| Saturday, 22nd August 2026, 8:07 pm

"ചരിത്രത്തിലെ ആദ്യ ജയം"! തിരിച്ചുവരുമ്പോള്‍ ദേ ഇങ്ങനെ വരണം; കടുവകളുടെ ഗര്‍ജനത്തില്‍ ഞെട്ടി യുണൈറ്റഡ്

ആദർശ് എം.കെ.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പുതിയ സീസണിലെ ആദ്യ മത്സരത്തില്‍ വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഞെട്ടിക്കുന്ന തോല്‍വി.

എം.കെ.എം സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഹോം ടീം ഹള്‍ സിറ്റിയോടായിരുന്നു മാഞ്ചസ്റ്ററിന്റെ തോല്‍വി. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഹള്‍ സിറ്റി മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ അട്ടിമറിച്ചു.

പ്രീമിയര്‍ ലീഗില്‍ ഇതാദ്യമായാണ് ഹള്‍ സിറ്റി മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ പരാജയപ്പെടുത്തുന്നത്.

സെക്കന്‍ഡ് ഡിവിഷനില്‍ നിന്നും പ്രമോഷന്‍ ലഭിച്ച ആദ്യ മത്സരത്തില്‍ തന്നെ കഴിഞ്ഞ സീസണിലെ മൂന്നാം സ്ഥാനക്കാരെ ഞെട്ടിച്ചാണ് ടൈഗേഴ്‌സ് തിരിച്ചുവരവ് ആഘോഷമാക്കിയത്.

മത്സരത്തില്‍ 3-4-2-1 എന്ന ഫോര്‍മേഷനിലാണ് ഹള്‍ സിറ്റി കളത്തിലിറങ്ങിയത്. മറുവശത്ത് 4-2-3-1 എന്ന രീതിയില്‍ മൈക്കല്‍ കാരിക് തന്റെ കുട്ടികളെ കളത്തിലിറക്കി.

മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ഹള്‍ സിറ്റി ആക്രമിച്ചുകളിച്ചു. 15ാം മിനിട്ടില്‍ ഗോളെന്നുറപ്പിച്ച മാക്‌ബെര്‍ണിയുടെ ഹെഡ്ഡര്‍ ഗോള്‍ കീപ്പര്‍ ഒരു മികച്ച സേവിലൂടെ രക്ഷപ്പെടുത്തിയെന്ന് കരുതിയെങ്കിലും 17ാം മിനിട്ടില്‍ പ്രതിരോധ താരം സെമി അജായ്‌യിലൂടെ ഹോം ടീം ലീഡ് നേടി.

ഒരു മികച്ച മുന്നേറ്റത്തിലൂടെ ഗോളെന്നുറപ്പിച്ച ഷോട്ട് മാഞ്ചസ്റ്റര്‍ ഗോള്‍ കീപ്പര്‍ രക്ഷപ്പെടുത്തിയതില്‍ നിന്നും ലഭിച്ച കോര്‍ണര്‍ കിക്കാണ് അജായ് വലയിലെത്തിച്ചത്. കോര്‍ണറിന് പിന്നാലെയുണ്ടായ കൂട്ടപ്പൊരിച്ചിലിന് പിന്നാലെ ലഭിച്ച ഓപ്പണ്‍ ചാന്‍സില്‍ താരം അനായാസം വലകുലുക്കുകയായിരുന്നു.

ഗോള്‍ പിറക്കും മുമ്പ് സെലിബ്രേഷന്‍ ആരംഭിച്ച മാക്ബര്‍ണിയായിരുന്നു ആ നിമിഷത്തെ പ്രധാന കാഴ്ച.

ഒരു ഗോള്‍ വഴങ്ങിയതോടെ മാഞ്ചസ്റ്ററും പ്രത്യാക്രമണങ്ങള്‍ നടത്തി. ഹള്‍ ഗോള്‍മുഖം പലപ്പോഴും ആക്രമണ ഭീഷണി നേരിട്ടെങ്കിലും ഒന്നുപോലും വലയിലെത്തിക്കാന്‍ റെഡ് ഡെവിള്‍സിന് സാധിച്ചില്ല.

എന്നാല്‍ 38ാം മിനിട്ടില്‍ രണ്ടാം ഗോളും നേടി ഹള്‍ സിറ്റി ലീഡ് ഉയര്‍ത്തി. റീഗന്‍ സാല്‍ട്ടറെടുത്ത ഫ്രീ കിക്കില്‍ കൃത്യമായി തലവെച്ച് നോബിള്‍ മെന്‍ഡിയാണ് ഹോം ടീമിന്റെ ലീഡ് ഇരട്ടിയാക്കിയത്.

തുടര്‍ന്നും ആക്രമണങ്ങളുണ്ടായെങ്കിലും ഹാഫ് ടൈം വരെ ആര്‍ക്കും വലകുലുക്കാന്‍ സാധിക്കാതെ വന്നതോടെ ഹള്‍ രണ്ട് ഗോളിന്റെ ലീഡെടുത്തു.

രണ്ടാം പകുതിയില്‍ ഇരു പരിശീലകരും കാര്യമായ സബ്സ്റ്റിറ്റിയൂഷനുകള്‍ നടത്തിയെങ്കിലും ആ നീക്കങ്ങളൊന്നും തന്നെ ഗോളിലേക്കെത്തിയില്ല.

ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ റെഡ് ഡെവിള്‍സ് ഞെട്ടിക്കുന്ന പരാജയമേറ്റുവാങ്ങി.

ഈ മത്സരത്തിന് പിന്നാലെ ഇ.പി.എല്‍ പോയിന്റ് പട്ടികയില്‍ ഹള്‍ സിറ്റി രണ്ടാമതും യുണൈറ്റഡ് 19ാം സ്ഥാനത്തുമെത്തി. തങ്ങളുടെ ആദ്യ മത്സരം വിജയിച്ച ആഴ്‌സണലാണ് പട്ടികയില്‍ ഒന്നാമത്. എതിരില്ലാത്ത മൂന്ന് ഗോളിന് കോവെന്‍ട്രിയെയാണ് ഗണ്ണേഴ്‌സ് പരാജയപ്പെടുത്തിയത്.

പ്രീമിയര്‍ ലീഗില്‍ 29നാണ് ഹള്‍ സിറ്റിയുടെ അടുത്ത മത്സരം. കോവെന്‍ട്രിയാണ് എതിരാളികള്‍. അടുത്ത ദിവസം സ്വന്തം തട്ടകത്തില്‍ പ്രൊമോഷന്‍ നേടിയെത്തിയ ഇപ്‌സിച്ച് ടൗണിനെതിരെയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ എതിരാളികള്‍.

Content highlight: Premier League: Hull City defeated Manchester United

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more