| Sunday, 15th February 2026, 3:18 pm

ഏതൊക്കെ അക്കാദമികളില്‍ സ്വാഭാവികമായി നടപടിയെടുത്തു? മന്ത്രിയുടെ വാദം വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പ്രേംകുമാര്‍

അനിത സി

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും മാറ്റിയ നടപടിയിലെ അസ്വാഭാവികത ചോദ്യം ചെയ്തും സാംസ്‌കാരിക മന്ത്രിയെ വിമര്‍ശിച്ചും നടനും അക്കാദമി മുന്‍ചെയര്‍മാനുമായ പ്രേംകുമാര്‍.

സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള ഏതൊക്കെ അക്കാദമികളിലാണ് കാലാവധി കഴിഞ്ഞയുടനെ തന്നെ സ്വാഭാവിക നടപടിയായി ചെയര്‍മാനെ മാറ്റിയിട്ടുള്ളതെന്ന് പ്രേംകുമാര്‍ ചോദിച്ചു.

‘മന്ത്രി പറഞ്ഞതുപോലെ ഏതൊക്കെ അക്കാദമികളിലാണ് ഇങ്ങനെ സംഭവിച്ചിട്ടുള്ളത്. സംഗീത നാടക അക്കാദമിയുടെ കാലാവധി കഴിഞ്ഞിട്ടെത്രയായി? സാഹിത്യ അക്കാദമിയുടെ കഴിഞ്ഞിട്ടെത്രയായി? മറ്റ് അക്കാദമികളിലും എത്ര നാളായി?

ഭാരത് ഭവനിലും ഇങ്ങനെ കാലാവധി കഴിഞ്ഞിട്ടും തുടരുന്നുണ്ട്. അവിടെയൊക്കെ വലിയ മാറ്റം വന്നോ?’ പ്രേംകുമാര്‍ മാധ്യമങ്ങളോട് ചോദിച്ചു.

‘സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പത്തെ ദിവസമാണ് ഞാനറിഞ്ഞത് എല്ലാ ചുമതലകളില്‍ നിന്നും മാറ്റിയെന്ന്. ഒന്നാം തീയതി തിരുവനന്തപുരത്ത് പ്രഖ്യാപിക്കേണ്ടിയുരുന്ന പുരസ്‌കാരങ്ങള്‍ മൂന്നാം തീയതി തൃശൂര്‍ വെച്ചാണ് പ്രഖ്യാപിച്ചത്.

ഇതൊക്കെ ഒരു സ്വാഭാവിക നടപടിയാണോ? ആരൊക്കെ അത് വിശ്വസിച്ചാലും എനിക്ക് വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണ്’, പ്രേകുമാര്‍ പറഞ്ഞു.

എന്ത് അടിയന്തര സാഹചര്യമുണ്ടായിട്ടാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ തീരുമാനമെടുത്തതെന്നും അദ്ദേഹം ചോദിച്ചു.

എനിക്ക് തൊട്ടുമുമ്പുള്ള ചെയര്‍മാനും വൈസ് ചെയര്‍മാനും എത്രകാലമാണ് സ്ഥാനങ്ങളിലിരുന്നതെന്നും അദ്ദേഹം ചോദിച്ചു.

ചലച്ചിത്ര അക്കാദമിയുടെ തിരക്കിട്ട പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുന്നതിനിടെ, എല്ലാം പാതിവഴിയില്‍ നില്‍ക്കുമ്പോഴാണ് പെട്ടെന്ന് സ്ഥാനമാറ്റമുണ്ടായതെന്നും പ്രേംകുമാര്‍ പറഞ്ഞു.

സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ തലപ്പത്ത് നിന്നും തന്നെ രാഷ്ട്രീയ അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ തിടുക്കത്തില്‍ മാറ്റിയെന്നും സഹപ്രവര്‍ത്തകരോട് യാത്ര പറയാന്‍ പോലും സമയം നല്‍കിയില്ലെന്നും പ്രേം കുമാര്‍ മുമ്പ് ആരോപിച്ചിരുന്നു.

തൊട്ടുപിന്നാലെ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ പ്രേംകുമാറിനെ സ്ഥാനത്ത് നിന്നും മാറ്റിയത് കാലാവധി കഴിഞ്ഞതുകൊണ്ടുള്ള സ്വാഭാവിക നടപടിക്രമം മാത്രമാണെന്ന് പറഞ്ഞിരുന്നു.

ഇതുസംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരക്കവെയാണ് പ്രേംകുമാര്‍ മന്ത്രിക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

അതേസമയം, പ്രേംകുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റുകയോ ഒഴിവാക്കുകയോ ചെയ്തതലല്ല. അദ്ദേഹത്തിന്റെ നിലപാടുകളും അഭിപ്രായങ്ങളുമല്ല സ്ഥാനത്ത് നിന്നും മാറ്റാന്‍ കാരണമായതെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞിരുന്നു.

പദവി ഒഴിയുന്നതുമായി ബന്ധപ്പെട്ട് ആശയവിനിമയത്തില്‍ എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.

Content Highlight: Premkumar questions  minister Saji Cheriyan

അനിത സി

ഡൂള്‍ ന്യൂസ് സബ് എഡിറ്റര്‍

We use cookies to give you the best possible experience. Learn more