മോളിവുഡില്‍ സമീപകാലത്ത് വന്ന ഏറ്റവും മികച്ച റോം കോം സിനിമയാണ് പ്രേമലു. യുവതാരങ്ങളായ നസ്‌ലെനെയും മമിതയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഗിരീഷ് എ.ഡി അണിയിച്ചൊരുക്കിയ ചിത്രം ഭാഷാതിര്‍ത്തികള്‍ കടന്ന് ചര്‍ച്ചയായിരുന്നു. സാക്ഷാല്‍ രാജമൗലി വരെ പ്രേമലുവിനെ പ്രശംസിച്ച് രംഗത്തെത്തിയത് സിനിമാപ്രേമികളെ അത്ഭുതപ്പെടുത്തി.
മറ്റ് ഇന്‍ഡസ്ട്രിയില്‍ നല്ല സിനിമകള്‍ വന്നാല്‍ അതിനെ അപ്പോള്‍ തന്നെ റീമേക്ക് ചെയ്യുന്ന ബോളിവുഡ് പ്രേമലുവിനെയും വെറുതെ വിട്ടിട്ടില്ല. റീമേക്ക്‌വുഡ് എന്ന പേര് അന്വര്‍ത്ഥമാക്കും വിധം പ്രേമലുവിന്റെ റീമേക്കായ പ്രേം കീടാണുവിന്റെ ടീസര്‍ കഴിഞ്ഞദിവസം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. സിനിമാ പേജുകളില്‍ ഈ കീടാണുവാണ് പ്രധാന ചര്‍ച്ച.
പ്രേമലുവുമായി യാതൊരു ബന്ധവുമില്ലാത്ത സിനിമയെന്ന രീതിയിലാണ് ബോളിവുഡ് റീമേക്ക് ഒരുക്കിയതെന്ന് ട്രെയ്‌ലറില്‍ വ്യക്തമാണ്. 21 വയസുള്ള സച്ചിനും അമല്‍ ഡേവിസും ഹിന്ദിയിലേക്കെത്തിയപ്പോള്‍ 30 കഴിഞ്ഞവരായി. കണ്ടാല്‍ നല്ല പ്രായം തോന്നിക്കുന്ന നായകനെയാണ് സംവിധായകന്‍ സച്ചിനായി കാസ്റ്റ് ചെയ്തത്. വലിയ ട്രോളുകളാണ് ടീസറിന് ലഭിച്ചത്.
പ്രേമലുവിന്റെ റീമേക്ക് എന്ന് പറഞ്ഞിട്ട് സീനിയേഴ്‌സ് റീമേക്ക് ചെയ്തുവെച്ചിരിക്കുന്നു എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. പ്രേമലുവുമായി ഒരു ബന്ധവുമില്ലെന്നും നല്ലൊരു സിനിമയെക്കൂടി ബോളിവുഡ് റീമേക്ക് ചെയ്ത് നശിപ്പിക്കാന്‍ പോകുന്നു എന്നും കമന്റുകളുണ്ട്. കഥ മുഴുവന്‍ ഒരു കോളേജിലേക്ക് പറിച്ച് നട്ടിട്ടുണ്ടെന്നും ആദി അവിടുത്തെ സീനിയറായിരിക്കുമെന്നും ചിലര്‍ പ്രവചിക്കുന്നു.
‘ഈ ചവറ് പടത്തിന് വേണ്ടി പ്രേമലു ഹോട്ട്‌സ്റ്റാറില്‍ നിന്ന് റിമൂവ് ചെയ്തത് മോശം പരിപാടിയായി’, ‘പ്രേമലു 130 കോടി നേടി, റീമേക്കിന് 10 കോടിയെങ്കിലും കിട്ടിയാല്‍ ഭാഗ്യം’, ‘ഇന്റര്‍വെല്ലിന് ഒരു ഐറ്റം ഡാന്‍സും ക്ലൈമാക്‌സിലെ എയര്‍പോര്‍ട്ട് സീനില്‍ ഒരു ലിപ്‌ലോക്കും വെച്ചാല്‍ പക്കാ ബോളിവുഡ് ടച്ച് കിട്ടും’ എന്നിങ്ങനെയാണ് പ്രേം കീടാണു ടീസറിന് ലഭിക്കുന്ന കമന്റുകള്‍.
സ്‌കൈ ഫോഴ്‌സ് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ വീര്‍ പഹാരിയയാണ് പ്രേം കീടാണുവിലെ നായകന്‍. സ്ത്രീ 2വിലെല്ലാം കോമഡി താരമായി തിളങ്ങിയ അപാര്‍ശക്തി ഖുറാനയാണ് അമല്‍ ഡേവിസിനെ ഹിന്ദിയില്‍ അവതരിപ്പിക്കുന്നത്. പുതുമുഖമായ ആഫിയ സയേദാണ് ചിത്രത്തിലെ നായിക. അപൂര്‍വ് സിങ് സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബര്‍ രണ്ടിന് തിയേറ്ററുകളിലെത്തും.
Content Highlight: Premalu Hindi remake teaser getting trolls