| Tuesday, 9th June 2026, 8:56 am

വിവാഹിതരല്ലാത്തവരുടെ പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം സ്വഭാവ ദൂഷ്യമല്ല: സുപ്രീം കോടതി

നിഷാന. വി.വി

ന്യൂദല്‍ഹി: വിവാഹിതരല്ലാത്തവരുടെ പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം സ്വഭാവ ദൂഷ്യമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം കോടതി. ഇത് ഒരാളുടെ വ്യക്തിത്വത്തെയോ സ്വഭാവത്തെയോ ധാര്‍മികതയേയോ ചോദ്യം ചെയ്യാനുള്ള കാരണമായി കണക്കാക്കാനാവില്ലെന്നും കോടതി പറഞ്ഞു.

തെലങ്കാനയില്‍ പൊലീസ് കോണ്‍സ്റ്റബിളിന്റെ നിയമനം റദ്ദാക്കിയ കേസില്‍ വിധി പറയവെയായിരുന്നു കോടതിയുടെ പരാമര്‍ശം. ജസ്റ്റിസുമാരായ മനോജ് മിശ്ര, മന്‍മോഹന്‍ എന്നിവരടങ്ങിയ ബെ
ഞ്ചാണ് കേസ് പരിഗണിച്ചത്.

‘വിവാഹിതരല്ലാത്ത രണ്ട് മുതിര്‍ന്ന വ്യക്തികള്‍ തമ്മിലുള്ള പരപസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം. ആ ബന്ധത്തിലുള്ള വ്യക്തിയുടെ സ്വഭാവത്തെക്കുറിച്ച് ഒരു ധാരണ ഉണ്ടാക്കാന്‍ കാരണമാകാന്‍ പാടില്ല. പരസ്പര സമ്മതത്തോടെ വിവാഹം കഴിക്കാത്ത രണ്ട് മുതിര്‍ന്ന വ്യക്തികളെ അവരുടെ ഇഷ്ടപ്രകാരമുള്ള ബന്ധം വിലക്കുന്ന നിയമവുമില്ല,’ കോടതി പറഞ്ഞു.

2014ല്‍ രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസില്‍ തെലങ്കാന പൊലീസ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ഒരു യുവാവിന്റെ താല്‍ക്കാലിക നിയമനം റദ്ദാക്കിയിരുന്നു. വിവാഹ വാഗ്ദാനം നല്‍കി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന ആരോപണത്തെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നത്.

2015 ല്‍ ഒരു ലോക് അദാലത്തിന് മുമ്പാകെ കേസ് ഒത്തുതീര്‍പ്പാക്കുകയും തന്റെ അപേക്ഷാ ഫോമില്‍ ഉദ്യോഗാര്‍ത്ഥി കേസ് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നിട്ടും അദ്ദേഹത്തിന്റെ സ്വഭാവം ചോദ്യം ചെയ്തുകൊണ്ടാണ് നിയമന നടപടികളില്‍ നിന്ന് ഒഴിവാക്കിയത്. ഈ തീരുമാനത്തിന് എതിരെയായിരുന്നു യുവാവ് സുപ്രീം കോടതിയെ സമീപിച്ചത്.

പ്രായപൂര്‍ത്തിയായ അവിവാഹിതര്‍ ശാരീര ബന്ധത്തിലേര്‍പ്പെടുന്നത് സ്വാഭാവികമാണെന്നും എല്ലാ ബന്ധവും വിവിവാഹത്തില്‍ കലാശിക്കണമെന്നില്ലെന്നും കോടതി പറഞ്ഞു.

ഇന്ത്യന്‍ സമൂഹത്തില്‍ വിവാഹത്തിന് മുമ്പുള്ള ബന്ധങ്ങളെക്കുറിച്ച് വിവിധ സാമൂഹിക കാഴ്ചപ്പാടുകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും, നിയമത്തിന്റെ കണ്ണില്‍ പ്രായപൂര്‍ത്തിയായ വ്യക്തികള്‍ക്ക് അവരുടെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുക്കാനുള്ള അവകാശമുണ്ടെന്ന് സുപ്രീം കോടതി ഓര്‍മിപ്പിച്ചു.

ഗുരുതരമായ കുറ്റകൃത്യങ്ങളോ പൊതുജന വിശ്വാസത്തെ ബാധിക്കുന്ന കാര്യങ്ങളോ ഇല്ലെങ്കില്‍ സ്വകാര്യ ബന്ധങ്ങള്‍ ഒരു വ്യക്തിയുടെ തൊഴിലിനെ ബാധിക്കരുതെന്നും സുപ്രീം കോടതി പറഞ്ഞു.

Content Highlight: Premarital sex is not immoral; such relationships should not affect a person’s employment: Supreme Court

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more