.

‘ശ്രീനാരായണ ഗുരുവെന്ന മഹാനായ സാമൂഹിക പരിഷ്‌കര്‍ത്താവ് പറഞ്ഞത് വിദ്യകൊണ്ട് പ്രബുദ്ധരാകാനാണ്. വിദ്യാഭ്യാസത്തിന്റെ വെളിച്ചം വ്യക്തിയുടെയും സമൂഹത്തിന്റെയും വഴികളില്‍ പ്രകാശം പരത്തുന്നു. കോട്ടയത്ത് പാലായുടെ സമീപത്തുള്ള ഉഴവൂര്‍ എന്ന കൊച്ചു ഗ്രാമത്തില്‍ ജനിച്ച കെ.ആര്‍. നാരായണന്‍ ചെറിയ ജീവിത സാഹചര്യങ്ങളില്‍ നിന്ന് ജീവിച്ച് രാജ്യത്തെ പരമോന്നത പദവിയിലെത്തി,’ രാഷ്ട്രപതി പറഞ്ഞു.

ഇന്ത്യയുടെ ശക്തി വരച്ചുകാട്ടുന്ന ആ ജീവിതം പ്രചോദനമാണെന്ന് പറഞ്ഞ രാഷ്ട്രപതി, കോട്ടയം എന്ന നാട് രാജ്യത്തിന് നല്‍കിയ സംഭാവനകളെക്കുറിച്ചും സംസാരിച്ചു. വികസനത്തിന്റെയും വളര്‍ച്ചയുടെയും അവസരങ്ങള്‍ കണ്ടെത്താനാണ് വിദ്യാഭ്യാസമെന്നും തന്റെ പ്രസംഗത്തില്‍ രാഷ്ട്രപതി പറഞ്ഞു. വ്യക്തിപരവും സാമൂഹികവുമായ പുരോഗതിയിലേക്കുള്ള പാത വിദ്യാഭ്യാസത്തിന്റെ വെളിച്ചമാണ് പ്രകാശിപ്പിക്കുന്നതെന്നും പറഞ്ഞുകൊണ്ടാണ് രാഷ്ട്രപതി പ്രസംഗം അവസാനിപ്പിച്ചത്.

നാല് ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഷ്ട്രപതി കേരളത്തിലെത്തിയത്. ശബരിമല സന്ദര്‍ശനം നടത്തിയ രാഷ്ട്രപതി പിന്നീട് ശിവഗിരിയില്‍ ശ്രീനാരായണ ഗുരു സമാധി സമ്മേളനത്തിലും പങ്കെടുത്തു. എറണാകുളം സെന്റ് തെരേസാസ് കോളേജിന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുത്ത് ഇന്ന് വൈകുന്നേരം രാഷ്ട്രപതി ദല്‍ഹിയിലേക്ക് തിരിക്കും.

Content Highlight: President Draupadi Murmu appreciates Kerala’ Education system

We use cookies to give you the best possible experience. Learn more