ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരത്തില്‍ വിജയം സ്വന്തമാക്കി ഡിഫന്‍ഡിങ് ചാമ്പ്യന്മാരായ ലിവര്‍പൂള്‍. ബേണ്‍മൗത്തിനെ നാലിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ദി റെഡ്‌സ് വിജയിച്ചത്. തുടക്കത്തില്‍ പിന്നിട്ട് നിന്ന ബേണ്‍മൗത്ത് തിരിച്ച് വരവ് നടത്താന്‍ ശ്രമിച്ചെങ്കിലും ചാമ്പ്യന്മാരുടെ പ്രത്യാക്രമണത്തില്‍ മുങ്ങുകയായിരുന്നു.
കാറപകടത്തില്‍ മരിച്ച ലിവര്‍പൂള്‍ താരം ഡിയാഗോ ജോട്ടക്കും സഹോദരന്‍ ആന്ദ്രേ സിൽവക്കും ആദരമർപ്പിച്ചാണ് ആന്‍ഫീല്‍ഡില്‍ പ്രീമിയര്‍ ലീഗ് പുതിയ സീസണിന് തുടക്കമായത്. മത്സരത്തിന് മുമ്പ് താരങ്ങള്‍ രണ്ട് മിനിട്ട് മൗനം ആചരിച്ചപ്പോള്‍ ഗാലറിയില്‍ ആരാധകര്‍ ചിത്രങ്ങളും ഗാനങ്ങളുമായി തങ്ങളുടെ പ്രിയ താരത്തെ ഓര്‍ത്തു.
മത്സരത്തില്‍ ആദ്യ വിസില്‍ മുഴങ്ങിയത് മുതല്‍ ലിവര്‍പൂളിന്റെ ആധിപത്യത്തിനാണ് ആരാധകര്‍ സാക്ഷിയായത്. ആദ്യ മിനിട്ട് മുതല്‍ തന്നെ ലിവര്‍പൂള്‍ മുന്നേറ്റങ്ങളുമായി ബേണ്‍മൗത്തിന്റെ ഹാഫിലെത്തി അക്രമമഴിച്ചുവിട്ടു. 4ാം മിനിട്ടില്‍ തന്നെ സൂപ്പര്‍ താരം മുഹമ്മദ് സലയാണ് മുന്നേറ്റങ്ങള്‍ക്ക് തുടക്കമിട്ടത്.
പിന്നാലെ, മറ്റ് താരങ്ങളും പന്തുമായി എതിര്‍ പോസ്റ്റിലേക്ക് പാഞ്ഞടുത്ത് ബേണ്‍മൗത്തിനെ സമ്മര്‍ദത്തിലാക്കി. ഒടുവില്‍ മുന്നേറ്റങ്ങളുടെ ഫലമായി 39ാം മിനിട്ടില്‍ ആദ്യ ഗോളിലെത്തി. പ്രീമിയര്‍ ലീഗില്‍ അരങ്ങേറ്റത്തിനിറങ്ങിയ ഹ്യൂഗോ എകിറ്റികെയായിരുന്നു വല കുലുക്കിയത്.
ലിവര്‍പൂള്‍ ഒന്നാം പകുതിയില്‍ തന്നെ ലീഡുയര്‍ത്താന്‍ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല. മറുവശത്ത് ബേണ്‍മൗത്ത് സമനില നേടാന്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഇതേ സ്‌കോറില്‍ തന്നെ ഹാഫ് ടൈമിന് വിസില്‍ മുഴങ്ങി.
രണ്ടാം പകുതിയും ലിവര്‍പൂളിന്റെ മുന്നേറ്റങ്ങളോടെ തന്നെയാണ് ആരംഭിച്ചത്. മത്സരം തുടങ്ങി നാല് മിനിട്ടിനുള്ളില്‍ തന്നെ ലിവര്‍പൂള്‍ തങ്ങളുടെ ലീഡുയര്‍ത്തി. ഇത്തവണ കോഡി ഗാക്‌പോയാണ് ഗോള്‍ നേടിയത്.
ഗോളിന് പിന്നാലെ അതുവരെ ദി റെഡ്സിന്റെ പ്രതാപത്തിന്റെ മുന്നില്‍ മങ്ങിയ ബേണ്‍മൗത്ത് തങ്ങളുടെ ആക്രമണങ്ങള്‍ക്ക് തുടക്കമിട്ടു. 64ാം മിനിട്ടില്‍ അന്റോയിന്‍ സെമാന്‍യോയിലൂടെ ആദ്യ ഗോള്‍ കണ്ടെത്തി. അനായാസ വിജയം സ്വപ്നം കൊണ്ടിരിക്കെ പ്രതീക്ഷിക്കാതെ എത്തിയ ഗോളില്‍ ലിവര്‍പൂള്‍ പ്രതിരോധത്തിലായി.
പിന്നീടങ്ങോട്ട് മത്സരത്തിന്റെ ആവേശം പതിന്മടങ്ങായി. ആദ്യ ഗോളിന്റെ ഷോക്ക് വിട്ടുമാറും മുമ്പ് തന്നെ ബേണ്‍മൗത്ത് സമനിലയും സ്വന്തമാക്കി. ടീമിനായി സെമാന്‍യോ തന്നെയാണ് 76ാം മിനിട്ടിലും വെടി പൊട്ടിച്ചത്. രണ്ടാം ഗോളോടെ ആന്‍ഫീല്‍ഡ് നിശബ്ദമായി.
ശേഷിക്കുന്ന സമയങ്ങളില്‍ ഇരു കൂട്ടരും ഒന്നിനൊന്ന് മികച്ച മുന്നേറ്റങ്ങളും പ്രതിരോധവുമായി കളം നിറഞ്ഞതോടെ മത്സരം സമനിലയില്‍ അവസാനിക്കുമെന്ന് ആരാധകര്‍ ഏറെ കുറെ ഉറപ്പിച്ചു. എന്നാല്‍, ആ പ്രതീക്ഷകളെ തകര്‍ത്ത് 88ാം മിനിട്ടില്‍ ഫെഡറിക്കോ ചീസ ലിവര്‍പൂളിന്റെ മൂന്നാം ഗോള്‍ കണ്ടെത്തി.
അതോടെ, ഗാലറി ആവേശകടലമായി മാറി. മത്സരം അവസാനിക്കാന്‍ മിനിട്ടുകള്‍ മാത്രം ശേഷിക്കെ സലയും വല കുലുക്കി. ഇഞ്ചുറി ടൈമിന്റെ 4ാം മിനിട്ടിലെ സൂപ്പര്‍ താരത്തിന്റെ ഗോള്‍ ദി റെഡ്സിനെ വിജയികളാക്കി.
Content Highlight: Premier League: Liverpool defeated Bournemouth