തിയേറ്ററുകളിലെ സ്വീകാര്യത ഒ.ടി.ടിയിലും ആവര്‍ത്തിക്കുകയാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. ഓണം റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രം ബോക്‌സ് ഓഫീസിലെ സകല റെക്കോഡുകളും തകര്‍ത്തിരുന്നു. ഒ.ടി.ടിയില്‍ ഓവര്‍റേറ്റഡ് ടാഗ് നേടാതെ സോഷ്യല്‍ മീഡിയ മുഴുവന്‍ നിറഞ്ഞുനില്‍ക്കുകയാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്.
ചിത്രത്തിലെ ഓരോ സീനും ഡയലോഗും പല രൂപത്തില്‍ സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്. സംവിധായകന്‍ പോലും ഉദ്ദേശിക്കാത്ത റഫറന്‍സുകളും ഡയറക്ടര്‍ ബ്രില്യന്‍സും പൊളിറ്റിക്കല്‍ കറക്ട്‌നെസ്സുമെല്ലാം ഇഴകീറി പരിശോധിക്കുന്നവരും കുറവല്ല. ഇതിനിടയില്‍ ചില ക്രോസ് ഓവര്‍ വീഡിയോകളും ശ്രദ്ധ നേടുന്നുണ്ട്.
അത്തരത്തിലൊന്നാണ് ക്ലൈമാക്‌സുമായി ബന്ധപ്പെട്ട എഡിറ്റ് വീഡിയോ. പ്രശ്‌നങ്ങളെല്ലാം അവസാനിച്ച് ജസ്റ്റിനും ആഷ്‌ലിയും ഒന്നിക്കുന്ന സീനില്‍ ആഷ്‌ലിയുടെ അമ്മ അവരെ പിരിക്കാന്‍ വരുന്നുണ്ട്. എന്നാല്‍ ആഷ്‌ലിയുടെ അച്ഛന്‍ (ജയശങ്കര്‍ കാരിമുട്ടം) ബിജിയെ പിടിച്ചുമാറ്റുകയും ‘ഇപ്പോഴത്തെ പിള്ളേര്‍ നമ്മള്‍ പറയുന്നത് മാത്രം അനുസരിക്കുന്നവരല്ല’ എന്ന് പറഞ്ഞ് രംഗം ശാന്തമാക്കുകയാണ്. ഇതിനിടയില്‍ ഇടംകണ്ണിട്ട് ജസ്റ്റിനെ ചെറുതായി നോക്കുകയും ചെയ്യുന്നുണ്ട്.
ഈ സീനുമായി നിവിന്‍ പോളിയുടെ പ്രേമത്തെ കണക്ട് ചെയ്യുകയാണ് ട്രോളന്മാര്‍. പ്രേമത്തിലും ജയശങ്കര്‍ ചെറിയ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. നിവിന്‍ അവതരിപ്പിച്ച ജോര്‍ജിനെ ക്ലാസിന് പുറത്ത് നിര്‍ത്തുമ്പോള്‍ ജയശങ്കറിന്റെ പ്യൂണ്‍ കഥാപാത്രം വന്ന് മലര്‍ മിസ്സിനെ (സായ് പല്ലവി)കുറിച്ച് മോശമായി സംസാരിക്കുന്ന സീനുണ്ട്. ഇത് കേട്ട ജോര്‍ജ് പ്യൂണിനെ തല്ലി ചുമരിനോട് ചേര്‍ത്ത് നിര്‍ത്തി ‘മാതാ പിതാ ഗുരു ദൈവം എന്നല്ലേടോ’ എന്ന് മാസ് ഡയലോഗടിക്കുന്ന രംഗം ബെത്‌ലഹേമിന്റെ ക്ലൈമാക്‌സുമായി കൂട്ടിച്ചേര്‍ത്തിരിക്കുകയാണ്.
അന്നത്തെ അടിയുടെ ചൂട് ഇപ്പോഴും ഓര്‍മയുള്ളത് കൊണ്ടാണ് തങ്കച്ചന്‍ ഇടപെടാത്തതെന്നാണ് പലരുടെയും കമന്റ്. അന്ന് തല്ലിയപ്പോള്‍ ഭാവിയില്‍ അമ്മായി അപ്പനാകേണ്ട ആളാകുമെന്ന് നിവിന്‍ ഓര്‍ത്തില്ലെന്ന് കമന്റും ചിരിയുണര്‍ത്തുന്നു. ആരും ശ്രദ്ധിക്കാത്ത ഇത്തരം കണക്ഷനുകള്‍ തപ്പിയെടുത്തവരെ അഭിനന്ദിച്ചും കമന്റുകളുണ്ട്.
സ്‌ക്രീനില്‍ വന്നുപോകുന്ന ഓരോ കഥാപാത്രങ്ങള്‍ക്കും കൃത്യമായി സ്‌പെയ്‌സ് നല്‍കിയ മറ്റൊരു സിനിമ അടുത്ത കാലത്ത് വന്നിട്ടില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. എല്ലാവര്‍ക്കും കണക്ടാകുന്ന ഇത്തരം കഥാപാത്രങ്ങളെ സൃഷ്ടിച്ച ഗിരീഷ് എ.ഡിയെ അഭിനന്ദിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ക്കും കുറവില്ല. ഇനിയങ്ങോട്ട് കുറച്ച് ദിവസം ബെത്‌ലഹേം തന്നെയാകും പ്രധാന ചര്‍ച്ചാവിഷയം.
Content Highlight: Premam and Bethlehem Kudumba Unit crossover video viral