മോളിവുഡില്‍ നിന്നും ഇന്നേവരെ റിലീസായ റോം-കോം ചിത്രങ്ങളില്‍ ടോപ് ടെന്‍ ലിസ്റ്റില്‍ എപ്പോഴും സ്ഥാനമുള്ള ചിത്രമാണ് ഗിരീഷ് എ.ഡി സംവിധാനം ചെയ്ത് 2024ല്‍ പുറത്തിറങ്ങിയ പ്രേമലു. ഭാവന സ്റ്റുഡിയോസ് നിര്‍മിച്ച് നസ്‌ലെന്‍, മമിത ബൈജു തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രം 150 കോടിയോളം നേടി വലിയ വിജയമായിരുന്നു തിയേറ്ററുകളില്‍ നിന്നും സ്വന്തമാക്കിയത്. ഇതേ ടീമില്‍ നിന്നും ഇപ്പോള്‍ പുറത്തിറങ്ങിയ ബെത്‌ലഹേം കുടുംബ യൂണിറ്റ് എന്ന ചിത്രവും റെക്കോഡ് കളക്ഷനുമായി തിയേറ്ററുകളില്‍ മുന്നേറുകയാണ്.
പ്രേമലു. Photo: Bhavana Studios
ചിത്രത്തിന്റെ വിജയാഘോഷങ്ങള്‍ക്കിടയിലും വലിയ രീതിയില്‍ സിനിമാലോകത്ത് ചര്‍ച്ചയായ വിഷയമായിരുന്നു പ്രേമലുവിന്റെ രണ്ടാം ഭാഗം. ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഉണ്ടാകുമെന്ന് അനൗണ്‍സ് ചെയ്തിരുന്നെങ്കിലും പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടാണ് ചിത്രം നടക്കില്ലെന്ന പ്രഖ്യാപനം പിന്നാലെയെത്തിയത്. കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച നസ്‌ലെന് രണ്ടാം ഭാഗത്തിന്റെ തിരക്കഥ ഇഷ്ടപ്പെടാത്തതാണ് കാരണമെന്ന് വാര്‍ത്തകളും പുറത്തുവന്നിരുന്നു.
ബെത്‌ലഹേമിന്റെ വിജയത്തിന് പിന്നാലെ ഗിരീഷ് എ.ഡി നല്‍കിയ അഭിമുഖത്തില്‍ നസ്‌ലെനെ പരോക്ഷമായി വിമര്‍ശിക്കുന്ന രീതിയില്‍ പറഞ്ഞ വാക്കുകളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ പ്രേമലുവിന്റെയും ബെത്‌ലഹേം കുടുംബ യൂണിറ്റിന്റെയും എഡിറ്ററായ ആകാശ് ജോസഫ് വര്‍ഗീസ്, പ്രേമലു 2 നടക്കാതെ പോയതിനെ കുറിച്ച പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
‘ഒരിക്കലും ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത സ്‌റ്റേജാണത്. യു.കെയിലെ ലൊക്കേഷന്‍ കാണുന്നതിനിടയിലാണ് ചിത്രം നടക്കില്ലെന്ന് ഫോണ്‍കോളും കാര്യങ്ങളുമെല്ലാം വരുന്നത്. എനിക്ക് തോന്നുന്നത് പ്രേമലുവിനെക്കാള്‍ കണക്ഷന്‍ രണ്ടാം ഭാഗത്തിന്റെ സ്‌ക്രിപ്റ്റിനുണ്ടായിരുന്നു. ആദിയുടെ ക്യാരക്ടറെല്ലാം ഭയങ്കര രസമായിരുന്നു. അതിന്റെ ക്ലൈമാക്‌സെല്ലാം വലിയ ഒരു പരിപാടിയായിരുന്നു.
എനിക്ക് തോന്നുന്നത് ഗിരീഷിന്റെ തന്നെ മറ്റ് ചിത്രങ്ങളില്‍ ഇതെല്ലാം വരാന്‍ സാധ്യതയുണ്ട്. നമുക്ക് ആദ്യഭാഗത്തിലെ ക്യാരക്ടേഴ്‌സിനെ കുറിച്ച് എല്ലാം അറിയുന്നത് കൊണ്ട് രണ്ടാം ഭാഗത്തില്‍ എന്താണ് ചെയ്യുന്നത് എന്ന് അറിയാനുള്ള എക്‌സൈറ്റ്‌മെന്റ് ഉണ്ടായിരുന്നു. അതിനാല്‍ തന്നെ സ്‌ക്രിപ്റ്റ് റീഡിങ് സെക്ഷനെല്ലാം ഭയങ്കര രസമായിരുന്നു.
പ്രേമലു. Photo: Bhavana Studios
കേരളം, ഹൈദരാബാദ്, യു.കെ, രാജസ്ഥാന്‍ തുടങ്ങി ഒരുപാട് ലൊക്കേഷന്‍ ചിത്രത്തിനുണ്ടായിരുന്നു. പുതിയ കഥാപാത്രങ്ങളും ഉണ്ടായിരുന്നു. അതില്‍ വര്‍ക്ക് ചെയ്യാന്‍ വേണ്ടി ആ സമയത്ത് ഞങ്ങളാരും വേറെ വര്‍ക്ക് ഒന്നും ഏറ്റെടുത്തിട്ടുണ്ടായിരുന്നില്ല. കാരണം ഇറക്കിയാല്‍ ഹിറ്റടിക്കുമെന്ന കാര്യം ഉറപ്പായിരുന്നു,’ സില്ലിമോങ്കസ് മോളിവുഡ് എന്ന യൂട്യൂബ് ചാനലില്‍ ആകാശ് പറഞ്ഞു.
Content Highlight: Premalu and Bethlehem Kudumba unit movie editor Akash talks about Premalu 2