| Saturday, 27th December 2025, 11:34 am

മലേഷ്യയില്‍ പോയി പ്രാര്‍ത്ഥിക്കാന്‍ രണ്ട് ദിവസം ലീവ് വേണം, ലോകേഷിനെയും നെല്‍സണെയും അറ്റ്‌ലീയെയും ട്രോളി സോഷ്യല്‍ മീഡിയ

അമര്‍നാഥ് എം.

മലേഷ്യയിലെ ജലീല്‍ ബുകിത് സ്‌റ്റേഡിയത്തില്‍ നടക്കുന്ന ജന നായകന്‍ ഓഡിയോ ലോഞ്ചാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. 85,000 ആളുകള്‍ക്ക് ഇരിക്കാന്‍ കഴിയുന്ന സ്‌റ്റേഡിയത്തിലെ പാസുകളെല്ലാം തന്നെ വിറ്റഴിക്കപ്പെട്ടിരിക്കുകയാണ്. തമിഴ് സിനിമ ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും ഗ്രാന്‍ഡായിട്ടുള്ള പരിപാടിയിരിക്കും ഈ ഓഡിയോ ലോഞ്ചാണെന്നാണ് കണക്കുകൂട്ടല്‍.

തമിഴിലെ മുന്‍നിര സംവിധായകരായ അറ്റ്‌ലീ, ലോകേഷ് കനകരാജ്, നെല്‍സണ്‍ എന്നിവരുടെ സാന്നിധ്യവും ഓഡിയോ ലോഞ്ചിന്റെ പ്രധാന ആകര്‍ഷണമാണ്. വിജയ്‌യുടെ കരിയറില്‍ വലിയ ഇംപാക്ട് ഉണ്ടാക്കിയ സംവിധായകരാണ് മൂവരും. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഇവരുടെ സാന്നിധ്യത്തെ ട്രോളിക്കൊണ്ടുള്ള പോസ്റ്റുകള്‍ വൈറലായിരിക്കുകയാണ്.

മൂന്ന് പേരും നിലവില്‍ ചെയ്തുകൊണ്ടിരിക്കുന്ന സിനിമകളുടെ നിര്‍മാതാക്കള്‍ സണ്‍ പിക്‌ചേഴ്‌സാണ്. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ ബന്ധുവാണ് സണ്‍ പിക്‌ചേഴ്‌സിന്റെ ഉടമയായ കലാനിധി മാരന്‍. സണ്‍ പിക്‌ചേഴ്‌സും ഡി.എം.കെയും തമ്മിലുള്ള ബന്ധം പലര്‍ക്കും അറിയാവുന്ന കാര്യമാണ്. തമിഴ് രാഷ്ട്രീയത്തില്‍ ഡി.എം.കെയുടെ പുതിയ എതിരാളിയാണ് വിജയ്.

ജന നായകന്‍ Photo: VCD Tweets/ X.com

സണ്‍ പിക്‌ചേഴ്‌സിന്റെ സിനിമയുടെ ഷൂട്ടിനിടയില്‍ വിജയ്‌യുടെ ഓഡിയോ ലോഞ്ചിന് പങ്കെടുക്കുന്ന ലോകേഷ്, നെല്‍സണ്‍ അറ്റ്‌ലീ എന്നിവരെ വെച്ചുകൊണ്ടുള്ള മീമുകള്‍ പ്രേക്ഷകരെ ചിരിപ്പിക്കുന്നുണ്ട്. ഓരോരുത്തരും ഷൂട്ടിനിടയില്‍ ലീവ് ചോദിക്കുന്ന മീമാണ് ഏറ്റവും ചിരിപ്പിക്കുന്നത്. കാവ്യ മാരന്റെ സണ്‍റൈസേഴ്‌സ് ടീം വിജയിക്കാന്‍ മലേഷ്യയിലെ മുരുകന്റെ ക്ഷേത്രത്തില്‍ പോയി പ്രാര്‍ത്ഥിക്കാമെന്ന് പറഞ്ഞാണ് നെല്‍സണ്‍ ലീവെടുക്കുന്നത്.

അല്ലു അര്‍ജുന്റെ പുതിയ ഗെറ്റപ്പിനെക്കുറിച്ച് റിസര്‍ച്ച് ചെയ്യാനും മുരുകന്‍ ക്ഷേത്രം സന്ദര്‍ശിക്കാനും വേണ്ടിയാണ് അറ്റ്‌ലീ ലീവെടുക്കുന്നത്. ലോകേഷാകട്ടെ കൂലിയുടെ പരാജയം മറക്കാനും ഡി.സി വിജയിക്കാനും പ്രാര്‍ത്ഥിക്കാന്‍ മലേഷ്യയിലെത്തുന്നു എന്നാണ് ട്രോളില്‍ പറയുന്നത്. ധൂള്‍ എന്ന ചിത്രത്തില്‍ വിവേകും ചാപ്ലിന്‍ ബാലുവും തമ്മിലുള്ള സീനിന്റെ മീം ഉപയോഗിച്ചാണ് ട്രോള്‍ നിര്‍മിച്ചിരിക്കുന്നത്.

സണ്‍ പിക്‌ചേഴ്‌സ് ട്രോള്‍ Photo: Tamil Comedy memes/ Facebook

ജന നായകനെ പരമാവധി പരാജയപ്പെടുത്തുക എന്ന ലക്ഷ്യമാണ് ഡി.എം.കെയ്ക്ക് എന്ന് ആദ്യം മുതല്‍ക്കേ ആരോപണമുണ്ടായിരുന്നു. പൊങ്കല്‍ റിലീസായി പരാശക്തി എത്തുമെന്ന് അറിയിച്ചതോടെയാണ് ഈ ആരോപണം ആരംഭിച്ചത്. ഉദയനിധി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള റെഡ് ജയന്റ്‌സാണ് പരാശക്തിയുടെ വിതരണക്കാര്‍. ജനുവരി 14ന് റിലീസ് ചെയ്യുമെന്നറിയിച്ച ചിത്രം 10ാം തിയതിയിലേക്ക് പ്രീപോണ്‍ ചെയ്തതോടെ ക്ലാഷ് റിലീസിനുപരി രാഷ്ട്രീയയുദ്ധമായി പൊങ്കല്‍ സീസണ്‍ മാറിയിരിക്കുകയാണ്.

എന്നാല്‍ നെല്‍സണും അറ്റ്‌ലീയും ലോകേഷും ഓഡിയോ ലോഞ്ചില്‍ പങ്കെടുത്തത് വിജയ്‌യോടുള്ള ബഹുമാനം കാരണമാണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. മൂന്ന് സംവിധായകരുടെയും കരിയറില്‍ വിജയ് എന്ന താരം കൊണ്ടുവന്ന ഇംപാക്ട് ചെറുതല്ല.

അറ്റ്‌ലീ, ലോകേഷ് കനകരാജ്, നെല്‍സണ്‍ Photo: VCD Tweets/ X.com

തെരി, മെര്‍സല്‍ എന്നീ സിനിമകളിലൂടെ അറ്റ്‌ലീയും മാസ്റ്റര്‍, ലിയോ എന്നീ സിനിമകളിലൂടെ ലോകേഷും ബീസ്റ്റിലൂടെ നെല്‍സണും തമിഴ് ഇന്‍ഡസ്ട്രിയില്‍ മുന്‍നിരയിലെത്തിയിട്ടുണ്ട്. തങ്ങളുടെ ‘അണ്ണനോടുള്ള’ ആദരസൂചകമായാണ് മൂവരും ചടങ്ങില്‍ പങ്കെടുക്കുന്നതെന്നും ചില പോസ്റ്റില്‍ പറയുന്നുണ്ട്.

Content Highlight: Presence of Lokesh Kanagaraj Atlee and Nelson in Jana Nayagan audio launch became troll material

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more